തിരുവനന്തപുരം: എൻ.സി.ഇ.ആർ.ടി പുസ്തകത്തിലെ പാഠഭാഗങ്ങൾ കേന്ദ്രസർക്കാർ വെട്ടിയാലും വിദ്യാർത്ഥികൾ അറിയേണ്ട കാര്യങ്ങൾ കേരളം പഠിപ്പിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. മേയ് രണ്ടിന് കേന്ദ്രവിദ്യാഭ്യാസമന്ത്രി വിളിച്ച സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തിൽ കേരളത്തിന്റെ അഭിപ്രായം പറയും. ലാഘവത്തോടെയാണ് ഏഴാം ക്ലാസ് പാഠപുസ്തകത്തിലെ പ്രധാനപ്പെട്ട വിവരം വെട്ടിമാറ്റിയത്. കുട്ടികൾ ബി.ജെ.പിയുടെ ചരിത്രം മാത്രം പഠിച്ചാൽ മതിയെന്ന മനോഭാവമാണ് കേന്ദ്രത്തിന്. ഇത് ഭരണഘടനയ്‌ക്കെതിരാണ്.
കഴിഞ്ഞവർഷം കേന്ദ്രം വെട്ടിയ ഭാഗങ്ങളുൾപ്പെടുത്തി കേരളത്തിലെ വിദ്യാർത്ഥികൾക്കായി സർക്കാർ പാഠപുസ്തകം തയ്യാറാക്കിയിരുന്നു. വിദ്യാഭ്യാസമേഖലയെ കാവിവത്കരിക്കുന്ന നടപടിയാണ് കേന്ദ്രത്തിന്റേത്. ഇത്തരം കാര്യങ്ങൾ ഒളിഞ്ഞുകിടക്കുന്നതുകൊണ്ടാണ് പി.എം ശ്രീ പദ്ധതി സംബന്ധിച്ച് കൂടുതൽ പഠനം വേണമെന്ന് തീരുമാനിച്ചത്. കേന്ദ്രം സംസ്ഥാനത്തിന് നൽകേണ്ട ഫണ്ട് ഭരണഘടനാപരമായി ലഭിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |