ന്യൂഡൽഹി: കൊല്ലപ്പെട്ട ടെന്നിസ് താരം രാധിക യാദവിന് വീട്ടിൽ കടുത്ത നിയന്ത്രണങ്ങളായിരുന്നുവെന്ന് രാധികയുടെ അടുത്ത സുഹൃത്തും ടെന്നിസ് താരവുമായ ഹിമാൻഷിക സിംഗ് രാജ്പുത്. രാധികയുടെ ജീവിതത്തിലെ എല്ലാ തീരുമാനങ്ങളുമെടുത്തിരുന്നത് പിതാവ് ദീപക്കായിരുന്നെന്നും പറഞ്ഞു. ഇന്നലെ സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഹിമാൻഷികയുടെ വെളിപ്പെടുത്തൽ. രണ്ട് ഭാഗങ്ങളായാണ് വീഡിയോ പുറത്തുവിട്ടത്.
'മാതാപിതാക്കൾ രാധികയുടെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നു. നാട്ടുകാർ എന്ത് കരുതുമെന്നത് അവർക്ക് വലിയ പ്രശ്‌നമായിരുന്നു. രാധിക ആൺകുട്ടികളോട് സംസാരിക്കുന്നതും ഷോർട്‌സ് ധരിക്കുന്നതുമൊക്കെ വിലക്കി. എവിടെ പോയാലും ആരാണ് കൂടെയെന്നും എന്തിനാണ് പോകുന്നതെന്നും വിശദീകരിക്കണമായിരുന്നു. ഈ രീതികളിൽ അവൾ വല്ലാതെ വീർപ്പുമുട്ടിയിരുന്നു"- വീഡിയോയുടെ ഒന്നാം ഭാഗത്തിൽ വ്യക്തമാക്കുന്നു.
കൊല്ലപ്പെടുന്നതിന് പത്ത് ദിവസം മുമ്പ് മുതൽ രാധിക കടുത്ത സമ്മർദ്ദത്തിലായിരുന്നെന്നും മൂന്ന് ദിവസം ആസൂത്രണം ചെയ്തശേഷമാണ് പിതാവ് കൊലപാതകം നടത്തിയതെന്നും രണ്ടാമത്തെ വീഡിയോയിൽ പറയുന്നു.
തോളെല്ലിന് പരിക്കേറ്റതിനെ തുടർന്ന് രാധിക രണ്ടുവർഷമായി ടെന്നിസ് മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. നാട്ടിലെ കുട്ടികളെ ടെന്നിസ് പരിശീലിപ്പിച്ചിരുന്നു. സമൂഹമാദ്ധ്യമങ്ങളിലും സജീവമായിരുന്നു.
രാധികയുടെ സമൂഹമാദ്ധ്യമ ഉപയോഗത്തിലും ടെന്നിസ് അക്കാഡമി നടത്തുന്നതിലുമുള്ള എതിർപ്പാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ രാധികയ്ക്ക് ടെന്നിസ് അക്കാഡമി ഇല്ലെന്ന് പിന്നീട് വ്യക്തമായി.
ടെന്നിസ് മത്സരങ്ങളിലേക്ക് തിരിച്ചുവരാൻ ശ്രമിക്കാതെ കുട്ടികളെ പരിശീലിപ്പിക്കുന്നതിൽ ദീപക് നിരാശനായിരുന്നു. രാധിക സമൂഹമാദ്ധ്യമം ഉപയോഗിക്കുന്നതിനെയും രാധികയുടെ സ്വഭാവത്തെയും ബന്ധുക്കൾ വിമർശിച്ചതിൽ താൻ അസ്വസ്ഥനായിരുന്നെന്നും ഇതാണ് കൊലയ്ക്ക് കാരണമെന്നും ദീപക് പറഞ്ഞതായാണ് പിന്നീട് പൊലീസ് പറഞ്ഞത്.
കൊലയ്ക്ക് പിന്നാലെ അറസ്റ്റിലായ ദീപക്കിനെ കഴിഞ്ഞദിവസം കോടതി 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.
'മകളെ കൊന്നു, എന്നെ
തൂക്കിക്കൊല്ലൂ'
ദീപക് മകളെ വളരയെധികം സ്‌നേഹിച്ചിരുന്നെന്നും മകളെ കൊലപ്പെടുത്തിയ തന്നെ കൊല്ലണമെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞതായും ദീപക്കിന്റെ സഹോദരൻ വിജയ് യാദവ്. രാധികയെ വെടിവച്ച് നിമിഷങ്ങൾക്കുശേഷം ദീപക് തന്നെ വിളിച്ചതായും പറഞ്ഞു. 'സഹോദരാ, ഞാൻ കന്യാ വധം ചെയ്തു. എന്നെ കൊല്ലൂ എന്നാണ് ദീപക് പറഞ്ഞത്.
'എന്നെ തൂക്കിക്കൊല്ലൂ' എന്ന് ദീപക് പൊലീസ് സ്റ്റേഷനിൽ വച്ചും പറഞ്ഞിരുന്നു. ദീപക്ക് മകളെ ഏറെ സ്‌നേഹിച്ചിരുന്നു. അവളുടെ കരിയറിന് വേണ്ടി ധാരാളം പണം ചെലവാക്കി. അവർ തമ്മിൽ എന്തെങ്കിലും പ്രശ്‌നമുള്ളതായി അറിയില്ല. എന്തിനാണ് കൊല നടത്തിയതെന്നും കുടുംബത്തിൽ ആർക്കും അറിയില്ല.'- വിജയ് പറഞ്ഞു. രാധികയ്ക്ക് ടെന്നിസ് അക്കാഡമി ഇല്ലായിരുന്നുവെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |