കൊച്ചി: കഞ്ചാവ് കേസിൽ റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിക്ക് ജാമ്യം. ഫ്ളാറ്റിൽ നിന്ന് ആറുഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിലാണ് വേടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. പിടിച്ചെടുത്ത കഞ്ചാവിന്റെ അളവ് കുറവായതിനാലാണ് സ്റ്റേഷൻ ജാമ്യം കിട്ടിയത്. വേടനൊപ്പം കേസിൽ അറസ്റ്റിലായ മ്യൂസിക് ബാൻഡിലെ അംഗങ്ങളായ എട്ടുപേരെയും ജാമ്യത്തിൽവിട്ടു.
അതിനിടെ വേടന്റെ മാലയിലുണ്ടായിരുന്നത് പുലിപ്പല്ല് തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ വനംവകുപ്പ് വേടനെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പുൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വേടന്റെ ഫ്ളാറ്റിൽ നടത്തിയ പരിശോധനയിൽ ഒരു വടിവാളും വാക്കത്തിയും പൊലീസ് കണ്ടെടുത്തി. ഇതും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്ന് രാവിലെ വേടന്റെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ ഏഴ് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് ഫ്ളാറ്റിൽ എത്തിയപ്പോൾ ഇവിടെ വേടൻ ഉൾപ്പെടെ ഒമ്പതുപേരുണ്ടായിരുന്നു. പൊലീസിന്റെ വേട്ടയാടലാണോയെന്ന് ചോദ്യത്തിന് അല്ലയെന്നായിരുന്നു വേടൻ മാദ്ധ്യമങ്ങളോട് മറുപടി പറഞ്ഞത്. വെെദ്യ പരിശോധന പൂർത്തിയാക്കി വേടനെ ഹിൽപാലസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. 'എല്ലാം പറയാം വരട്ടെ' എന്നും വേടൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കഞ്ചാവ് പിടിച്ചതിന് പിന്നാലെ ഫ്ളാറ്റിൽ നടത്തിയ വിശദമായ പരിശോധനയിലാണ് മാലയിലെ പുലിപ്പല്ലും ആയുധങ്ങളും കണ്ടെത്തിയത്. മാലയിലെ പുലിപ്പല്ല് തായ്‌ലാൻഡിൽ നിന്ന് കൊണ്ടുവന്നതാണെന്നായിരുന്നു വേടന്റെ മൊഴി. ഇതോടെയാണ് കണ്ടെടുത്തത് പുലിപ്പല്ല് തന്നെയാണെന്ന് സ്ഥിരീകരിച്ചത്. ഫ്ളാറ്റിലെ പരിശോധനയിൽ 9.5 ലക്ഷം രൂപയും ഒമ്പത് മൊബെെൽ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |