മുഹമ്മ: കാർഷികവൃത്തി ആരംഭിക്കുവാൻ അനുയോജ്യമായ ദിവസമെന്ന് കരുതുന്ന പത്താമുദയ ദിവസം കഞ്ഞിക്കുഴിയിലെ കരപ്പാടങ്ങളിൽ നെൽകൃഷിക്ക് തുടക്കമായി.
പതിമൂന്നാം വാർഡിലെ പൊന്നിട്ടുശ്ശേരി പാടശേഖരത്തിൽ നെടുങ്ങാട്ടു വെളി രാധ മണിയന്റെ കൃഷിയിടത്തിൽ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ഗീതാ കാർത്തികേയൻ നെൽ വിത്തുവിതച്ചു. വൈസ് പ്രസിഡന്റ് അഡ്വ.എം. സന്തോഷ് കുമാർ സ്ഥിരം സമിതി അദ്ധ്യക്ഷരായ ബി. ബൈരഞ്ചിത്ത്, കെ. കമലമ്മ, കർമ്മസേന കൺവീനർ ജി.ഉദയപ്പൻ കൃഷി ഓഫീസർ റോസ്മി ജോർജ് , എന്നിവർ സംസാരിച്ചു. പരമ്പരാഗത വിത്തിനമായ വിരിപ്പും മുണ്ടകനുമാണ് പഞ്ചായത്ത് സൗജന്യമായി കർഷകർക്ക് നൽകിയത്.
കൂലിച്ചിലവ് സബ്സിഡിയും നീറ്റു കക്കയും കൃഷി പ്രോൽസാഹനത്തിന് നൽകും.തരിശു നിലങ്ങൾ കൃഷിയോഗ്യമാക്കുന്നതിന് സർക്കാർ സഹായവും ഉറപ്പു വരുത്തും.
കാരിക്കുഴി പാടശേഖരത്തിലെ പരമ്പരാഗത കർഷകരായ ഡോക്ടർ, വക്കീൽ സഹോദരങ്ങളായ ബാബുവിന്റെയും സരസപ്പന്റേയും പാടത്തും പത്താമുദയനാൾ കൃഷി ആരംഭിച്ചു. ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ഗീതാകാർത്തികേയൻ, വൈസ് പ്രസിഡന്റ് അഡ്വ.എം സന്തോഷ് കുമാർ എന്നിവർ ചേർന്നാണ് ഇവിടെ വിത്തുവിതച്ചത്.
ആർ. രവിപാലൻ, റോസ്മി ജോർജ് , ജി. ഉദയപ്പൻ, ജി.ഹരിദാസ് എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ കഞ്ഞിക്കുഴിയിൽ കൂടുതൽ കർഷകർ കൃഷി തുടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |