കണ്ണൂർ: കുവൈത്തിലെ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിന് സമീപമുള്ള ഫ്ളാറ്റിൽ മലയാളി നഴ്സ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കുകയായിരുന്നു എന്നാണ് നിഗമനം. കണ്ണൂർ ആലക്കോട്
സ്വദേശി സൂരജ് (40), ഭാര്യ കോലഞ്ചേരി മണ്ണൂർ കൂഴുർ സ്വദേശി ബിൻസി (35) എന്നിവരാണ് മരിച്ചത്. ബിൻസിയുടെ മൃതദേഹം കഴുത്തറുത്ത നിലയിലായിരുന്നു. കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം.
അന്നു രാത്രി ദമ്പതികളുടെ ഫ്ലാറ്റിൽ നിന്ന് വഴക്കിടുന്ന ശബ്ദം കേട്ടതായി തൊട്ടടുത്ത് താമസിക്കുന്നവർ പൊലീസിനെ അറിയിച്ചു. സ്ത്രീയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടെങ്കിലും ഫ്ളാറ്റ് അടച്ചിരുന്നതിനാൽ ഇടപെടാൻ സാധിച്ചില്ലെന്നും ഇവർ പറഞ്ഞു. തുടർന്ന് സെക്യൂരിറ്റിയെ വിവരം അറിയിച്ചു. പിന്നാലെ പൊലീസ് സ്ഥലത്തെത്തി വാതിൽ തകർത്താണ് അകത്ത് കടന്നത്.
12 വർഷത്തോളമായി കുവൈത്തിലുള്ള ഇവർ ദിവസങ്ങൾക്ക് മുമ്പാണ് നാട്ടിൽപോയശേഷം മടങ്ങിയെത്തിയത്. ഇരുവരും ഓസ്‌ട്രേലിയയിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിന്റെ ഭാഗമായി കുവൈറ്റിലെ സ്കൂളിൽ പഠിച്ചിരുന്ന നാലും ഏഴും വയസുള്ള മക്കളെ മണ്ണൂരിലെ സ്കൂളിൽ ചേർത്തിരുന്നു.
ഈസ്റ്ററിന് തൊട്ടുമുമ്പാണ് ബിൻസി കുവൈത്തിലേക്ക് പോയത്. സൂരജ് ഈസ്റ്റർ കഴിഞ്ഞും. സൂരജ് കുവൈത്തിലെ ആരോഗ്യമന്ത്രാലയത്തിലാണ് നഴ്സായി ജോലി ചെയ്തിരുന്നത്. ബിൻസി കുവൈത്തിലെ പ്രതിരോധ മന്ത്രാലയത്തിലെ സ്റ്റാഫ് നഴ്സും. ഇരുവരും രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വ്യാഴാഴ്ച രാവിലെയാണ് ഫ്ളാറ്റിലെത്തിയതെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
തിങ്കളാഴ്ച സൂരജിന്റെ നാടായ ആലക്കോട്ടേക്ക് ഇരുവരുടേയും മൃതദേഹങ്ങൾ എത്തിച്ചേക്കും. ചൊവ്വാഴ്ച സംസ്‌കാരം നടത്തും. നടുവിൽ മണ്ഡളത്തെ പരേതനായ കുഴിയാത്ത് ജോയി- തങ്കമ്മ ദമ്പതികളുടെ മകനാണ് സൂരജ്. മണ്ണൂർ കുഴൂർ കട്ടക്കയം തോമസിന്റെയും അന്നമ്മയുടെയും മകളാണ് ബിൻസി. മക്കൾ: ടെസ മേരി, എഡ്വിൻ (പുല്ലുവഴി സെന്റ് ജോസഫ് സ്‌കൂൾ വിദ്യാർത്ഥികൾ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |