കോട്ടയം: വീൽചെയറും ട്രോളിയും കിട്ടാതെ കോട്ടയം മെഡിക്കൽ കോളേജിലെ ഒ.പിയിൽ വരുന്ന നടക്കാൻ വയ്യാത്തവരുൾപ്പെടെയുള്ള രോഗികൾ വലയുന്നു. ദിവസവും ആംബുലൻസിലും മറ്റു വാഹനങ്ങളിലും ഒ.പി വിഭാഗത്തിൽ എത്തുന്ന അവശ നിലയിലുള്ള രോഗികൾ പോലും ഡോക്‌ടറെ കാണാൻ വീൽചെയറോ ട്രോളിയോ കിട്ടുന്നതിനായി വളരെ നേരം കാത്തിരിക്കേണ്ട ഗതികേടിലാണ്.ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒ.പി പ്രവർത്തിക്കുന്നുണ്ട്.
ആദ്യം എത്തുന്ന രോഗികൾ അവരുടെ ആവശ്യത്തിന് ട്രോളിയും വീൽ ചെയറും കൊണ്ടുപോകും. ഡോക്ടറെ കണ്ടുകഴിഞ്ഞ് മറ്റ് ടെസ്റ്റുകൾക്ക് പോകുമ്പോഴും ഈ വീൽ ചെയർ തന്നെ ഉപയോഗിക്കും. ഇതോടെ
പിന്നീടെത്തുന്ന രോഗികൾക്ക് ട്രോളിയും വീൽ ചെയറും കിട്ടാതെവരും. ഇവർ വാഹനങ്ങളിൽ നിന്ന് ഇറങ്ങാൻ കഴിയാതെ ഒ.പി വിഭാഗത്തിന് മുന്നിൽ കിടക്കേണ്ടി വരുന്നത് നിത്യസംഭവമായി. ദിവസങ്ങൾക്ക് മുൻപ് പത്തനംതിട്ടയിൽ നിന്നും സൈക്കാട്രി വിഭാഗം ഒ.പിയിലെത്തിയ രോഗിയെ മറ്റൊരു വിഭാഗത്തിലും കൂടി കാണിക്കേണ്ടതായി വന്നു. അവശനിലയിലുള്ള രോഗിയായതിനാൽ വീൽ ചെയർ ആവശ്യമായി വന്നു. ഇതിനായി രോഗിയുടെ ബന്ധുവായ സ്ത്രീ ട്രോളിയും വീൽചെയറും വിതണം ചെയ്യുന്ന കുടുംബശ്രീയിൽപ്പെട്ട ജീവനക്കാരുടെ അടുത്തെത്തിയെങ്കിലും ഒരു മണിക്കൂർ കഴിഞ്ഞിട്ടും ഇവർക്ക് വീൽ ചെയർ കിട്ടിയില്ല.
കൂടുതൽ ട്രോളിയും വീൽ ചെയറും വേണം
ഇരുപതോളം ട്രോളിയും വീൽചെയറുമാണ് ഒ.പിയിൽ എത്തുന്ന രോഗികൾക്കായുള്ളത്. ഇതിൽ പലതും തകരാറിലാണ്. കുടുതൽ വീൽ ചെയറും ട്രോളികളും സജ്ജമാക്കിയാൽ മാത്രമേ രോഗികളുടെ ബദ്ധിമുട്ട് പരിഹരിക്കാനാകൂ.
കാൽ ഒടിഞ്ഞും മറ്റും നടക്കാൻ വയ്യാതെ ആദ്യം വരുന്ന രോഗികൾ ട്രോളിയും വീൽ ചെയറിലുമൊക്കെയായി ഒ.പിയിലെ ഡോക്ടറെ കാണുന്നതിനായി പോകും. അതേ സമയം, കൂടെയുള്ള ബന്ധുക്കൾ ചീട്ട് എടുത്ത് ഡോക്ടറെ കാണുന്നതിനുള്ള നമ്പറിൽ എത്തുന്നത് വരെ രോഗിക്ക് ട്രോളിയിലോ വീൽചെയറിലോ ഇരിക്കേണ്ടി വരും. ഇക്കാരണത്താൽ പിന്നീട്, വരുന്ന രോഗിക്ക് ഇവ കിട്ടുന്നതിന് താമസം നേരിടും. വലിയ ശാരീരിക ബുദ്ധിമുട്ടില്ലാത്ത രോഗികളെ ഒ.പി മുറി വരെ എത്തിച്ചിട്ട് ബന്ധുക്കൾ ട്രോളിയും വീൽചെയറും തിരികെ എത്തിക്കും. ഇങ്ങനെ കിട്ടുന്നവയാണ് വൈകി വരുന്ന രോഗികൾ ഉപയോഗിക്കുന്നത്.
ദിവസേന നടക്കാൻ വയ്യാതെ നിരവധി രോഗികൾ എത്തുന്ന മെഡിക്കൽ കോളേജ് ഒ.പി വിഭാഗത്തിൽ ട്രോളി, വീൽ ചെയർ എന്നിവയ്ക്ക് അഭാവം നേരിടുന്നത് രോഗികൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. കൂടുതൽ ഉപകരണങ്ങൾ ഏർപ്പെടുത്തിയാൽ കഷ്ടപ്പാടിന് അറുതിയാകും. (രോഗികളും ആശ്രിതരും)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |