ശ്രീനഗർ: ജമ്മുകാശ്മീരിലെ അഖ്നൂരിൽ ഇന്ത്യൻ പോസ്റ്റ് ലക്ഷ്യമിട്ട് പാകിസ്ഥാൻ സെെന്യത്തിന്റെ വെടിവയ്പ്പ്. പർഗ്‌വാൾ രാജ്യാന്തര അതിർത്തിയിലാണ് പ്രകോപനം ഉണ്ടായത്. ഇന്ത്യൻ സെെന്യം ശക്തമായി തിരിച്ചടിച്ചു. പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്കായി ഇന്ത്യൻ സെെന്യം തെരച്ചിൽ ശക്തമാക്കിയതിന് പിന്നാലെയാണ് പാകിസ്ഥാൻ സെെന്യത്തിന്റെ പ്രകോപനം.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പാകിസ്ഥാന് സൈനികതലത്തിൽ തിരിച്ചടി നൽകാൻ ഇന്നലെ തന്നെ ഇന്ത്യ തീരുമാനം എടുത്തിരുന്നു. എവിടെ, എപ്പോൾ, എങ്ങനെ പ്രഹരിക്കണമെന്നും ആക്രമണത്തിന്റെ വ്യാപ്തി എന്തായിരിക്കണമെന്നും തീരുമാനിക്കാനുള്ള പൂർണ സ്വാതന്ത്ര്യം പ്രധാനമന്ത്രി സേനാവിഭാഗങ്ങൾക്ക് നൽകിയതോടെ യുദ്ധത്തിലേക്ക് നീങ്ങുന്നുവെന്ന പ്രതീതിയിലായി രാജ്യം. ദേശീയ സുരക്ഷാ കാര്യങ്ങളിൽ നിർണായക തീരുമാനമെടുക്കുന്ന മന്ത്രിതല സമിതി ഇന്നു രാവിലെ സ്ഥിതിഗതികൾ വിലയിരുത്തും.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, മൂന്ന് സായുധ സേനാ മേധാവികൾ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി സൈന്യത്തിന് അനുവാദം നൽകിയത്. ഭീകരതയ്ക്ക് കനത്ത പ്രഹരം ഏൽപ്പിക്കണമെന്നത് രാജ്യത്തിന്റെ ദൃഢനിശ്ചയമാണെന്നും സൈന്യത്തിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയതായി അറിയുന്നു. കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ, ആഭ്യന്തരമന്ത്രി അമിത് ഷായും ആർ.എസ്.എസ് തലവൻ മോഹൻ ഭഗവതും പ്രധാനമന്ത്രിയെ സന്ദർശിച്ച് ചർച്ച നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |