കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ദേശീയ ഫെഡറേഷൻ കപ്പ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ മൂന്നാം ദിനം മീറ്റ് റെക്കാഡ് സൃഷ്ടിച്ച് തമിഴ്‌നാടിന്റെ വിദ്യ രാംരാജ്. 400 മീറ്റർ ഹർഡിസിൽ 56.04 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഏഷ്യൻ മെഡൽജേതാവായ വിദ്യ റെക്കാഡിട്ടത്. 2019ൽ പാട്യാല മീറ്റിൽ സരിതാബെൻ ഗെയ്ക്ക്‌വാദ് കുറിച്ച 57.21 സെക്കൻഡാണ് തിരുത്തിയത്. സ്വർണനേട്ടത്തോടെ ഏഷ്യൻ ചാമ്പ്യൻഷിപ്പിനുള്ള യോഗ്യതയും സ്വന്തമാക്കിയ വിദ്യ 400 മീറ്ററിൽ വെള്ളി നേടിയിരുന്നു. കേരളത്തിന്റെ അനു രാഘവനാണ് വെള്ളി. 58.26 സെക്കൻഡിൽ അനു ഓടിയെത്തിയെങ്കിലും ഏഷ്യൻ യോഗ്യത നേടാനായില്ല. തമിഴ്‌നാടിന്റെ തന്നെ ആർ. അശ്വിനിക്കാണ് വെങ്കലം. 1മിനിട്ട് 02.41.
പുരുഷവിഭാഗത്തിൽ കർണാടകയുടെ പി. യശസിൻ സ്വർണം സ്വന്തമാക്കി (49.32 സെക്കൻഡ്. ). എന്നാൽ സെക്കൻഡുകളുടെ വ്യത്യാസത്തിൽ ഏഷ്യൻ യോഗ്യത നഷ്ടമായി. മലയാളി താരം ജാബിർ മത്സരിച്ചില്ല. വനിതാ ട്രിപ്പിൾ ജമ്പിൽ മഹാരാഷ്ട്രയുടെ നിഹാരിക വസിഷ്ഠ് സ്വർണം (13.49 മീറ്റർ) നേടി. ജെ.എസ്.ഡബ്ല്യുവിന്റെ മലയാളി താരം സാന്ദ്രാ ബാബുവിനാണ് വെള്ളി. 13.48. തൃശൂർ ചേലക്കര സ്വദേശിനി ഷീന എൻ.വി വെങ്കലവും (13.25) നേടി.
ക്യൂബൻ പരിശീലകൻ യൊയാൻഡ്രിസ് ബെറ്റൻസോസിന്റെകീഴിൽ സാന്ദ്രയുടെ തുടർച്ചയായ മൂന്നാം മെഡലാണിത്. കണ്ണൂർ കേളകം ഇല്ലിമുക്ക് തയ്യുള്ളതിൽ ടി.കെ ബാബു മിശ്രകുമാരി എന്നിവരാണ് സാന്ദ്രയുടെമാതാപിതാക്കൾ. 2017 ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവാണ് ഷീന. തിരുവനന്തപുരത്ത് കൃഷി വകുപ്പിൽ എൽ.ഡി ക്ലർക്കാണ്. തൃശൂർ ചേലക്കര നെല്ലിക്കൽ വർക്കിയുടെയും ശോശാമ്മയുമാണ് മാതാപിതാക്കൾ.
പുരുഷ വിഭാഗം 800 മീറ്റർ ഹീറ്റ്‌സിൽ വേഗമേറിയ സമയം (1:46.70) കണ്ടെത്തിയ റിലയൻസിന്റെ മലയാളി താരം പി .മുഹമ്മദ് അഫ്‌സൽ വീണ്ടും ഏഷ്യൻ യോഗ്യത മാർക്ക് മറികടന്നു. ഈ ഹീറ്റ്‌സിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയ ഉത്തരാഖണ്ഡിന്റെ അനുകുമാർ, മഹാരാഷ്ട്രയുടെ പ്രകാശ് ഗഡാഡെ എന്നിവരും ഏഷ്യൻ മാർക്ക് (1:47.77) മറികടന്നു. സമാപന ദിനമായ ഇന്ന് 800 മീറ്ററിലുൾപ്പെടെ 13 ഇനങ്ങളിലാണ് ഫൈനൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |