മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഒറ്റപ്പേരിലേക്ക് ചുരുങ്ങിയതായി സൂചന. കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തും ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയിയുമാണ് സീറ്റിൽ അവകാശവാദം ഉന്നയിച്ചിരുന്നത്. ജോയിയെ പിന്തുണച്ച് പി.വി. അൻവർ രംഗത്തുവന്നതോടെ രൂപപ്പെട്ട ആശങ്കയുടെ കാർമേഘം ഇന്നലെ കോൺഗ്രസ് നേതൃത്വം തിരുവനന്തപുരത്ത് നടത്തിയ ചർച്ചയോടെ പെയ്തു തീർന്നതായാണ് വിവരം. കോൺഗ്രസിന്റെ സീറ്റിൽ ആര് മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസ് നേതൃത്വമാണെന്നും ആരെ തീരുമാനിച്ചാലും പിന്തുണയ്ക്കുമെന്നും ചർച്ചയ്ക്ക് ശേഷം പി.വി. അൻവർ പ്രതികരിച്ചു. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥി ആക്കുന്നതിലെ പ്രധാന പ്രതികൂലഘടകമായി നിന്നിരുന്ന അൻവറിന്റെ പ്രതിഷേധം അനുനയത്തിലൂടെ ഇല്ലാതാക്കിയിട്ടുണ്ട്.
തൃണമൂൽ കോൺഗ്രസിലൂടെ യു.ഡി.എഫിൽ പ്രവേശനം നൽകുന്നതിലെ പ്രയാസങ്ങൾ കോൺഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടിയപ്പോൾ ഇത് അംഗീകരിച്ച അൻവർ പകരം ചില നിബന്ധനകൾ മുന്നോട്ടുവച്ചിട്ടുണ്ട്. കോൺഗ്രസിലും മുന്നണിയിലും ചർച്ച ചെയ്തു അറിയിക്കാമെന്നാണ് അൻവറിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേഷ് ചെന്നിത്തലയും അറിയിച്ചിട്ടുള്ളത്. ആർ.എം.പിയെ പോലെ പുറത്തുനിന്ന് സഹകരിക്കുന്ന പാർട്ടിയായി യു.ഡി.എഫിൽ തൃണമൂൽ തുടരും. യു.ഡി.എഫിൽ പ്രത്യേക ക്ഷണിതാവാക്കുമെന്ന ഉറപ്പും കോൺഗ്രസ് നൽകിയിട്ടുണ്ടെന്നാണ് വിവരം. മറ്റൊരു പാർട്ടി രൂപീകരിച്ചു വന്നാൽ സ്വീകരിക്കുന്നതിൽ പ്രയാസമില്ലെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചെങ്കിലും തൃണമൂലിന്റെ സംഘടനാ സംവിധാനമൊരുക്കാൻ നടത്തിയ ശ്രമങ്ങളും തനിക്കൊപ്പം വന്നവരുടെ വികാരങ്ങളും അൻവർ ധരിപ്പിച്ചു. പൊടുന്നനെ മറ്റൊരു പാർട്ടി രൂപീകരിച്ചാൽ ഉണ്ടായേക്കാവുന്ന പ്രചാരണങ്ങൾ തിരഞ്ഞെടുപ്പ് തൊട്ടു മുന്നിലെത്തിയിരിക്കെ ഗുണകരമാവില്ലെന്ന വിലയിരുത്തലുമുണ്ടായി.
സഹകരണം മാത്രമെന്നതിനോട് അൻവറിന് താത്പര്യമില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ താൻ അപ്രസക്തനായി പോവുമോ എന്ന ആശങ്കയിലാണ് ചില ഉറപ്പുകൾ കോൺഗ്രസ് നേതൃത്വത്തോട് അൻവർ തേടിയതെന്നാണ് വിവരം.
യു.ഡി.എഫുമായുള്ള സഹകരണം ഉറപ്പായ പശ്ചാത്തലത്തിൽ ഇനി തന്റെ ശക്തി തെളിയിക്കേണ്ട ഉത്തരവാദിത്വം അൻവറിന്റെ ചുമലിലുണ്ട്. വിജയിക്കാൻ കഴിയുന്ന അനുകൂല സാഹചര്യമാണ് മണ്ഡലത്തിലുള്ളതെന്ന് വിലയിരുത്തുന്ന കോൺഗ്രസ് സുരക്ഷിത ഭൂരിപക്ഷമാണ് അൻവറിലൂടെ പ്രതീക്ഷിക്കുന്നത്.
അൻവറിന്റെ പിന്തുണ യു.ഡി.എഫ് ക്യാമ്പിന് ഉണർവേകിയിട്ടുണ്ട്. യൂത്ത് ലീഗ് നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ഇന്നലെ നഗരത്തിൽ നോട്ടീസ് പ്രചാരണം തുടങ്ങി. കൈപ്പത്തി ചിഹ്നം മാത്രം അച്ചടിച്ചുള്ള നോട്ടീസിൽ സംസ്ഥാനത്തിന്റേയും നിലമ്പൂരിന്റെയും വികസനവും പൊതുപ്രശ്നങ്ങളുമാണ് ഉയർത്തിയിട്ടുള്ളത്.
ലീഗ് നേതാക്കളെ കാണും
മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് നേതൃത്വത്തെ ഇന്ന് ഉച്ചയ്ക്ക് ശേഷം പി.വി. അൻവർ കാണും. പി.കെ. കുഞ്ഞാലിക്കുട്ടി പങ്കെടുക്കും. സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതിലും യു.ഡി.എഫ് പ്രവേശനത്തിലും അൻവർ നടത്തിയ സമ്മർദ്ദം അതിരുകടന്നെന്ന വികാരം ലീഗിനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |