ന്യൂഡൽഹി: ശബരിമല ക്ഷേത്രത്തിന്റെ ഭരണത്തിന് വേണ്ടി പ്രത്യേക നിയമം കൊണ്ടുവരാൻ ആലോചിക്കുന്നതായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. 2007ലെ ദേവപ്രശ്നത്തിന് എതിരെ പന്തളം രാജകുടുംബാംഗം രേവതി നാൾ പി. രാമവർമ രാജ അന്ന് നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ഹർജി നാലാഴ്ചയ്ക്ക്ശേഷം പരിഗണിക്കാൻ മാറ്റിക്കൊണ്ടുള്ള ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ ഉത്തരവിലാണ് സംസ്ഥാന നിലപാട് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്തയാണ് നിലപാട് അറിയിച്ചത്.
നിലവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലാണ് ശബരിമല ക്ഷേത്ര ഭരണം. അതേസമയം ശബരിമല മാത്രമല്ല, തിരുവിതാംകൂർ ദേവസ്വംബോർഡിന് കീഴിലുള്ള മുഴുവൻക്ഷേത്രങ്ങളിലെയും ഭരണത്തിന് പ്രത്യേക നിയമം കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നതായാണ് കോടതിയെ അറിയിച്ചതെന്ന് സർക്കാരിന്റെ സ്റ്റാൻറിംഗ് കൗൺസൽ ജി.പ്രകാശ് കേരളകൗമുദിയോട് പറഞ്ഞു.
അതേസമയം ശബരിമലയിൽ നിലവിലെ സ്ഥിതിയിൽ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രത്യേക നിയമം കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നില്ല
ഭരണത്തിനായി അതോറിട്ടി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ല. കോടതിയിൽ ഇത്തരം സത്യവാങ്മൂലം നൽകിയിട്ടില്ലെന്നും വാർത്തയ്ക്ക് ആധാരമായ വിവരമെന്തെന്ന് പരിശോധിക്കുമെന്നും ദേവസ്വംമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |