കാളികാവ്: അഞ്ചരക്കോടി മുടക്കി അഞ്ചുവർഷം മുമ്പ് കാളികാവിൽ രണ്ടാമത്തെ പാലം പണിതിട്ടും പാലത്തിൽ കയറാൻ ബസ്സുകൾക്ക് പേടി. അതിനാൽ കാളികാവിലെ പഴയ പാലത്തിലെ ഗതാഗത കുരുക്കിന് ഇനിയും അറുതിയായില്ല . വീതിയില്ലാത്ത പഴയ പാലത്തിലെ തിരക്കു കാരണം ഗതാഗതക്കുരുക്കും നിത്യ സംഭവം.
പുതിയ പാലം തുറക്കുന്നതോടെ കാളികാവിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി വൺവേ ട്രാഫിക് ഏർപ്പെടുത്തുമെന്ന വാക്കും പാലിച്ചിട്ടില്ല. കാളികാവിലെത്തുന്ന നൂറിലേറെ ബസ്സുകളിൽ ഒന്നും പുതിയ പാലത്തിലൂടെ സർവ്വീസ് നടത്തുന്നില്ല. ഇതാണ് ഗതാഗത തടസ്സങ്ങൾക്ക് പ്രധാനകാരണം.
2012 ൽ അന്നത്തെ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി തറക്കല്ലിട്ട പാലം 2017 ൽ അന്നത്തെ ഗതാഗതമന്ത്രി ജി. സുധാകരനാണ് ഉദഘാടനം ചെയ്തത്. പാലത്തിനും അപ്രോച്ച് റോഡിനുമായി അഞ്ചരക്കോടിയാണ് ചെലവഴിച്ചത്.
അത്യാധുനിക രീതിയിൽ പണിത പുതിയപാലത്തിലൂടെ ചെറുകിടവാഹനങ്ങൾ മാത്രമാണ് സർവ്വീസ് നടത്തുന്നത്.
പുതിയ പാലത്തിലൂടെ ബസ് സർവ്വീസ് നടത്താത്തത് പാലത്തിന് ആർ.ടി.ഒ യുടെ ഫിറ്റ്നസ് ലഭിച്ചിട്ടില്ലാത്തതിനാലാണെന്ന് ഡ്രൈവർമാർ പറയുന്നു.
കാളികാവിലേക്ക് എത്തുന്ന ബസ്സുകൾക്ക് അനുവദിച്ച റൂട്ട് കാളികാവ് പഴയ പാലത്തിലൂടെയാണ്. അതിനാൽ പുതിയ പാലത്തിലൂടെ ബസ്സുകൾക്ക് സർവ്വീസ് നടത്തേണ്ടതില്ല. പുതിയ പാലത്തിലൂടെ കയറി ചെത്ത് കടവ് റോഡിലൂടെ സർവ്വീസ് നടത്തുന്നതിനിടെ അപകടം സംഭവിച്ചാൽ ഇൻഷ്വർ കമ്പനികൾ കൈമലർത്തും എന്നതാണ് പ്രശ്നം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |