വ്യാപാര യുദ്ധ ഭീതി ഒഴിയുന്നു
കൊച്ചി: വ്യാപാര മേഖലയിലെ അനിശ്ചിതത്വങ്ങൾ ഒഴിയുന്ന സൂചനകൾ ശക്തമായതോടെ ആഗോള നിക്ഷേപകർ ഓഹരി, നാണയ വിപണികളിൽ സജീവമാകുന്നു. അമേരിക്കയുടെ വ്യാപാര നിലപാടുകളിൽ വിശ്വാസമേറിയതോടെ യു.എസ് ബോണ്ടുകൾ, ഡോളർ എന്നിവയുടെ മൂല്യം ഉയർന്നു. വൻകിട ഫണ്ടുകൾ പണം പിൻവലിച്ചതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 3,286 ഡോളറിലേക്ക് താഴ്ന്നു. ബി.എസ്.ഇ സെൻസെക്‌സ് 1005.84 പോയിന്റ് നേട്ടവുമായി 80,218.37ൽ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്‌റ്റി 289.15 പോയിന്റ് ഉയർന്ന് 24,328.50ൽ എത്തി. ഡൊണാൾഡ് ട്രംപിന്റെ ആഗോള വ്യാപാര യുദ്ധത്തിന് ശേഷം വൻ മുന്നേറ്റമാണ് ഇന്ത്യൻ ഓഹരികൾ കാഴ്ചവക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസ്, എസ്.ബി.ഐ എന്നിവയാണ് ഇന്നലെ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. പാകിസ്ഥാനുമായുള്ള രാഷ്ട്രീയ സംഘർഷങ്ങൾ ഇന്ത്യൻ നിക്ഷേപകർ പൂർണമായും അവഗണിച്ചു.
ഇന്ത്യൻ ഓഹരികളുടെ കരുത്ത്
1. ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിൽ സ്വകാര്യ ബാങ്കുകൾ, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയടയ്ക്കമുള്ള മുൻനിര കമ്പനികളുടെ പ്രവർത്തന ഫലം മെച്ചപ്പെട്ടു
2. പകരച്ചുങ്ക പ്രഖ്യാപനത്തിന് ശേഷം അമേരിക്കയുമായി വ്യാപാര കരാർ ഒപ്പുവക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറുമെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബസന്റ് വ്യക്തമാക്കി
3. ഇന്ത്യൻ സാമ്പത്തിക മേഖലയുടെ മികച്ച വളർച്ച സാദ്ധ്യതകൾ പരിഗണിച്ച് വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഓഹരികളിലേക്ക് പണമൊഴുക്കുന്നു
4. അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ അധിക തീരുവ കുറയ്ക്കാൻ ചൈന സന്നദ്ധത പ്രകടിപ്പിച്ചതോടെ നിക്ഷേപകരുടെ വിശ്വാസം ഉയരുന്നു
കഴിഞ്ഞ എട്ടു ദിവസത്തിനിടെ വിദേശ നിക്ഷേപകർ ഇന്ത്യയിലെത്തിച്ചത്
32,000 കോടി രൂപ
പവൻ വില കുറഞ്ഞു
ആഗോള വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ പവൻ വില 520 രൂപ ഉയർന്ന് 71,520 രൂപയായി. ഗ്രാമിന്റെ വില 65 രൂപ കുറഞ്ഞ് 8,940 രൂപയിലെത്തി. ആറ് ദിവസത്തിനിടെ റെക്കാഡ് ഉയരത്തിൽ നിന്ന് പവൻ വില 2,800 രൂപയാണ് കുറഞ്ഞത്. ആഗോള ഫണ്ടുകളും കേന്ദ്ര ബാങ്കുകളും സ്വർണ ശേഖരം കുറയ്ക്കുന്നതാണ് വിലയിൽ ഇടിവുണ്ടാക്കുന്നത്.
കരുത്താർജിച്ച് രൂപ
ഇന്ത്യൻ ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പണമൊഴുക്ക് കുതിച്ചുയർന്നതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം കുതിച്ചുയർന്നു. ക്രൂഡോയിൽ വിലയിലെ ഇടിവും രൂപയ്ക്ക് കരുത്തായി. ഇന്നലെ രൂപ 38 പൈസയുടെ നേട്ടത്തോടെ 85.03ൽ അവസാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |