വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമ്മാണം അടുത്തമാസം രണ്ടാം വാരത്തിൽ ആരംഭിക്കും. 2028ൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പുലിമുട്ടിന്റെ നീളം വർദ്ധിപ്പിക്കാനായി കരിങ്കല്ലുകൾ നേരത്തെ സംഭരിച്ചിട്ടുണ്ട്. ബാർജുകൾ, ട്രഡ്ജറുകൾ എന്നിവ വിഴിഞ്ഞത്ത് എത്തിച്ചു.
രണ്ടാം ഘട്ടത്തിൽ 600 മീറ്റർ വീതമുള്ള രണ്ട് ബെർത്തുകളും 250 മീറ്ററിന്റെ ഒരു ലിക്വിഡ് ബെർത്തും പുലിമുട്ടിനോട് ചേർന്ന് നിർമ്മിക്കും. കാർഗോ ഷിപ്പുകൾക്കും കോസ്റ്റ് ഗാർഡ്, ആഡംബര കപ്പൽ എന്നിവയ്ക്കും ഇവിടെ ബെർത്ത് ചെയ്യാനാകും. അടിയന്തര ഘട്ടത്തിൽ എത്തുന്ന കപ്പലുകൾക്കും ഇവിടെ സൗകര്യമൊരുക്കും.
കപ്പലുകൾക്ക് ബങ്കറിംഗ് സൗകര്യത്തിനായാണ് ലിക്വിഡ് ബെർത്ത് നിർമ്മിക്കുന്നത്. ഇതിലേക്ക് ഇന്ധനം എത്തിക്കുന്നതിന് മുല്ലൂർ ക്ഷേത്ര സമീപത്ത് ടാങ്ക് സ്ഥാപിക്കും. ഇവിടെ നിന്ന് പൈപ്പ് വഴി കടലിനടിയിലൂടെയോ പുലിമുട്ടിനു മുകളിലൂടെയോ ലിക്വിഡ് ബെർത്തിലേക്ക് ഇന്ധനം എത്തിക്കും.
നിലവിൽ രണ്ട് മദർഷിപ്പുകളെ ഒരേസമയം ബെർത്തിൽ അടുപ്പിക്കാനാകും. രണ്ടാംഘട്ടം പൂർത്തിയാകുമ്പോൾ നാല് മദർഷിപ്പുകൾക്ക് ഒരേസമയം ബെർത്ത് ചെയ്യാനാകും. ഫീഡർ വെസലുകളാണെങ്കിൽ ഒരേസമയം 8മുതൽ 10വരെയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |