തിരുവനന്തപുരം: വിട്ടുപിരിയാത്ത സുഹൃത്തുക്കൾ, ഗ്രന്ഥശാലയിലും ക്ഷേത്രോത്സവ പരിപാടികളിലും സജീവ സാന്നിദ്ധ്യം, നാട്ടുകാരുടെ ഏത് ആവശ്യങ്ങൾക്കും ഓടിയെത്തുന്നവർ......
തമിഴ്‌നാട്ടിലെ തിരുവാരൂരിലെ വാഹനാപകടത്തിൽ മരിച്ച നാലുപേരെക്കുറിച്ചും നാട്ടുകാർക്ക് പറയാൻ ഇതുമാത്രമേയുള്ളൂ. അപ്രതീക്ഷിത വേർപാട് വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് എല്ലാവരും. രാഷ്ട്രീയ പാർട്ടികളിൽ അംഗമല്ലെങ്കിലും പൊതുപ്രവർത്തനത്തിൽ സജീവമായിരുന്നു. യാത്രാപ്രിയരായിരുന്നു ഇവർ. എല്ലാ ആഴ്ചയിലും യാത്രപോകും. കഴിഞ്ഞ ആഴ്ചയിൽ തമിഴ്നാട് അതിർത്തിയിലെ നെട്ട ഡാമിലേക്കായിരുന്നു യാത്ര. ഷാജുനാഥായിരുന്നു നേതൃത്വം വഹിച്ചിരുന്നത്.
ജയപ്രസാദും രാജേഷും എല്ലാ ആഴ്ചയിലും വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും പതിവായിരുന്നു.
സമീപത്തെ മുലയൻ താന്നി ദേവീ ക്ഷേത്രത്തിന്റെ ഏതുകാര്യത്തിലും സജീവമായിരുന്ന ഇവർ അയ്യപ്പ സേവാസംഘത്തിന്റെയും സജീവ പ്രവർത്തകരായിരുന്നു. യാത്രാസംഘത്തിൽ ഇന്നലെ യാത്രപോയ ഏഴുപേരെ കൂടാതെ നിരവധിപേരുണ്ട്. ഓരോ ആഴ്ചയിലും അപ്പോഴുള്ള ആളുകളുമായാണ് യാത്രപോകുന്നത്. വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കാണ് പതിവായി യാത്രപോകുന്നത്.
ശനിയാഴ്ച വൈകിട്ട് 7ഓടെയാണ് ഇവർ യാത്ര തിരിച്ചത്. ഷാജുനാഥിന്റെ വാഹനത്തിലായിരുന്നു യാത്ര. ഇന്നലെ രാത്രി മടങ്ങിവരാനായിരുന്നു പ്ലാൻ. സംഘത്തിലെ ഒരാളൊഴികെ മറ്റ് ആറുപേരും മികച്ച ഡ്രൈവർമാരാണ്. ഓരോരുത്തരും മാറിമറിയായിരുന്നു വാഹനം ഓടിച്ചിരുന്നത്. തമാശകൾ പറഞ്ഞുള്ള യാത്രയിൽ ഉറക്കമൊന്നും ഇവർക്ക് പ്രശ്‌നമാകാറേയില്ലെന്ന് ഇവർക്കൊപ്പം മുമ്പ് യാത്രപോയിട്ടുള്ളവർ പറയുന്നു.
' മകൻ യാത്രപറഞ്ഞിറങ്ങിയത്
മരണത്തിലേക്ക് ' .....
'ശനിയാഴ്ച വൈകിട്ട് യാത്രപറഞ്ഞ് ഇറങ്ങിയതാണ്, രാവിലെ കേട്ടത് ..............'. തിരുവാരൂരിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഷാജുനാഥിന്റെ പിതാവ് രവീന്ദ്രന്റെ കണ്ഠമിടറി.
ബിരുദപഠനം കഴിഞ്ഞപ്പോൾ തുടർന്നു പഠിക്കേണ്ടെന്നായിരുന്നു ഷാജുനാഥിന്റെ തീരുമാനം. ബാങ്ക് ലോണെടുത്താണ് മൊബൈൽ ഷോപ്പ് തുടങ്ങിയത്. ആറുവർഷമായി കട നടത്തുന്നു. അഭിമാനിയായിരുന്നു മകനെന്ന് അദ്ദേഹം പറഞ്ഞു. ബാങ്ക് ലോൺ തവണ അടയ്ക്കാൻ അല്പം വൈകിയപ്പോൾ ബാങ്ക് മാനേജർ ദേഷ്യപ്പെട്ടതിന്റെ പേരിൽ ഉടനടി ലോൺതുക മുഴുവൻ അടച്ചുതീർത്ത സംഭവം പറഞ്ഞപ്പോൾ രവീന്ദ്രന്റെ കണ്ണുകൾ നിറഞ്ഞു. വ്യാപാരി വ്യവസായി സംഘടനയുടെ നെല്ലിമൂട് യൂണിറ്റ് പ്രസിഡന്റ് കൂടിയാണ് രവീന്ദ്രൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |