വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്തിൽ യാർഡ് ക്രെയിനുകൾ ചലിപ്പിക്കുന്നത് ഒൻപത് വനിതകൾ. വിഴിഞ്ഞം, കോട്ടപ്പുറം, പൂവാർ സ്വദേശികളായ പി.പ്രിനു, എസ്.അനിഷ, എൽ.സുനിത രാജ്, ഡി.ആർ.സ്റ്റെഫി റബീറ, ആർ.എൻ.രജിത, പി.ആശാലക്ഷ്മി, എ.വി.ശ്രീദേവി, എൽ.കാർത്തിക, ജെ.ഡി.നതാന മേരി എന്നിവരാണ് പോർട്ടിലെ വനിതാ ക്രെയിൻ ഓപ്പറേറ്റർമാർ. 24 ഓട്ടോമേറ്റഡ് യാർഡ് ക്രെയിനുകളാണ് ആദ്യഘട്ടത്തിൽ വിഴിഞ്ഞത്ത് സജ്ജമാക്കിയിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഓട്ടോമേറ്റഡ് സി.ആർ.എം.ജി ക്രെയിനുകൾ വനിതകൾ നിയന്ത്രിക്കുന്നത്.
കഴിഞ്ഞദിവസം വരെയെത്തിയ 250 ഓളം കണ്ടെയ്നർ കപ്പലുകളിൽ നിന്ന് ചരക്കുകൾ, തുറമുഖ യാർഡിൽ യഥാസ്ഥാനങ്ങളിൽ ക്രമീകരിച്ച ടീമിൽ ഇവരുമുണ്ട്. ആകെ 20 ക്രെയിൻ ഓപ്പറേറ്റർമാരാണ് ഇവിടെയുള്ളത്. മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നുള്ളവരും വനിതാ ടീമിലുണ്ട്. സ്ത്രീ ശാക്തീകരണത്തിന്റെ തിളങ്ങുന്ന മാതൃകയാണ് വിഴിഞ്ഞം പോർട്ടിലെ വനിതാ ക്രെയിൻ ഓപ്പറേറ്റർമാർ സൃഷ്ടിക്കുന്നതെന്ന് തുറമുഖ അധികൃതർ പറഞ്ഞു.
ഓപ്പറേഷൻ സെന്ററിലെ അത്യാധുനിക റിമോട്ട് ഡെസ്ക് വഴി, പോർട്ട് യാർഡിലെ കണ്ടെയ്നർ നീക്കമാണ് ഇവർ നിയന്ത്രിക്കുന്നത്. അദാനി ഫൗണ്ടേഷനു കീഴിലെ അദാനി സ്കിൽ ഡെവലപ്മെന്റ് സെന്ററിൽ വിദഗ്ദ്ധ പരിശീലനം പൂർത്തിയാക്കിയാണ് ഇവർ ജോലിയിൽ പ്രവേശിച്ചത്. കഴിഞ്ഞ ദിവസം തുറമുഖത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ശശി തരൂർ എം.പിയും ഇവരെ അഭിനന്ദിച്ചിരുന്നു. തുറമുഖ കവാടത്തിലെ സുരക്ഷാ ജീവനക്കാരിലും പ്രത്യേകം പരിശീലനം നേടിയ വനിതകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |