കൊച്ചി: പൊലീസ് പിടികൂടിയ വാറന്റ് പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചയാൾ അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ തേവര പെരുമാനൂർ കോണത്തുപറമ്പ് വീട്ടിൽ പ്രണവാണ് (30) എറണാകുളം സൗത്ത് പൊലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം.
എറണാകുളം സെൻട്രൽ സ്റ്റേഷനിൽ 2019ൽ രജിസ്റ്റർചെയ്ത അടിപിടിക്കേസിൽ പ്രതിയായ തേവര സ്വദേശി അമൽജിത്ത് ജാമ്യത്തിലിറങ്ങി മുങ്ങിനടക്കുകയായിരുന്നു. കഴിഞ്ഞദിവസം എറണാകുളം മജിസ്‌ട്രേറ്റ് കോടതി ഇയാൾക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നു. പിന്നീട് ഇയാളെ തേവരയിലെ ബിവറേജിന് മുന്നിൽ നിന്ന് പൊലീസ് പിടികൂടി.
മദ്യം വാങ്ങി വരികയായിരുന്ന പ്രണവ് അയൽവാസികൂടിയായ അമൽജിത്തിനെ പൊലീസ് ദേഹപരിശോധന നടത്തുന്നത് കണ്ട് തട്ടിക്കയറി. മദ്യലഹരിയിൽ ഇയാൾ നാടകീയരംഗങ്ങൾ സൃഷ്ടിച്ചു. ഈ തക്കത്തിൽ അമൽജിത്ത് ഓടി രക്ഷപ്പെട്ടു. പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചതിനുമുള്ള വകുപ്പുകളാണ് ചുമത്തിയത്. കോടതിയിൽ ഹാജരാക്കി. അമൽജിത്തിനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും സൗത്ത് സി.ഐ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |