പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ സൈനികദൗത്യം 'ഓപ്പറേഷൻ സിന്ദൂർ' ഇതിനകം ലോകശ്രദ്ധ നേടിക്കഴിഞ്ഞു. പാകിസ്ഥാനിലെയും പാക് അധിനിവേശ കാശ്‌മീരിലെയും ഭീകര ക്യാമ്പുകളിലേക്ക് ഇന്ത്യ നടത്തിയ സൈനിക നടപടിയിൽ കൊടും ഭീകരൻ ഹാഫിസ് സയിദിന്റെ 10 കുടുംബാംഗങ്ങളടക്കം നിരവധി പേർ മരിച്ചിരുന്നു. ഒൻപത് ഭീകരകേന്ദ്രങ്ങളെയാണ് ഇന്ത്യ തകർത്തുകളഞ്ഞത്.
ഇന്ത്യ കൃത്യതയാർന്ന ആക്രമണമാണ് ഇന്ന് പുലർച്ചെ പാകിസ്ഥാനിൽ നടത്തിയത്. ഹാമ്മർ ബോംബുകളും സ്‌കാൽപ് മിസൈലുകളുമാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിന് ഉപയോഗിച്ചത്. ഇത്തരം ഭീഷണികളുണ്ടാകുമ്പോൾ പ്രതിരോധത്തിനായി കൃത്യത ഉറപ്പാക്കുന്ന മികവാർന്ന ആയുധങ്ങൾ ഇന്ത്യ പ്രാദേശികമായി നിർമ്മിക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ ഭൂതല-വായു മിസൈലായ ആകാശിന്റെ പേര് എടുത്തുപറയേണ്ടതാണ്. ഏഷ്യൻ രാജ്യമായ അർമേനിയയുമായി ഇന്ത്യ ഏർപ്പെട്ട പ്രതിരോധ കരാറിൽ ഇത്തരത്തിൽ മികച്ച മിസൈൽ സംവിധാനമായ ആകാശ്- 1എസ് മിസൈൽ കൈമാറുന്നുണ്ട്.
2024 നവംബറിൽ ആദ്യ ബാച്ച് ആകാശ് മിസൈൽ ഇന്ത്യ കൈമാറിക്കഴിഞ്ഞു. 90 ശതമാനം കൃത്യത പുലർത്തുന്ന മീഡിയം സൈസ് മിസൈലാണ് ആകാശ്. 720 മില്യൺ ഡോളറിന്റെ (6000 കോടി രൂപ) കരാറാണ് 2022ൽ ഇന്ത്യയുമായി അർമേനിയ ഉണ്ടാക്കിയിരിക്കുന്നത്. 15 ആകാശ് മിസൈൽ സിസ്റ്റമാണ് ഇന്ത്യ അർമേനിയയ്‌ക്ക് കൈമാറേണ്ടത്. ഇതിൽ രണ്ടാംഘട്ട മിസൈലുകൾ ജൂലായ് മാസത്തിന് ശേഷം വിതരണം ചെയ്യും.
ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡും (ബിഇഎൽ), ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡും (ബിജിഎൽ) ആണ് ആകാശ് മിസൈൽ നിർമ്മിച്ചിരിക്കുന്നത്. മൂന്ന് മിസൈലുകൾ കൊള്ളുന്ന നാല് ലോഞ്ചറുകൾ ഓരോ മിസൈൽ സിസ്റ്റത്തിലുമുണ്ടാകും. രാജേന്ദ്ര 3ഡി റഡാറും ഇതിനൊപ്പമുണ്ട്. ഡ്രോണുകളും യുദ്ധവിമാനങ്ങളും വഴി തങ്ങൾ നേരിടുന്ന ഭീഷണിയെ തടുക്കാൻ അർമേനിയയ്‌ക്ക് വലിയ സഹായമാകും ആകാശ് മിസൈലുകൾ.
ആകാശ് മിസൈൽ സംവിധാനം വാങ്ങുന്ന ആദ്യ വിദേശരാജ്യമായി 2022ലാണ് അർമേനിയ മാറിയത്. ബ്രഹ്‌മോസ് മിസൈലുകൾ വാങ്ങിയ ഫിലിപ്പൈൻസ് ആണ് മുൻപ് ഇന്ത്യയിൽ നിന്നും ആയുധങ്ങൾ വാങ്ങിയ ആദ്യ രാജ്യം. യുദ്ധവിമാനങ്ങൾ, ക്രൂയിസ് മിസൈലുകൾ, ഡ്രോണുകൾ എന്നിവയിൽ നിന്നുമുണ്ടാകുന്ന ആക്രമണങ്ങളെ ഭദ്രമായി ചെറുക്കുന്ന പുതിയ പതിപ്പാണ് ആകാശ് -1എ. 30 കിലോമീറ്റർ വരെ ദൂരത്തുള്ള ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്താനാകും. പരമാവധി 720 കിലോയാണ് ഭാരം. നിലവിൽ ഇന്ത്യ ഉപയോഗിക്കുന്ന ആകാശ് മിസൈലുകളിൽ നിന്നും നേരിയ വ്യത്യാസം അർമേനിയൻ പതിപ്പിനുണ്ടാകും. ഒരൊറ്റതവണ നാല് ലക്ഷ്യസ്ഥാനങ്ങളെ കൃത്യമായി തകർക്കാൻ ആകാശ്-1എയ്‌ക്ക് കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |