തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 1640 രൂപ കുറഞ്ഞ് 70,200 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 8,775 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 9,573 രൂപയുമായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് വില 71,840 രൂപയും ഗ്രാമിന് 8,975 രൂപയുമായിരുന്നു. മേയ് മാസം തുടക്കത്തിൽ തന്നെ സ്വർണവിലയിലുണ്ടായ ഇടിവ് ആഭരണം വാങ്ങാനായി കാത്തിരുന്നവർക്ക് ശുഭ പ്രതീക്ഷയാണ് നൽകുന്നത്.
സംസ്ഥാനത്ത് സ്വർണവില ഉയർന്ന് നിൽക്കുമ്പോഴും അക്ഷയ തൃതീയ ദിവസമായ ഇന്നലെ കഴിഞ്ഞ വർഷത്തേക്കാൾ 34 ശതമാനം കൂടുതൽ കച്ചവടം നടന്നു. കഴിഞ്ഞ ദിവസം ഔൺസിന് 3,325 ഡോളറിൽ നിന്ന് 3,304 ഡോളറിലേക്ക് സ്വർണത്തിന്റെ രാജ്യാന്തരവില കുറഞ്ഞിരുന്നു. ഇന്നലെ രാവിലെ എട്ടോടെ തന്നെ സംസ്ഥാനത്തെ മിക്ക ആഭരണശാലകളും തുറന്നിരുന്നു. നൂറു മില്ലിഗ്രാം മുതലുള്ള ആഭരണങ്ങൾ സ്വർണ വ്യാപാരശാലകളിൽ ഒരുക്കിയിരുന്നു. 1500 കോടി രൂപയ്ക്ക് മുകളിൽ സ്വർണ വ്യാപാരം നടന്നതായിട്ടാണ് സ്വർണ വ്യാപാര മേഖലയിൽ നിന്ന് ലഭിക്കുന്ന സൂചനകൾ എന്നാണ് പ്രമുഖ വ്യാപാരികൾ പറഞ്ഞത്.
കഴിഞ്ഞ മാസം 12നാണ് പവന് ആദ്യമായി 70,000 രൂപ കടന്നത്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും. ഇന്നത്തെ വെള്ളിയിലയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെളളിക്ക് 108.90 രൂപയും ഒരു കിലോഗ്രാമിന് 1,08,900 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |