തൃശൂർ: മദ്യം ഉൾപ്പെടെ വിവിധതരം ലഹരിയിലായിരുന്നു നല്ലെങ്കരയിൽ ഗുണ്ടയുടെ ജന്മദിന ആഘോഷം. സമയം അതിരുകടന്നതോടെ ജന്മദിനം ആഘോഷിച്ച അൽ അഹദിലും സഹോദരൻ അൽത്താറും ഉമ്മയുടെ അടുത്ത് പോകണമെന്ന് പറഞ്ഞു. ഇതേച്ചൊല്ലി ഉണ്ടായ തർക്കം രണ്ടു ചേരിയായുള്ള ഏറ്റുമുട്ടലായി. സംഭവമറിഞ്ഞ അൽ അഹദിലിന്റെ മാതാവ് തൃശൂർ പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. ആദ്യമെത്തിയത് കൺട്രോൾ റൂമിലെ പൊലീസ് സംഘം. പിന്നാലെ മണ്ണുത്തി പൊലീസുമെത്തി. ഗുണ്ടകളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചു. അതുവരെ തമ്മിലടിച്ചവർ പൊടുന്നനെ ഒന്നായി പൊലീസിനെ ആക്രമിച്ചു. പൊലീസ് ജീപ്പ് വടിവാളും കമ്പിപ്പാരകളും ഉപയോഗിച്ച് തകർത്തു.
അക്രമം കലശലായതോടെ പൊലീസ് പിൻവാങ്ങി. ഇതിനിടെ കൺട്രോൾ റൂമിൽ നിന്ന് രണ്ട് വാഹനത്തിൽക്കൂടി പൊലീസെത്തിയെങ്കിലും അക്രമം തുടർന്നു. ജീപ്പുകളുടെ ചില്ലും ലൈറ്റും അടിച്ചുതകർത്തു. ഇതോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി. അക്രമികൾ ഇരുട്ടിൽ മറഞ്ഞെങ്കിലും പൊലീസ് സാഹസികമായി ആറു പേരെ പിടികൂടി. സംഘത്തിൽപ്പെട്ടവർ പിന്നെയും വാടിവാളുമായി ആക്രമിക്കാൻ ശ്രമിച്ചു. പൊലീസിന്റെ കൈയിൽ ലാത്തി മാത്രമാണുണ്ടായിരുന്നത്. കൂടുതൽ പൊലീസ് എത്തിയതോടെ ഗുണ്ടാസംഘത്തിലെ മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. പുലർച്ചെ നാലോടെയാണ് മറ്റു പ്രതികളെ കീഴടക്കാനായത്. സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ, ഒല്ലൂർ എ.സി.പി പി.പി.സുധീരൻ, തൃശൂർ സിറ്റി എ.സി.പി സലീഷ് എൻ.ശങ്കർ, മണ്ണുത്തി എസ്.എച്ച്.ഒ കെ.സി.ബൈജു തുടങ്ങി ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |