കോലഞ്ചേരി: സെഞ്ച്വറിയടിക്കാൻ കുതിക്കുകയാണ് തേങ്ങ. ഉണങ്ങിയ തേങ്ങ പൊതിച്ചതിന് കിലോ 85 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ ചില്ലറ വില്പന വില. ചക്കിലാട്ടിയ നാടൻ വെളിച്ചെണ്ണ കിലോ വില 340ലെത്തി. തേങ്ങ ഉത്പാദനം കുറഞ്ഞതാണ് അടുക്കള ബഡ്ജറ്റ് താളം തെറ്റിച്ചുള്ള ഈ കുതിച്ചുപായലിന് കാരണം. തമിഴ്നാട്ടിലും, കർണ്ണാടകയിലും ഉത്പാദനം കുറഞ്ഞതിനാൽ വരവ് തേങ്ങയും വിപണിയിൽ ലഭ്യമല്ല.
കവറിൽ വരുന്ന ബ്രാൻഡ് വെളിച്ചെണ്ണകൾ വില കൂട്ടാതെ അളവ് കുറച്ച് വില്പന നടത്തുന്ന തന്ത്രം പരീക്ഷിക്കുന്നുണ്ട്. ഒരു കിലോയ്ക്കു പകരം 900 ഗ്രാം, 800 ഗ്രാം വരെയുള്ള പായ്ക്കറ്റുകൾ ലഭ്യമാണ്.
സർക്കാരിന്റെ 'കേരഗ്രാമം" പദ്ധതിയിൽ കേരകൃഷി തുടങ്ങിയവരും പ്രതിസന്ധിയിലായി. ഉത്പാദനം കുറഞ്ഞതോടെ കഴിഞ്ഞ പത്തു വർഷത്തിനിടെ ആയിരക്കണക്കിനു തെങ്ങുകൾ മുറിച്ചുമാറ്റി.
വ്യാപകമായ രോഗബാധയാണ് ഉത്പാദനം കുറയാനുള്ള പ്രധാന കാരണം. വെള്ളീച്ചയും ചെള്ളും മഞ്ഞളിപ്പുരോഗവും തെങ്ങുകളെ തകർത്തു. ഇതിനു പുറമെ കാറ്റുവീഴ്ചയുമുണ്ട്.
രോഗ പ്രതിരോധത്തിന് കൃഷി വകുപ്പ് നടപടികൾ സ്വീകരിക്കുന്നില്ലെന്നും കർഷകർ പറയുന്നു.
ഒരു കുലയിൽ
30-40 തേങ്ങ മാത്രം
ഒരു വർഷം ഒരു കുലയിൽ നിന്ന് 80 മുതൽ 100 വരെ തേങ്ങ കിട്ടിയിരുന്നിടത്ത് ഇപ്പോൾ 30 മുതൽ 40 വരെയായി കുറഞ്ഞു.
തേങ്ങയിടാനും പൊതിക്കാനും കയറ്റിറക്കിനും ഉൾപ്പെടെ ചെലവുകളെല്ലാം കഴിഞ്ഞാൽ നഷ്ടം മാത്രമാണെന്ന് കർഷകർ പറയുന്നു.
60 -75 രൂപ
തേങ്ങയിടാനുള്ള കൂലി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |