സഹായിക്കാൻ ചൈന, തുർക്കി
ഇന്ത്യയ്ക്കൊപ്പമെന്ന് ആവർത്തിച്ച് യു.എസ്
ന്യൂഡൽഹി: പഹൽഗാമിലെ ക്രൂരതയ്ക്ക് ഇന്ത്യ പകരംവീട്ടുമെന്ന് ഉറപ്പായതോടെ പേടിച്ചുവിറച്ച് ചൈനയുടെ തണലിൽ അഭയം തേടി പാകിസ്ഥാൻ. ഇന്ത്യൻ ആക്രമണം ഏതുസമയത്തും ഉണ്ടാകുമെന്ന് പാക് പ്രതിരോധമന്ത്രി വിദേശ വാർത്താ ചാനലിനോട് പറയുകയും ചെയ്തു.
അതേസമയം, കനത്ത പ്രഹരത്തിന് കളമൊരുക്കാൻ ഡൽഹിയിൽ നിർണായക ചർച്ചകൾ സജീവമാണ്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ രണ്ടുതവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് അവസാനവട്ട തയ്യാറെടുപ്പ് വിവരിച്ചു.
ബ്രഹ്മോസ് മിസൈലുൾപ്പെടെ ഘടിപ്പിച്ച റാഫേൽ, സുഖോയ് യുദ്ധവിമാനങ്ങൾ, റഷ്യൻ നിർമ്മിത അത്യാധുനിക ട്രയംഫ് എസ് -400 മിസൈൽ സംവിധാനം, 44 സെക്കൻഡിനകം 12 റോക്കറ്റുകൾ കുതിച്ചുപായുന്ന പിനാക, ആകാശ്, പൃഥ്വി മിസൈലുകൾ തുടങ്ങി മാരകായുധങ്ങൾ സജ്ജമാക്കി ഇന്ത്യ നിൽക്കുകയാണ്. ബ്രഹ്‌മോസ് ഘടിപ്പിച്ച നാവികസേന യുദ്ധക്കപ്പലുകൾ അറബിക്കടലിലും റെഡി. എം.ക്യു 9ബി ഡ്രോണുകളുമുണ്ട്.
സഖ്യകക്ഷിയായ തുർക്കിയും പാകിസ്ഥാനെ സഹായിക്കാനുണ്ട്. ഏഴ് സി-130 വിമാനങ്ങൾ തുർക്കിയിൽ നിന്ന് കറാച്ചിയിലും ഇസ്ളാമബാദിലുമിറങ്ങി. ഇവയിൽ ആയുധങ്ങളുണ്ടെന്നാണ് സൂചന. ചൈനയിൽ നിന്ന് ദീർഘദൂര പി.എൽ 15 മിസൈലുകൾ പാകിസ്ഥാന് ലഭിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.
ആയുധം കൈമാറിയിട്ടും, ചൈന ഇരട്ടത്താപ്പുമായി രംഗത്തെത്തി. സംഘർഷം തണുപ്പിക്കാൻ നടപടി വേണമെന്നാണ് ആവശ്യം. പഹൽഗാം ഭീകരാക്രമണത്തിൽ നീതിയുക്തമായ അന്വേഷണവും ആവശ്യപ്പെട്ടു.
ഇന്ത്യയ്ക്കൊപ്പമാണ് തങ്ങളെന്നും ഭീകരവാദത്തെ ശക്തമായി അപലപിക്കുന്നെന്നും അമേരിക്ക ഇന്നലെ ആവർത്തിച്ചു. ഇരുരാജ്യങ്ങളും ഉത്തരവാദിത്വത്തോടെ സംസാരിച്ച് പരിഹാരം കാണുന്നതാണ് ഉചിതമെന്നും പറഞ്ഞു.
ബി.എസ്.എഫ് ജവാന്റെ
മോചനം നീളുന്നു
അബദ്ധത്തിൽ അതിർത്തി ലംഘിച്ചതിന് പാക് റേഞ്ചേഴ്സ് കസ്റ്റഡിയിലെടുത്ത ബി.എസ്.എഫ് കോൺസ്റ്റബിൾ പർണാംകുമാർ ഷായുടെ(40) മോചനം നീളുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ഫ്ളാഗ് മീറ്റിംഗുകൾ നടന്നിരുന്നു. സ്ഥിതിഗതികൾ ബി.എസ്.എഫ് മേധാവി ദൽജിത് ചൗധരി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ധരിപ്പിച്ചു.
ഇന്ത്യയുടെ ആക്രമണം ആസന്നമാണ്. ഞങ്ങൾ സേനയെ ശക്തിപ്പെടുത്തുന്നു
- ഖ്വാജ ആസിഫ്, പാക് പ്രതിരോധ മന്ത്രി
നാവിക സേനയ്ക്കും
റാഫേൽ കരുത്ത്
കരാർ ഒപ്പിട്ടു
ന്യൂഡൽഹി: നാവിക സേനയ്ക്കായി 26 റാഫേൽ വിമാനങ്ങൾ വാങ്ങാൻ 63,000 കോടി രൂപയുടെ കരാറിൽ ഇന്നലെ ഇന്ത്യയും ഫ്രാൻസും ഒപ്പിട്ടു. 22 സിംഗിൾ സീറ്റ്, നാല് ഇരട്ട സീറ്റർ വിമാനങ്ങൾ അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യയിലെത്തും.
നാവിക സേന പൈലറ്റുമാർക്ക് ഫ്രാൻസിലും ഇന്ത്യയിലും പരിശീലനം, പരിശീലനത്തിനുള്ള സിമുലേറ്റർ, അനുബന്ധ ഉപകരണങ്ങൾ, ആയുധങ്ങൾ, ലോജിസ്റ്റിക് പിന്തുണ എന്നിവ അടക്കമാണ് കരാർ. വിമാന എൻജിൻ, സെൻസറുകൾ, ആയുധങ്ങൾ എന്നിവ ഇന്ത്യയിൽ വികസിപ്പിക്കാനുള്ള സാങ്കേതിക വിദ്യാ കൈമാറ്റവും നടക്കും. വ്യോമസേനയ്ക്ക് നേരത്തെ കൈമാറിയ 36 വിമാനങ്ങൾക്കുള്ള സ്പെയർ പാർട്സ് വിതരണവും കരാറിലുണ്ട്. ഫ്രഞ്ച് കമ്പനി ഡസോ ഏവിയേഷനാണ് നിർമ്മാതാക്കൾ.
ഇന്നലെ ന്യൂഡൽഹി നാവികസേനാ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ഫ്രാൻസ് പ്രതിരോധ മന്ത്രി സെബാസ്റ്റ്യൻ ലെകോർനുവുമാണ് കരാറിൽ ഒപ്പിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |