സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ അനുദിനം വർദ്ധിക്കുന്ന സാഹചര്യത്തിൽ കേസുകളുടെ സ്വഭാവത്തിലും പ്രകടമായ മാറ്റങ്ങളുണ്ട് . കഴിഞ്ഞ ഒൻപത് വർഷത്തെ കണക്ക് പരിശോധിച്ചാൽ സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും കാര്യമായ വർദ്ധനവുള്ളതായി കാണാം. ഈ വർഷം ഫെബ്രുവരി വരെ 406 സൈബർ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2024ൽ കേസുകളുടെ എണ്ണം 3,581 ആയിരുന്നു. 2022ൽ 773 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2021 - 626, 2020 - 426, 2019 - 307, 2018 - 340, 2017 - 320, 2016-283 സൈബർ കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്തു.
വിവരസാങ്കേതിക വിദ്യയുടെ സ്വാധീനം കുറ്റകൃത്യങ്ങളിലും വലിയതോതിൽ പ്രതിഫലിക്കുന്നുണ്ട്. സൈബർ കുറ്റകൃത്യങ്ങൾ അന്വേഷണ സംവിധാനങ്ങളെപ്പോലും വെല്ലുവിളിക്കുന്ന നിലയിലേക്ക് മാറി. പ്രായഭേദമന്യേ ഡിജിറ്റൽ ലോകത്ത് വ്യാപരിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. വെർച്വൽ ബന്ധങ്ങൾ വ്യാപകമാകുകയും പരസ്പരം പരിചയമില്ലാത്തവർ തമ്മിൽ നേരിട്ട് കാണാതെയുള്ള ബന്ധം സാധാരണമാകുകയും ചെയ്തു.
കേസുകളുടെ
എണ്ണത്തിലും വർദ്ധനവ്
കുട്ടികൾ, വിദ്യാർത്ഥികൾ, മുതിർന്നവർ, വീട്ടമ്മമാർ തുടങ്ങി തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം സൈബർ ഇടങ്ങളിൽ വർദ്ധിച്ചു വരികയാണ്. വിദേശ വിദ്യാഭ്യാസത്തിനുള്ള അവസരം, തൊഴിൽ എന്നിവ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത നിരവധി കേസുകളും അടുത്ത കാലത്തായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രായവ്യത്യാസമുള്ളവരുമായുള്ള ഇത്തരം വെർച്വൽ ഇടപെടലുകൾ കുട്ടികളിൽ പല നിലയിലുള്ള മാനസികപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ കൂട്ടുപിടിച്ച് പെൺകുട്ടികളെ തെറ്റിദ്ധരിപ്പിച്ച് പീഡനത്തിനും ബ്ലാക്ക് മെയിലിംഗിനും ഇരയാക്കുന്ന സംഘങ്ങളും നാട്ടിലുണ്ട്. പണം വച്ച് കളിക്കുന്ന ഓൺലൈൻ ഗെയിമുകളിൽ ആസ്വാദനം കണ്ടെത്തുന്ന കുട്ടികൾ ധനസമ്പാദനത്തിനായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സാഹചര്യത്തെക്കുറിച്ചും ചില പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.
മൊബൈൽ ഫോൺ അടക്കം ഇന്റർനെറ്റ് സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഏതൊരു ഇലക്ട്രോണിക്സ് ഉപകരണം വഴിയുള്ള ഉപദ്രവവും സൈബർ ബുള്ളിയിംഗിന്റെ പരിധിയിൽ വരുന്നതാണ്. അപകീർത്തിപ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമുള്ള ഇ മെയിലുകൾ, മോർഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും അശ്ലീല ചിത്രങ്ങളും വീഡിയോകളും, അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ഇവയെല്ലാം സൈബർ കുറ്റകൃത്യങ്ങളിൽ പെടുന്നവയാണ്. സൈബർ ഭീഷണി ആർക്ക് നേരെയും എപ്പോൾ വേണമെങ്കിലും സംഭവിക്കാം.
സമൂഹമാദ്ധ്യമത്തിലൂടെ ആളുകൾക്ക് ഏതൊരു ചിത്രവും വീഡിയോയും പോസ്റ്റ് ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യമുണ്ട്. ഇത്തരത്തിൽ പുറത്ത് വിടുന്ന അശ്ലീല ചിത്രങ്ങളും വീഡിയോകളും വളരെ വേഗത്തിൽ നിരവധി പേരിലേക്ക് എത്തുകയും ചെയ്യും. പോസ്റ്റുകൾക്ക് താഴെ വരുന്ന കമന്റുകളും ഇത്തരം കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണെന്നതും ലജ്ജാകരമാണ്.
മൊബൈൽ ഫോൺ, വാട്സ്ആപ്പ്, സ്കൈപ്പ്, ഇന്റർനെറ്റ്, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയവയെല്ലാം നിത്യജീവിതത്തിന്റെ ഭാഗമായിത്തീർന്ന സാഹചര്യത്തിൽ ഇവ ഉപയോഗിക്കുന്നവർ അതീവ ജാഗ്രത പാലിക്കുക മാത്രമാണ് പോംവഴി. അശ്രദ്ധമായ ഇന്റർനെറ്ര് ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കും.
ഇൻഫർമേഷൻ ടെക്നോളജി ആക്ട്, ഐ.പി.സിയിലെ വിവിധ വകുപ്പുകൾ, കേരള പൊലീസ് ആക്ട് എന്നിവ പ്രകാരം സൈബർ കുറ്റവാളികൾക്കെതിരെ കേസെടുക്കാം. വിവരസാങ്കേതികവിദ്യാ നിയമം അനുസരിച്ച് ഒരു വ്യക്തിയെക്കുറിച്ച് ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലൂടെ ദുഷ്പ്രചാരണം നടത്തുന്നതും സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതും കൈമാറുന്നതും മൂന്ന് വർഷം വരെ തടവും അഞ്ചുലക്ഷം വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. കുറ്റം ആവർത്തിക്കുന്നവർക്ക് അഞ്ച് വർഷം വരെ തടവും 10 ലക്ഷം പിഴയും ശിക്ഷ ലഭിക്കും. തെളിവുകളായി സ്ക്രീൻ ഷോട്ട്, ശബ്ദ റെക്കാർഡ് സഹിതം ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ, https://cyberdome.kerala.gov.in, https://cybercrime.gov.in തുടങ്ങിയ വെബ്സൈറ്റുകളിലൂടെയോ പരാതി നൽകാം. 112 ആണ് സൈബർ കുറ്റകൃത്യങ്ങൾ അറിയിക്കാനുള്ള ടോൾ ഫ്രീ നമ്പർ.
ഭീഷണിയിൽ വീഴരുത്
പ്രണയബന്ധങ്ങളിൽ വിള്ളലുണ്ടാകുമ്പോഴാണ് പങ്കാളിയിൽ നിന്ന് പൊതുവേ ഭീഷണിയുടെ തുടക്കം. ഇത്തരത്തിലുണ്ടാകുന്ന ഭീഷണികളെക്കുറിച്ച് തുടക്കത്തിൽ തന്നെ മാതാപിതാക്കളോടോ സഹോദരങ്ങളോടോ സുഹൃത്തുക്കളോടോ പറയണം. വിഷയം കൈകാര്യം ചെയ്യുന്നവർ ഇരയെ കുറ്റപ്പെടുത്താതെ ധൈര്യം പകർന്ന് കൊടുക്കണം. സൈബർ കെണിയിൽ അകപ്പെട്ട് മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരെ കൗൺസിലിംഗിന് വിധേയമാക്കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും ശ്രമിക്കണം. അധിക്ഷേപങ്ങളിൽ തളരാതെ ശക്തമായി പ്രതിരോധിക്കുകയാണ് ചെയ്യേണ്ടത്. കാലാനുസൃതമായ പുരോഗതിയ്ക്കായി നാം ഉപയോഗിക്കുന്ന നൂതന സാങ്കേതികവിദ്യകൾ നമ്മുടെ ശത്രുക്കളായി മാറാതിരിക്കാൻ ശ്രദ്ധിക്കണം. പലരും സമൂഹത്തിന് മുന്നിൽ വിചാരണ ചെയ്യപ്പെടുമോ എന്ന ഭയത്താൽ പരാതി നൽകാൻ തയ്യാറാകില്ല. കേസുകൾ തീർപ്പാക്കാനെടുക്കുന്ന കാലതാമസം, കേസ് നടത്തിപ്പിൽ നേരിടേണ്ടിവരുന്ന ക്ലേശങ്ങൾ എന്നിവയും സൈബർ കേസുകളെ കൂടുതൽ സങ്കീർണമാക്കുന്നു. രാജ്യം നമുക്ക് നൽകുന്ന അവകാശങ്ങളേയും ആനുകൂല്യങ്ങളേയും കുറിച്ച് ഓരോരുത്തരും വ്യക്തമായി അറിഞ്ഞിരിക്കണം. ഈ അവബോധം ഉണ്ടെങ്കിലേ സൈബർ ചൂഷണങ്ങളിൽ നിന്നും ശാക്തീകരണത്തിലേക്ക് കുതിക്കാൻ കഴിയൂ. തെറ്റ് ചെയ്യുന്നവരാണ് ശിക്ഷിക്കപ്പെടേണ്ടത്, ഇരകളല്ല. ഈ ധാരണ ചെറുപ്പത്തിലേ വളർത്തിയെടുക്കാനായാൽ സൈബർ കുറ്റകൃത്യങ്ങളിൽ അകപ്പെട്ട് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കുറയ്ക്കാൻ സാധിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |