സേവന, വ്യവസായ മേഖലകളിൽ ലാഭം ഇടിയുന്നു
കൊച്ചി: സാമ്പത്തിക മേഖലയിൽ അനിശ്ചിതത്വം ഏറിയതോടെ രാജ്യത്തെ പ്രമുഖ കമ്പനികളുടെ ലാഭം കുത്തനെ ഇടിയുന്നു. സിമന്റ്, പെട്രോകെമിക്കൽ, വസ്ത്രം, ബാങ്കിംഗ് തുടങ്ങിയ മേഖലകളിലെ കമ്പനികളാണ് ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിൽ പ്രവർത്തന ലാഭത്തിൽ കനത്ത സമ്മർദ്ദം നേരിടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രവർത്തന ഫലം പ്രഖ്യാപിച്ച അംബുജ സിമന്റ്സ്, മാരുതി സുസുക്കി, അദാനി ടോട്ടൽ ഗ്യാസ്, ട്രെന്റ്, എസി.സി, എച്ച്.സി.എൽ ടെക്ക്, എസ്.ബി.ഐ, സ്‌റ്റാർ ഹെൽത്ത്, സൊമാറ്റോ തുടങ്ങിയവയുടെ അറ്റാദായത്തിൽ അവലോകന കാലയളവിൽ ഗണ്യമായ ഇടിവുണ്ടായി.
പ്രമുഖ സിമന്റ് ഉത്പാദകരായ അംബുജ സിമന്റ്സിന്റെ അറ്റാദായം ഒൻപത് ശതമാനം ഇടിഞ്ഞ് 956.27 കോടി രൂപയായി. വരുമാനം മെച്ചപ്പെട്ടുവെങ്കിലും ചെലവ് കൂടിയതാണ് ലാഭസമ്മർദ്ദം ശക്തമാക്കിയത്. ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള റീട്ടെയിൽ കമ്പനിയായ ട്രെന്റിന്റെ അറ്റാദായം അവലോകന കാലയളവിൽ 56 ശതമാനം ഇടിഞ്ഞ് 311 കോടി രൂപയിലെത്തി. അദാനി ഗ്യാസിന്റെ ലാഭം 7.9 ശതമാനം കുറഞ്ഞ് 154.59 കോടി രൂപയിലെത്തി. സിമന്റ് കമ്പനിയായ എ.സി.സിയുടെ ലാഭം 20.4 ശതമാനം താഴ്ന്ന് 751 കോടി രൂപയായി. വൈദ്യുതി വിൽപ്പനയിൽ 21 ശതമാനം വർദ്ധനയുണ്ടായെങ്കിലും അദാനി പവറിന്റെ അറ്റാദായം 39 ശതമാനം ഇടിഞ്ഞ് 12,750 കോടി രൂപയായി.
ലാഭവിഹിതക്കാലം
അറ്റാദായത്തിൽ ഇടിവുണ്ടെങ്കിലും ഓഹരി ഉടമകൾക്ക് മികച്ച ലാഭവിഹിതമാണ് കമ്പനികൾ നൽകുന്നത്. ബി.പി.സി.എൽ പത്ത് രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് അഞ്ച് രൂപയുടെ ലാഭവിഹിതം പ്രഖ്യാപിച്ചു. ഗൗതം അദാനി ഗ്രൂപ്പ് സ്ഥാപനമായ അംബുജ സിമന്റ്സ് ഓഹരിയൊന്നിന് രണ്ട് രൂപയാണ് ലാഭവിഹിതമായി പ്രഖ്യാപിച്ചത്. മാരുതി സുസുക്കി ഓഹരി ഒന്നിന് 135 രൂപ ലാഭവിഹിതമായി നൽകും. അൾട്രാടെക്ക് സിമന്റ് ഓഹരി ഒന്നിന് 77.50 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |