കൊച്ചി: മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സ് 1000 രൂപ മുഖവിലയുള്ള 200 കോടി രൂപയുടെ ഓഹരികളാക്കി മാറ്റാനാവാത്ത സുരക്ഷിതമായ കടപ്പത്രങ്ങളുടെ (എൻ.സി.ഡി) പബ്ലിക് ഇഷ്യൂ തുടങ്ങി. 100 കോടി രൂപയുടെ അടിസ്ഥാന സമാഹരണവും ഇതോടൊപ്പം 100കോടി രൂപയുടെ വരെ അധിക സമാഹരണവും നടത്താനുള്ള അനുമതിയാണ് ലഭിച്ചിട്ടുള്ളത്. ഇന്നലെ ആരംഭിച്ച ഈ കടപ്പത്രങ്ങളുടെ വിൽപ്പന മെയ് ഏഴ് വരെ തുടരും. വ്യവസ്ഥകൾക്ക് അനുസൃതമായി ഇത് നേരത്തെ അവസാനിപ്പിക്കാനാകും. ഈ കടപ്പത്രങ്ങൾ ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്യും. വാർഷികാടിസ്ഥാനത്തിൽ കണക്കാക്കുമ്പോൾ 9.50 ശതമാനം മുതൽ 10.75 ശതമാനം വരെ പലിശ ലഭിക്കുന്ന വിവിധ വിഭാഗങ്ങളും കാലാവധികളും നിക്ഷേപകർക്ക് തിരഞ്ഞെടുക്കാം. 18 മാസം, 24 മാസം, 36 മാസം, 48 മാസം, 60 മാസം എന്നീ കാലാവധികളാണ് ലഭ്യമായിട്ടുള്ളത്. ഐ.സി.ആർ.എ യുടെ ഐസിആർഎ എ(സ്റ്റേബിൾ) റേറ്റിങ് ഉള്ളവയാണ് ഈ കടപ്പത്രങ്ങൾ.പത്ത് സംസ്ഥാനങ്ങളിലും ഡൽഹി, പുതുച്ചേരി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 921 ശാഖകളും 5335 ജീവനക്കാരുമാണ് മുത്തൂറ്റ് മിനിയ്ക്കുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |