കരസേനാ മേധാവി കാശ്മീരിൽ
നിയന്ത്രണ രേഖയിൽ വെടിവയ്പ്
ബി.എസ്.എഫ് ജവാനെ വിട്ടു കിട്ടിയില്ല
ന്യൂഡൽഹി: പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച തലകൾ തന്നെ ഉന്നം വയ്ക്കുന്ന ഇന്ത്യ തിരിച്ചടി തുടങ്ങി. കാശ്മീരിലെ ഒളിസങ്കേതത്തിൽ കഴിയുകയായിരുന്ന പാക് ഭീകര സംഘടനയായ ലഷ്കർ ത്വയ്ബയുടെ കമാൻഡർ അൽതാഫ് ലല്ലിയെ വധിച്ചു.
ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ കോൾനാർ അജാസ് പ്രദേശത്തെ ഒളിസങ്കേതത്തിലായിരുന്നു ഭീകരൻ. വെടിവയ്പിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.
പഹൽഗാം ആക്രമണത്തിൽ പങ്കുള്ള ആദിൽ ഹുസൈൻ തോക്കർ, ആസിഫ് ഷെയ്ഖ് എന്നീ ഭീകരരുടെ ജമ്മുകാശ്‌മീരിലെ വീടുകൾ ബോംബു വച്ച് തകർത്തു. ഇത്തരത്തിലൊരു നടപടി ആദ്യമായാണ്. വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങളെ മാറ്റിയശേഷമാണ് വ്യാഴാഴ്ച രാത്രി വസതികൾ തകർത്തത്. ഈ ഭീകരൻമാരുടെ തലയ്ക്ക് 20 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.
അതിർത്തിക്കപ്പുറത്ത് പാക്ഭീകരരുടെ ക്യാമ്പുകളിലുള്ളവർ ജീവനും കൊണ്ട് പലായനം ചെയ്യുന്നെന്ന് റിപ്പോർട്ടുണ്ട്.
പഹൽഗാമിലെ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചെന്ന് കരുതുന്ന പാക് പൗരനായ ഹാഷിം മൂസ (സുലൈമാൻ സഹായി), അലി തൽഹ എന്നിവർക്കായി വ്യാപക തെരച്ചിൽ തുടരുകയാണ്.
ജമ്മു കാശ്മീരിലെത്തിയ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, ലെഫ്റ്റനന്റ് ഗവർണർ മനോജ് കുമാർ സിൻഹയുമായി കൂടിക്കാഴ്ച നടത്തി. കരസേനയുടെ നോർത്തേൺ കമാൻഡ് ആസ്ഥാനത്ത് ലഫ്റ്റനന്റ് ജനറൽ എം.വി.സുചീന്ദ്ര കുമാറുമായി സുരക്ഷാ സാഹചര്യം അവലോകനം ചെയ്തു.
ഇന്നലെ പുലർച്ചെ, നിയന്ത്രണ രേഖയിലെ ചില സ്ഥലങ്ങളിൽ പാകിസ്ഥാൻ സൈനികർ വെടിയുതിർത്തപ്പോൾ ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. കഴിഞ്ഞ ദിവസം പഞ്ചാബിലെ ഫെറോസ്‌പൂരിൽ അബദ്ധത്തിൽ നിയന്ത്രണരേഖ കടന്ന പശ്ചിമബംഗാൾ സ്വദേശിയായ ബി.എസ്.എഫ് ഭടൻ പർണാം കുമാർ ഷായെ വിട്ടയയ്ക്കാൻ പാകിസ്ഥാൻ തയ്യാറായില്ല.
വിദേശകാര്യ മന്ത്രാലയം
തിരക്കിട്ട നീക്കങ്ങളിൽ
യു.എസ് ചാർജ് ഡി അഫയേഴ്‌സ് ജോർഗൻ കെ ആൻഡ്രൂസ്, ഇസ്രായേൽ അംബാസഡർ റൂവൻ അസർ എന്നിവരെ ഡൽഹി സൗത്ത് ബ്ലോക്കിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഓഫീസിൽ വിളിച്ചുവരുത്തി സ്ഥിതിഗതികൾ ബോധ്യപ്പെടുത്തി.
ഭീകര പ്രവർത്തനം ഞങ്ങളുടെ പിഴ;
തുറന്നു സമ്മതിച്ച് പാക് മന്ത്രി
പാകിസ്ഥാൻ ഭീകരപ്രവർത്തനങ്ങളെ പിന്തുണച്ചെന്നും അതിന്റെ പ്രത്യാഘാതം അനുഭവിക്കുകയാണെന്നും പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് തുറന്നു സമ്മതിച്ചു.
ഇന്ത്യയിൽ ഭീകരപ്രവർത്തനം നടത്താൻ ധനസഹായവും പിന്തുണയും നൽകിയെന്നും പറഞ്ഞു. അതേസമയം, പഹൽഗാം ആക്രമണത്തിൽ പങ്കില്ലെന്നും നിലപാടെടുത്തു.
ബ്രിട്ടനിലെ സ്‌കൈ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഏറ്റുപറച്ചിൽ.
മൂന്ന് പതിറ്റാണ്ട് മുൻപ് അമേരിക്കയ്ക്കുവേണ്ടിയും ബ്രിട്ടൻ അടക്കം പാശ്‌ചാത്യ രാജ്യങ്ങൾക്കും വേണ്ടിയും വൃത്തികെട്ട ജോലി ചെയ്തു. ഭീകരർക്ക് പിന്തുണയും പരിശീലനവും ധനസഹായവും നൽകി. അത് തെറ്റായിരുന്നു, അതിന് ഞങ്ങൾക്ക് വലിയ വില നൽകേണ്ടി വന്നു.
ഭീകരർ സ്വാതന്ത്ര്യ സമര
സേനാനികൾ: പാകിസ്ഥാൻ
പഹൽഗാമിൽ ആക്രമണം നടത്തിയവർ സ്വാതന്ത്ര്യ സമര സേനാനികളെന്ന് പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ.
പഹൽഗാമിൽ ആക്രമണം നടത്തിയവർ ആരാണെന്ന് ഞങ്ങൾക്ക് അറിയില്ല. ഒരുപക്ഷേ അവർ സ്വാതന്ത്ര്യ സമര സേനാനികളായിരിക്കാം.ഇസ്ലാമാബാദിൽ പാകിസ്ഥാൻ മന്ത്രിമാർക്കും ദേശീയ സുരക്ഷാ സമിതി ഉദ്യോഗസ്ഥർക്കുമൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് ദാറിന്റെ പരാമർശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |