ന്യൂഡൽഹി: ഭൂമി കുഴിക്കുമ്പോൾ സ്വർണവും നിധിയും ലഭിച്ചെന്നും നിധി കാക്കുക കുട്ടിച്ചാത്തന്മാരുണ്ടെന്നുമൊക്കെ ധാരാളം പഴങ്കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. ഇതൊക്കെ വെറും കെട്ടുകഥകളാണെന്ന് കരുതി തള്ളാൻ വരട്ടെ. ഉത്തർപ്രദേശിലെ ഹർദോയി ഗ്രാമത്തിലെ ഒരു യുവാവ് തന്റെ വീടിന്റെ അടിസ്ഥാനം നിർമിക്കാനായി കുഴിയെടുത്തപ്പോൾ ലഭിച്ചത് 25 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ്. എന്നാൽ ഇയാളുടെ സന്തോഷം അധികനേരം നീണ്ടുനിന്നില്ല. നിധി ലഭിച്ച വിവരം അറിഞ്ഞെത്തിയ പൊലീസുകാർ ഇത് മുഴുവൻ കസ്‌റ്റിഡിയെലുത്ത് റവന്യൂ അധികൃതർക്ക് കൈമാറി.
അതേസമയം, ഇപ്പോൾ കണ്ടെത്തിയ ആഭരണങ്ങൾ 100 വർഷത്തോളം പഴക്കമുള്ളതാണെന്നും പുരാവസ്തു വകുപ്പിന് കൈമാറേണ്ടതാണെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ഇപ്പോൾ പിടിച്ചെടുത്തിരിക്കുന്ന 650 ഗ്രാം സ്വർണവും 4.53 കിലോ വെള്ളിയും ചേർത്താൽ ഏതാണ്ട് 25 ലക്ഷത്തോളം രൂപ വിലവരും. എന്നാൽ കണ്ടെത്തിയ ആളുടെ കൈവശം ഇത് തന്റേതാണെന്ന് തെളിയിക്കാൻ കഴിയുന്ന ഒരു തെളിവും ഉണ്ടായിരുന്നില്ല. തുടർന്നാണ് ആഭരണങ്ങൾ പൊലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഇത്തരത്തിൽ ഒരു നിധി ലഭിച്ചതായി നാട്ടുകാരിൽ നിന്നാണ് പൊലീസിന് വിവരം ലഭിച്ചത്. ഇതനുസരിച്ച് ഇയാളുടെ വീട്ടിലെത്തിയെങ്കിലും തനിക്ക് നിധിയൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു യുവാവിന്റെ മറുപടി. തുടർന്ന് പൊലീസ് മുറ പുറത്തെടുത്തതോടെ ഇയാൾ സത്യം പറഞ്ഞു. വീട്ടുപറമ്പിൽ തന്നെ കുഴിച്ചിട്ടിരുന്ന നിധി ഇയാൾ പുറത്തെടുത്ത് നൽകുകയും ചെയ്‌തു.
കിട്ടുന്നവർക്ക് സ്വന്തമാക്കാമെന്ന നിയമം ഇക്കാര്യത്തിൽ പാലിക്കാൻ കഴിയില്ലെന്നാണ് പൊലീസിന്റെ നിലപാട്. 1878ലെ ഇന്ത്യൻ ട്രഷർ ട്രോവ് നിയമ പ്രകാരം ഭൂമിക്കടിയിൽ നിന്നും കുഴിച്ചെടുക്കുന്ന വിലപിടിച്ച വസ്തുക്കളോ ആഭരണങ്ങളോ ഇന്ത്യൻ സർക്കാരിന് സ്വന്തമാണ്. ഇത്തരം വസ്തുക്കൾ കിട്ടുന്നവർ അത് റവന്യൂ അധികൃതരെ ഏൽപ്പിക്കണം. ഇത് തന്റേതാണെന്ന് തെളിയിക്കാൻ പറ്റിയ രേഖകൾ ഉണ്ടെങ്കിൽ അതും റവന്യൂ അധികൃതർക്ക് നൽകണം. എന്നാൽ നിധിയിൽ അവകാശ വാദം ഉന്നയിച്ച് ആരും രംഗത്തെത്തിയില്ലെങ്കിൽ കണ്ടെത്തിയ ആൾക്ക് സ്വന്തമാക്കാമെന്നും നിയമത്തിൽ വ്യവസ്ഥയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |