ന്യൂഡൽഹി: ആഴ്‌ചയിൽ ഏഴ് ദിവസവും 24 മണിക്കൂർ സുരക്ഷ. തൊട്ടടുത്ത് പ്രാർത്ഥനയ്‌ക്കായി പള്ളി. ഒപ്പം സുഖസൗകര്യങ്ങളോട് കൂടിയ ഒരു മനോഹരമായ പാർക്കും. ഇന്ത്യ തേടുന്ന കൊടും ഭീകരൻ ഹാഫിസ് സയീദിന് പാകിസ്ഥാൻ സർക്കാർ ഒരുക്കിയ സൗകര്യമാണിത്. പെഹൽഗാം ആക്രമണത്തിൽ നീതിയുക്തമായ അന്വേഷണം വേണം എന്ന് അന്താരാഷ്ട്ര തലത്തിൽ ആവശ്യപ്പെടുന്ന പാകിസ്ഥാൻ മുംബയ് ഭീകരാക്രമണത്തിൽ മുഖ്യ ആസൂത്രകനായ ഹാഫിസ് സയിദിന് നൽകിയിരിക്കുന്നത് അതീവ സുരക്ഷയാണ്.
ഹാഫിസ് സയിദിന്റെ വീട് ലാഹോറിലാണെന്ന് അറിയാമെങ്കിലും ആ വീട്ടിലെ സൗകര്യങ്ങളെക്കുറിച്ച് ഇതുവരെ വിവരമൊന്നും പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ പാകിസ്ഥാൻ സർക്കാർ പിഴയില്ലാത്ത സുരക്ഷയാണ് ലഷ്‌കർ ഇ ത്വയ്‌ബ തലവന് ഒരുക്കിയിരിക്കുന്നതെന്ന് വ്യക്തമായിരിക്കുകയാണ്.
ദി റസിസ്റ്റൻസ് ഫ്രണ്ട് എന്ന ലഷ്‌കർ അനുകൂല സംഘടനയാണ് പഹൽഗാം ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. ഇന്ത്യക്കെതിരെ ഇത്രവലിയൊരാക്രമണം നടത്തിയ സംഘടനയുടെ സൂത്രധാരൻ ലാഹോറിൽ ആൾത്തിരക്കേറിയ പ്രദേശത്ത് തന്നെയാണ് ഇപ്പോഴും താമസിക്കുന്നത്.
സാധാരണക്കാരായ ആളുകൾ തിങ്ങിപ്പാർക്കുന്നതിന് നടുവിലാണ് സായിദിന്റെ കെട്ടിടം. സാറ്റ‌്ലൈറ്റ് ചിത്രങ്ങളും വീഡിയോകളും അനുസരിച്ച് 24 മണിക്കൂർ സുരക്ഷയേറിയ വീട്ടിലാണ് സായിദ് ഒളിച്ചുതാമസിക്കുന്നത്. പ്രധാനമായും വീടുള്ള സമുച്ചയം മൂന്നായി തിരിച്ചിരിക്കുന്നു. വീടും അതിനടുത്ത് വലിയൊരു പള്ളിയും മദ്രസയുമുണ്ട്. ഇതിനൊപ്പം പുതുതായി നിർമ്മിച്ച വലിയൊരു പാർക്കുണ്ട് അടുത്ത്. ഇവിടെ സായിദിന് വേണ്ട എല്ലാ സൗകര്യവും പാകിസ്ഥാൻ സർക്കാർ ഒരുക്കി.
നിലവിൽ ഇന്ത്യയടക്കം രാജ്യങ്ങളെ പാകിസ്ഥാൻ അറിയിച്ചിരിക്കുന്നത് വിവിധ കേസുകളിൽ സായിദ് ജയിൽശിക്ഷ അനുഭവിക്കുകയാണെന്നാണ്. എന്നാൽ ആ വാദമെല്ലാം തെറ്റാണെന്ന് സ്ഥലത്തെ സുരക്ഷയും പുതിയ ക്രമീകരണങ്ങളും സൂചിപ്പിക്കുന്നു.
തീവ്രവാദത്തിന് ഫണ്ട് അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് 77കാരനായ സായിദ് ജയിൽ ശിക്ഷ അനുഭവിക്കുന്നതായി പാകിസ്ഥാൻ പറയുന്നത്. ഇന്ത്യയുടെ രഹസ്യ ഏജൻസികൾക്ക് സായിദ് വീട്ടിലുണ്ടെന്ന് വ്യക്തമായിട്ടുണ്ടെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞമാസം സായിദിന്റെ അടുത്ത അനുയായിയും സംഘടനയിലെ പ്രമുഖനുമായ അബു ഖത്തൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചിരുന്നു. ഝലം സിദ്ധിൽ വച്ചാണ് പൂഞ്ച് ഭീകരാക്രമണത്തിലെ ബുദ്ധികേന്ദ്രമായ അബു ഖത്തൽ കൊല്ലപ്പെട്ടത്. ഇതോടെ പാകിസ്ഥാൻ ഹാഫിസ് സായിദിന് സുരക്ഷ വർദ്ധിപ്പിച്ചിരുന്നു. ഐഎസ്ഐ നേരിട്ട് സായിദിന്റെ സുരക്ഷ വിലയിരുത്തുകയും അയാളുടെ വീട് സബ് ജയിലായി മാറ്റുകയും ചെയ്‌തിരുന്നു. ഖത്തൽ കൊല്ലപ്പെട്ട ചടങ്ങിൽ സായിദ് പങ്കെടുക്കാതിരിക്കാൻ ഐഎസ്ഐ ശക്തമായി ഇടപെട്ടിരുന്നു.
ലഷ്‌കർ ഇ ത്വയ്‌ബ കമാൻഡർ ഫറൂഖ് അഹ്‌മദ് ആണ് പെഹൽഗാം ആക്രമണത്തിൽ മുഖ്യപങ്ക് വഹിച്ചയാളെന്നാണ് ദേശീയ സുരക്ഷാ ഏജൻസി അറിയിക്കുന്നത്. പാക് അധിനിവേശ കാശ്‌മീരിൽ ആണ് ഫറൂഖ് കഴിയുന്നത്. കഴിഞ്ഞ രണ്ട് വർഷത്തോളമായി കാശ്‌മീരിൽ വിവിധ ആക്രമണങ്ങൾ നടന്നതിന് പിന്നിൽ ഫറൂഖ് അഹ്‌മദ് ആണെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |