കൊച്ചി: സാമ്പത്തിക വർഷത്തെ നാലാംപാദത്തിൽ ഫെഡറൽ ബാങ്കിന്റെ മൊത്തം ബിസിനസ് 518483.86 കോടി രൂപയായി ഉയർന്നു. മുൻവർഷം ഇതേ പാദത്തിൽ 252534.02 കോടി രൂപയായിരുന്ന നിക്ഷേപം 12.32 ശതമാനം വർദ്ധനവോടെ 283647.47 കോടി രൂപയായി. വാർഷിക അറ്റാദായം 4052 കോടി രൂപയായി. നാലാംപാദത്തിലെ മാത്രം അറ്റാദായം 13.67 ശതമാനം വളർച്ചയോടെ 1030.23 കോടി രൂപയിലെത്തി.
ആകെ വായ്പ മുൻ വർഷത്തെ 209403.34 കോടി രൂപയിൽ നിന്ന് 234836.39 കോടി രൂപയായി വർദ്ധിച്ചു. 12.15 ശതമാനമാണ് വളർച്ചാനിരക്ക്. റീട്ടെയൽ വായ്പകൾ 14.50 ശതമാനം വർധിച്ച് 77212.16 കോടി രൂപയായി.
വാണിജ്യ ബാങ്കിങ് വായ്പകൾ 26.76 ശതമാനം വർദ്ധിച്ച് 27199 കോടി രൂപയിലും കോർപറേറ്റ് വായ്പകൾ 8.39 ശതമാനം വർദ്ധിച്ച് 79773.79 കോടി രൂപയിലും ബിസിനസ് ബാങ്കിങ് വായ്പകൾ 11.44 ശതമാനം വർദ്ധിച്ച് 19064.36 കോടി രൂപയിലുമെത്തി. സ്വർണവായ്പകൾ 20.93 ശതമാനം വളർച്ചയോടെ 30505 കോടി രൂപയായി വർദ്ധിച്ചു. മൊത്തവരുമാനം 13.70 ശതമാനം വർദ്ധനയോടെ 7654.31 കോടി രൂപയിലെത്തി. 4375.54 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി.
2 രൂപ മുഖവിലയുള്ള ഓരോ ഓഹരിക്കും 60 ശതമാനം വീതം ലാഭവിഹിതം നൽകാൻ ശിപാർശ ചെയ്യാനും ഇന്നലെ നടന്ന ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു.
സുസ്ഥിരമായതും ദീർഘകാലത്തേക്ക് നിലനിൽക്കുന്ന മികച്ച വരുമാനം കൈവരിച്ചുള്ളതുമായ ലാഭകരമായ വളർച്ചയ്ക്കാണ് ഞങ്ങൾ ഊന്നൽ നൽകുന്നത്. കറന്റ് അക്കൗണ്ട് വാർഷികാടിസ്ഥാനത്തിൽ 35 ശതമാനവും (പാദ അടിസ്ഥാനത്തിൽ 27 ശതമാനം) മിഡ് യീൽഡ് സെഗ്മെന്റ് 19 ശതമാനവും വളർച്ച കൈവരിച്ചു.
കെ.വി.എസ് മണിയൻ
എംഡി, സി.ഇ.ഒ
ഫെഡറൽ ബാങ്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |