കൊച്ചി: കെട്ടിട പെർമിറ്റിന് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ കൊച്ചി കോർപ്പറേഷൻ ബിൽഡിംഗ് ഇൻസ്‌പെക്ടർ തൃശൂർ മണ്ണുത്തി പൊള്ളന്നൂർ സ്വദേശിനി എ. സ്വപ്‌ന റിമാൻഡിൽ. തൃശൂർ വിജിലൻസ് കോടതിയാണ് ഇവരെ റിമാൻഡ് ചെയ്തത്. പിന്നാലെ കൊച്ചി കോർപ്പറേഷൻ സ്വപ്‌നയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതായി മേയർ എം. അനിൽകുമാർ അറിയിച്ചു. വളരെ ഗൗരവമുള്ള കുറ്റകൃത്യമാണ് സ്വപ്ന ചെയ്തതെന്ന് ബോദ്ധ്യപ്പെട്ടതിനാൽ 1960ലെ കേരള സർവീസ് ചട്ടങ്ങൾ പ്രകാരം കർശന തുടർശിക്ഷാ നടപടികൾ സ്വീകരിക്കും. ഇക്കാര്യം എൽ.എസ്.ജി.ഡി പ്രിൻസിപ്പൽ ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്യാൻ തീരുമാനിച്ചു.
സ്വപ്‌നയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം വിജിലൻസ് ഊർജിതമാക്കി. ഇവർ വരവിൽകവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ജോലി ചെയ്തിരുന്ന വൈറ്റില കോർപറേഷൻ സോണൽ ഓഫീസിൽ നടത്തിയ പരിശോധനയിൽ നിരവധി രേഖകൾ പിടിച്ചെടുത്തു. മുമ്പ് നൽകിയ ബിൽഡിംഗ് പെർമിറ്റുകളുടെ രേഖകൾ വിജിലൻസ് പരിശോധിക്കും. സമീപകാലത്ത് സ്വപ്ന അനുവദിച്ച കെട്ടിട നിർമാണ പെർമിറ്റുകളുടെ പൂർണവിവരം വിജിലൻസ് ശേഖരിച്ചു. ഇതിലെല്ലാം സ്വപ്ന അഴിമതി നടത്തിയിട്ടുണ്ടോയെന്നും പരിശോധിക്കും.
സ്വപ്നയുടെ കാറിൽ നിന്ന് പിടിച്ചെടുത്ത 45,000 രൂപ കൈക്കൂലി പണമാണോയെന്നും അന്വേഷിക്കുന്നുണ്ട്. മേലധികാരികളുടെ പ്രിയം നേടിയെടുത്താണ് സ്വപ്ന സുപ്രധാന ചുമതല നേടിയത്. 2019ലാണ് തൃശൂർ കോർപറേഷനിൽ ആദ്യമായി ജോലിയിൽ പ്രവേശിച്ചത്. സ്ഥലംമാറ്റത്തെ തുടർന്ന് 2023ൽ വൈറ്റില സോണൽ ഓഫീസിലെത്തി. ഫസ്റ്റ് ഗ്രേഡ് ഓവർസിയർ റാങ്ക് ആയതിനാൽ വേഗത്തിൽ ബിൽഡിംഗ് ഇൻസ്‌പെക്ടർ പദവിയിൽ എത്തുകയായിരുന്നു. എറണാകുളം സ്വദേശിയുടെ പരാതിയിലാണ് പിടിവീണത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |