പത്തനംതിട്ട: വിദേശത്ത് ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ജില്ലാ പൊലീസ് മേധാവിയ്ക്ക് മാസ് പെറ്റീഷൻ നൽകി പരാതിക്കാർ. മുൻപ് പരാതി നൽകിയ പന്ത്രണ്ട് പേരിൽ പത്തുപേരടങ്ങിയ സംഘം ഇന്നലെ എസ്.പി ഓഫീസിൽ ഒരുമിച്ചെത്തിയാണ് പരാതി നൽകിയത്. ഇവരിൽ നിന്ന് 40 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. റാന്നി കേന്ദ്രമാക്കി പ്രവർത്തിയ്ക്കുന്ന ഹോളി ലാൻഡ് കൺസൾട്ടൻസി എന്ന റിക്രൂട്ട്മെന്റ് ഏജൻസി ഉടമ ജോമോൻ ടി.ജോൺ ആണ് തട്ടിപ്പ് നടത്തിയത്. ഇസ്രായേൽ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്ക് വിസ നൽകാമെന്ന് പറഞ്ഞാണ് പണം കൈപ്പറ്റിയത്. വ്യാജനിയമന കത്തും വ്യാജ വിസയും നൽകിയാണ് ഇയാൾ പരാതിക്കാരെ കബളിപ്പിച്ചത്. ജോലിയ്ക്ക് പോകാൻ കഴിയാതെ വന്നപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. എസ്.പി ഓഫീസിൽ നൽകിയ പരാതി റാന്നി ഡി വൈ.എസ്.പിക്ക് കൈമാറി. അൻപതിനായിരം രൂപ മുതൽ പതിനഞ്ച് ലക്ഷം വരെ നഷ്ടപ്പെട്ടവർ ഉണ്ട്. പൈസ നൽകാമെന്ന് പറഞ്ഞ് പലർക്കും ചെക്ക് നൽകിയും പറ്റിച്ചിട്ടുണ്ട്. തട്ടിപ്പ് കേസിൽ ഇയാൾ മുമ്പ് അറസ്റ്റിലായെങ്കിലും റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങി. ജോമോൻ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. കാസർകോഡ്, കണ്ണൂർ, കോഴിക്കോട്, എറണാകുളം, പത്തനംതിട്ട സ്വദേശികളാണ് പരാതിക്കാർ. ഇതിൽ കോട്ടയം സ്വദേശിയായ റാണിയിൽ നിന്ന് പതിനഞ്ച് ലക്ഷവും എറണാകുളം സ്വദേശി ഷൈനിയുടേയും ഭർത്താവ് പ്രിൻസിന്റേയും പന്ത്രണ്ട് ലക്ഷം രൂപയും ജോമോൻ വാങ്ങിയിട്ടുണ്ട്. മറ്റുള്ളവരിൽ നിന്ന് ഒന്നും രണ്ടും ലക്ഷം രൂപയാണ് കൈപ്പറ്റിയിരിക്കുന്നത്. മേഴ്സി ഷാജി, ബിൻസി ജോർജ്, വി.കെ.അമൽ, എം.വി.ദിലീപ്, പി.കെ.അജിത് കുമാർ, ജോർജ്കുട്ടി ജോർജ്, ജോസഫ് പ്രിൻസ്, ഷാജൻ തോമസ്, ഷോബിത്ത്, സിബിൻ വർഗീസ് എന്നിവരാണ് ഇന്നലെ പരാതിയുമായി രംഗത്ത് വന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |