ന്യൂഡൽഹി: പാകിസ്ഥാന്റെ ഭാഗത്തുനിന്ന് സംഭവിച്ചേക്കാവുന്ന ആക്രമണങ്ങൾ നേരിടാൻ സർവ സജ്ജമായി ഇന്ത്യൻ സൈന്യം. കര - നാവിക - വ്യോമ സേനകൾ പ്രതിരോധം ശക്തമാക്കി. പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ഉണ്ടായേക്കാവുന്ന വ്യോമാക്രമണം തടയാൻ വിവിധ തലങ്ങളിലുള്ള വ്യോമ പ്രതിരോധ മേഖലയും സജീവമാക്കി. നാവിക സേന അറബിക്കടലിൽ യുദ്ധക്കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്. അതിർത്തിയിലെ കരസേനാ യൂണിറ്റുകളും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ തയ്യാറാണ്. വ്യോമസേനാ യുദ്ധവിമാനങ്ങളും അതിർത്തിയിൽ വ്യോമ പട്രോളിംഗ് നടത്തുകയാണ്.
തിരിച്ചടിക്കാനായി പാകിസ്ഥാൻ ലാഹോറിൽ വൻ പടയൊരുക്കം നടത്തുന്നതായാണ് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയുടെ സൈനിക സാഹസികതയ്‌ക്ക് വേഗത്തിൽ മറുപടി നൽകുമെന്ന് പാകിസ്ഥാൻ ആർമി ചീഫ് ജനറൽ അസിം മുനീർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഓപ്പറേഷൻ സിന്ദൂറിലൂടെ ഉണ്ടായ നഷ്‌ടങ്ങൾക്ക് പാകിസ്ഥാന് തിരിച്ചടിക്കാതിരിക്കാൻ സാധിക്കില്ലെന്നും പാക് സൈന്യത്തിന് വലിയ സമ്മർദമുണ്ടെന്നുമാണ് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാകിസ്ഥാന്റെ സൈനിക വിമാനങ്ങൾ പഞ്ചാബ് അതിർത്തി വരെ എത്തി തിരിച്ച് പോയെന്നും റിപ്പോർട്ടുകളുണ്ട്.
അതിനിടെ, ഇന്ത്യയുടെ ആണവായുധ ശേഖരം കൈകാര്യം ചെയ്യുന്ന ട്രൈസർവീസ് സ്‌ട്രാറ്റജിക് ഫോഴ്‌സ് കമാൻഡിനും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പാകിസ്ഥാന്റെ ഏത് തരത്തിലുള്ള പ്രത്യാക്രമണത്തിനും ശക്തമായ തിരിച്ചടി നൽകാനാണ് ഇന്ത്യൻ സൈന്യത്തിന്റെ തീരുമാനം. 380 കിലോമീറ്റർ ദൂരപരിധിയിൽ തിരിച്ചടി നൽകാവുന്ന ബോംബറുകൾ, യുദ്ധവിമാനങ്ങളും മിസൈലുകളും കണ്ടെത്തി നശിപ്പിക്കാൻ കഴിയുന്ന റഷ്യൻ നിർമിത എസ് - 400 സർഫസ് - ടു - എയർ മിസൈൽ പ്രതിരോധ സംവിധാനം, ഇസ്രയേൽ നിർമിത ബരാക് - 8 മീഡിയം റേഞ്ച് സർഫസ് - ടു - എയർ മിസൈൽ സംവിധാനം (70 കിലോമീറ്റർ പരിധി), തദ്ദേശീയമായി നിർമിച്ച ആകാശ് വ്യോമ പ്രതിരോധ മിസൈൽ സംവിധാനം (25 കിലോമീറ്റർ ദൂരപരിധി), ഇസ്രയേൽ നിർമിത ലോ - ലെവൽ സ്പൈഡർ ക്വിക്ക് - റിയാക്ഷൻ ആന്റി - എയർക്രാഫ്റ്റ് മിസൈലുകൾ (15 കിലോമീറ്റർ ദൂരപരിധി) എന്നിവയാണ് അതിർത്തി മേഖലയിൽ ഇന്ത്യ വിന്യസിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |