വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കാനൊരുങ്ങുന്ന സ്വപ്നമുഹൂർത്തത്തിന് വിളിപ്പാടകലെയാണ് കേരളം. തുറമുഖത്തിന്റെ മാനേജിംഗ് ഡയറക്ടറായ ദിവ്യ എസ്.അയ്യർ അവസാനഘട്ട ഒരുക്കങ്ങളുടെ തിരക്കിലും....ട്രയൽ റൺ മുതൽ കമ്മിഷനിംഗ് വരെ..അനുഭവങ്ങളേറെ സമ്മാനിച്ച യാത്രയെക്കുറിച്ച് ദിവ്യ എസ്.അയ്യർ 'കേരളകൗമുദിയോട്' സംസാരിക്കുന്നു.
ഒന്നും നടക്കില്ലെന്ന് കരുതിയ ഇടത്തുനിന്ന്
സീപോർട്ട് കമ്മിഷനിംഗിലേയ്ക്കുള്ള ദൂരം?
ആവേശവും ആഹ്ലാദവും ഒരേതോതിലാണ്. ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിക്കാനാവുന്നതിൽ സന്തോഷവും അതിലൊരു ഭാഗമാകാനായതിൽ അഭിമാനവുമുണ്ട്. ഇനി ഭാവിയിൽ എന്ത് ചെയ്യുകയാണെങ്കിലും വിഴിഞ്ഞം ഒരു 'ഗോൾഡ് സ്റ്റാൻഡേർഡ്' ആയിരിക്കും. അതിലേയ്ക്ക് എത്തിച്ചേർന്ന യാത്ര ഒരു ഉത്തേജനവും.
ഒരുക്കങ്ങൾ ഏതുവരെയായി?
വളരെ ചിട്ടയായി എല്ലാം ഒരുക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരും പ്രധാനമന്ത്രിയുടെ ഓഫീസും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. സാധാരണ ചടങ്ങുകൾക്ക് ഉണ്ടായേക്കാവുന്ന ആശങ്കകളോ വ്യക്തതക്കുറവോ ഇല്ല. പ്രധാനമന്ത്രിയെ വരവേൽക്കാൻ വിഴിഞ്ഞം പൂർണ സജ്ജമാണ്.
നേരിട്ട പ്രതിസന്ധികൾ, കുറ്റപ്പെടുത്തലുകൾ നിസാരമല്ല?
അതേ. അവയെ അതിജീവിച്ചു എന്നതിനേക്കാൾ നേരിട്ടുവെന്ന് പറയുന്നതാവും ശരി. നിയമപരമായും സാമൂഹികപരമായും പാരിസ്ഥിതികമായും വെല്ലുവിളികൾ വന്നു. തടസങ്ങളെ അവസരങ്ങളായി കാണണമെന്നുള്ള മനോഭാവമാകാം വിഴിഞ്ഞത്തെ സംബന്ധിച്ച് എന്റെ സംഭാവന. ചാർജ് എടുത്തദിവസം തന്നെ 'പോർട്സ് ഓഫ് ഏൻഷ്യന്റ് ഇന്ത്യൻ ഓഷ്യൻ' എന്ന പുസ്തകമാണ് വാങ്ങിയത്. തുറമുഖങ്ങളുടെ ചരിത്രം പഠിച്ചു. സഹപ്രവർത്തകരുടെയും സർക്കാരിന്റെയും സഹകരണത്തോടെ ഓരോ പ്രശ്നങ്ങൾക്കും സമചിത്തതയോടെ പരിഹാരം കണ്ടെത്തി. പ്രശ്നങ്ങളെ ഒഴിവാക്കിയിട്ടില്ല. പ്രശ്നങ്ങളെയും കൊണ്ടുള്ള യാത്രയാണ് ഇത്.
ലോകത്തിലെ ഏറ്റവും വലിയ കപ്പലടക്കം വിഴിഞ്ഞത്ത് നങ്കൂരമിട്ടു. ആദ്യഘട്ടത്തിന്റെ വിജയരഹസ്യം?
ട്രയൽറൺ ആരംഭിച്ചപ്പോൾ മുതൽ ലോകത്തെ ഷിപ്പിംഗ് കമ്പനികളുമായി നല്ല ബന്ധം ഉണ്ടാക്കിയെടുക്കാൻ ശ്രമിച്ചിരുന്നു. 2045ൽ തുറമുഖം യാഥാർത്ഥ്യമാകുമെന്നാണ് കരാറിലുണ്ടായിരുന്നത്. അത് 2028ൽ പൂർത്തീകരിക്കാൻ പോകുകയാണ്. സമുദ്രാധിഷ്ഠിത ചരക്കുനീക്കവുമായി ബന്ധപ്പെട്ട് ലോകത്തുടനീളം പല കപ്പൽചാലുകളിൽ പ്രശ്നങ്ങളുണ്ടാവുന്ന കാലമാണിത്. അതിനാൽ സമുദ്രവ്യാപാര രംഗത്ത് വിപണി വെട്ടിപ്പിടിക്കാനുള്ള വലിയ അവസരമാണ്. ഈ അവസരം 20വർഷത്തിന് ശേഷം ഉണ്ടാകണമെന്നില്ല. സാൻ ഫെർണാണ്ടോ അടക്കം 280കപ്പലുകളെത്തി. ആറുലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തു. സമുദ്രാധിഷ്ഠിത വാണിജ്യത്തിന്റെ സാദ്ധ്യതകൾ പൂർണമായി വിനിയോഗിച്ചു. നിർമ്മിതബുദ്ധി (എ.ഐ) ഉൾപ്പെടെ ഉപയോഗിച്ച് സേവനങ്ങൾ കാര്യക്ഷമമായും സമയബന്ധിതമായും നൽകി.ഇതോടെ കൂടുതൽ കപ്പലുകളെത്തി.
രണ്ടാംഘട്ടം എന്ന് പ്രതീക്ഷിക്കാം?
ഈ മാസം തന്നെ ആരംഭിക്കും. ബാക്കി ഘട്ടങ്ങൾ അടുപ്പിച്ചടുപ്പിച്ച് തന്നെ നടക്കും. ഒരുവർഷത്തിനുള്ളിൽ ഒരു മില്യൺ കണ്ടെയ്നറുകളെത്തും.
പ്രാദേശിക ജനതയും തൃപ്തരാണ്?
കുഞ്ഞുങ്ങളെയോർത്ത് വ്യാകുലപ്പെട്ടിരുന്ന അമ്മമാരുടെ നല്ലവാക്കുകൾ ശക്തിപകരുന്നതാണ്. മക്കളുടെ ജീവിതം അവരുടേതുപോലെ ആകില്ലെന്ന പ്രതീക്ഷ അവർക്കുണ്ട്. ഈ ലോകം എത്ര വലുതാണെന്ന് വിഴിഞ്ഞത്തെ അവസരങ്ങൾ അവരെ പഠിപ്പിക്കുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ എം.ഡി ആവാൻ ആഗ്രഹിക്കുന്ന യുവത ഇന്ന് അവിടെയുണ്ട്. വികസനം കല്ലും ചുമരും മാത്രമല്ല. ഇത്തരം സാമൂഹികപരമായ പരിവർത്തനങ്ങളും കൂടിയാണ്. രാജ്യത്ത് ആദ്യമായാണ് വനിതകൾ ക്രെയിൻ ഓപ്പറേഷൻ നടത്തുന്നത്. അതും അതിസമർത്ഥമായി. സ്ത്രീകളുടെ പങ്കാളിത്തം വ്യാപിപ്പിക്കും.തെറ്റുകൾ തന്ന പാഠങ്ങൾ മനസിലാക്കി മുന്നോട്ടേയ്ക്ക് തന്നെ വിഴിഞ്ഞത്തിന്റെ വികസനം ചലിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |