കമ്പനികളിൽ വിദേശ നിക്ഷേപകരുടെ പങ്കാളിത്തം കുറയുന്നു
കൊച്ചി: നാഷണൽ സ്‌റ്റോക്ക് എക്സ്‌ചേഞ്ചിൽ ലിസ്‌റ്റ് ചെയ്ത കമ്പനികളുടെ ഉടമസ്ഥാവകാശത്തിൽ വിദേശ ധനകാര്യ സ്ഥാപനങ്ങളെ മറികടന്ന് സ്വദേശ ഫണ്ടുകൾ മുന്നിലെത്തി. 22 വർഷത്തിന് ശേഷം ഇതാദ്യമായാണ് വിദേശ ഫണ്ടുകളേക്കാൾ ഓഹരി പങ്കാളിത്തം ആഭ്യന്തര നിക്ഷേപകർക്ക് ലഭിക്കുന്നത്. ഇന്ത്യൻ ഓഹരികളോട് വിദേശ സ്ഥാപനങ്ങൾക്ക് പ്രിയം കുറയുന്നുവെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ ഓഹരികളുടെ ഉയർന്ന വിലയും ലാഭത്തിലും വിറ്റുവരവിലുമുണ്ടാകുന്ന ഇടിവുമാണ് പ്രധാനമായും വിദേശ ഫണ്ടുകളെ ഇന്ത്യൻ വിപണിയിൽ നിന്ന് അകറ്റുന്നത്.
ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിൽ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം 0.72 ശതമാനം ഉയർന്ന് 17.62 ശതമാനമായി. അതേസമയം ഇതേകാളയളവിൽ വിദേശ നിക്ഷേപകരുടെ പങ്കാളിത്തം 0.02 ശതമാനം കുറഞ്ഞ് 17.22 ശതമാനത്തിലെത്തി. പത്ത് വർഷം മുൻപ് വിദേശ നിക്ഷേപകരുടെ ഇന്ത്യൻ കമ്പനികളിലെ ഓഹരി പങ്കാളിത്തം 20.71 ശതമാനമായിരുന്നു.
അഞ്ച് വർഷമായി മ്യൂച്വൽ ഫണ്ടുകളും ഇൻഷ്വറൻസ് കമ്പനികളും പെൻഷൻ ഫണ്ടുകളുമടക്കമുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിലേക്ക് വൻതോതിൽ പണമൊഴുക്കുകയാണ്. വ്യക്തിഗത ഉപഭോക്താക്കളുടെ നിക്ഷേപ താത്പര്യങ്ങളിലുണ്ടായ വ്യത്യാസമാണ് ആഭ്യന്തര ഫണ്ടുകൾക്ക് അധിക തുക സമാഹരിക്കാൻ കരുത്തായത്. കൊവിഡ് രോഗകാലത്തിന് ശേഷം ചെറുകിട നിക്ഷേപകർ ഫിക്സഡ് ഡെപ്പോസിറ്റുകളിലെയും റിയൽ എസ്‌റ്റേറ്റ് നിക്ഷേപങ്ങളിലെയും പണത്തിന്റെ ഒരു ഭാഗം ഓഹരി വിപണിയിൽ മുടക്കാൻ തയ്യാറായി.
പ്രതിസന്ധിയിലും കുലുങ്ങാതെ വിപണി
ജനുവരി -മാർച്ച് കാലയളവിൽ വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് 1.36 ലക്ഷം രൂപയാണ് പിൻവലിച്ചത്. എന്നാൽ ഇതേകാലയളവിൽ ആഭ്യന്തര ഫണ്ടുകൾ 1.9 ലക്ഷം കോടി രൂപയുടെ ഓഹരികൾ വാങ്ങിയതാണ് വിപണിയെ കനത്ത തകർച്ചയിൽ നിന്ന് രക്ഷപ്പെടുത്തിയത്.
മ്യൂച്വൽ ഫണ്ടുകളിലേക്ക് പണമൊഴുകുന്നു
അതേസമയം വിപണിയിൽ നേരിട്ട് നിക്ഷേപിക്കുന്ന ചെറുകിടക്കാരുടെ എണ്ണം കുറയുകയാണ്. സിസ്‌റ്റമാറ്റിക് ഇൻവെസ്‌റ്റ്മെന്റ് പദ്ധതികളിലൂടെ ചെറുകിട നിക്ഷേപകർ വലിയ തോതിൽ പണമൊഴുക്കിയതോടെ മ്യൂച്വൽ ഫണ്ടുകൾ മാർച്ച് പാദത്തിൽ 1.16 ലക്ഷം കോടി രൂപയാണ് വിപണിയിലത്തിച്ചത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ എസ്.ഐ.പി നിക്ഷേപം
3 ലക്ഷം കോടി രൂപ
2025 മാർച്ചിൽ മ്യൂച്വൽ ഫണ്ടുകളുടെ മൊത്തം ആസ്‌തി
65.74 ലക്ഷം കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |