ന്യഡൽഹി : പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നയതന്ത്രതലത്തിലുള്ള ഇന്ത്യയുടെ തിരിച്ചടിയിൽ വിറപൂണ്ട് പാകിസ്ഥാൻ. സിന്ധു നദീജല കരാർ റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനമാണ് പാകസ്ഥാന് വൻ തിരിച്ചടിയായത്. ജലകരാർ റദ്ദാക്കാനുള്ള തീരുമാനം യുദ്ധസമാനമാണെന്നാണ് പാകിസ്ഥാന്റെ പ്രതികരണം, മുഖം രക്ഷിക്കാൻ ഇന്ത്യക്കെതിരെ ചില നടപടികളും ഇന്ന് ചേർന്ന പാകിസ്ഥാൻ സുരക്ഷാ കാര്യ സമിതിയോഗം എടുത്തു. ഇന്ത്യൻ വിമാനക്കമ്പനികൾക്ക് മുന്നിൽ വ്യോമ മേഖല അടയ്ക്കുമെന്നാണ് പാകിസ്ഥാൻ അറിയിച്ചിരിക്കുന്നത്. ഇതു കൂടാതെ വാഗ അതിർത്തി അടയ്ക്കാനും സിംല കരാർ മരവിപ്പിക്കാനും സുരക്ഷാസമിതി യോഗം തീരുമാനിച്ചു.
ഇന്ത്യയുമായുള്ള എല്ലാ വ്യാപാരവും പാകിസ്ഥാൻ നിറുത്തിവച്ചു. അതോടൊപ്പം കഴിഞ്ഞ ദിവസം ഇന്ത്യ ചെയ്തതുപോലെ ഇന്ത്യക്കാർക്കുള്ള എല്ലാ വിസകളും താത്കാലികമായി നിറുത്തിവച്ചു. ഇന്ത്യൻ ഹൈക്കമ്മിഷനിലെ സൈനിക ഉപദേഷ്ടാക്കൾ ഏപ്രിൽ 30നകം രാജ്യം വിടണമെന്നും പാകിസ്ഥാൻ ആവശ്യപ്പെട്ടു. സാർക്ക് വിസ ഇളവ് പദ്ധതിപ്രകാരം പാകിസ്ഥാനിലുള്ള ഇന്ത്യൻ പൗരൻമാർ 48 മണിക്കൂറിനുള്ളിൽ പുറത്തുപോകാൻ നിർദ്ദേശമുണ്ട്. സിഖ് തീർത്ഥാടകർക്ക് മാത്രമാണ് ഇക്കാര്യത്തിൽ ഇളവ് നൽകിയിരിക്കുന്നത്.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പാകിസ്ഥാനെതിരെ കൈക്കൊണ്ട നടപടികൾ പ്രാബല്യത്തിൽ വന്നു. ചികിത്സയ്ക്ക് അടക്കം പാക് പൗരൻമാർക്ക് നൽകിയ എല്ലാ വിസകളും റദ്ദാക്കാനാണ് തീരുമാനം. വിസ സേവനങ്ങൾ പൂർണമായി നിറുത്തിവയ്ക്കും. പഹൽഗാം ആക്രമണതക്തെ തുടർന്ന് സുരക്ഷയ്ക്കായുള്ള മന്ത്രിസഭാ സമിതിയോഗം എടുത്ത തീരുമാനങ്ങളെ തുടർന്നാണ് നടപടിയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |