ന്യൂഡൽഹി: ഇന്ത്യ - പാക് സംഘർഷത്തെ തുടർന്ന് മത്സരം പാതിവഴിയിൽ നിർത്തിയതിന് പിന്നാലെ ഐപിഎൽ താരങ്ങളെ പ്രത്യേക വന്ദേഭാരത് ട്രെയിനിൽ ഡൽഹിയിൽ എത്തിച്ചു.
ധരംശാലയിൽ വ്യാഴാഴ്‌ച നടന്ന പഞ്ചാബ് കിംഗ്‌സ് - ഡൽഹി ക്യാപ്പിറ്റൽസ് മത്സരമാണ് ജമ്മുവിലും പത്താൻകോട്ടിലും അപായ സൈറൺ മുഴങ്ങിയതിന് പിന്നാലെ നിർത്തിവച്ചത്. ഇതോടെ ഇരു ടീമിലെയും താരങ്ങളും മറ്റ് സ്റ്റാഫുകളും ധരംശാലയിൽ കുടുങ്ങിയിരുന്നു. വിവിധ വിമാനത്താവളങ്ങൾ സംഘർഷത്തെത്തുടർന്ന് അടച്ചിട്ടതോടെ ഇവരുടെ മടക്കയാത്ര അനിശ്ചിതത്വത്തിലായി. എന്നാൽ, റെയിൽവേ മന്ത്രാലയത്തിന്റെ ഇടപെടലിലൂടെ താരങ്ങളെയും അവരുടെ സപ്പോർട്ട് സ്റ്റാഫുകളെയും കമന്റേറ്റർമാരെയും മറ്റ് സാങ്കേതിക സംഘത്തെയും ഡൽഹിയിലെത്തിക്കാൻ പ്രത്യേക വന്ദേഭാരത് ട്രെയിൻ ഏർപ്പാടാക്കുകയായിരുന്നു.
താരങ്ങൾ വന്ദേഭാരത് ട്രെയിനിൽ സുരക്ഷിതരായി മടങ്ങുന്ന ദൃശ്യങ്ങൾ ഐപിഎൽ പങ്കുവച്ചിട്ടുണ്ട്. ഐപിഎൽ അധികൃതർ റെയിൽവേ മന്ത്രാലയത്തിന് നന്ദി അറിയിക്കുകയും ചെയ്‌തു. ജലന്ധറിൽ നിന്നായിരുന്നു താരങ്ങൾ ഡൽഹിയിലേക്ക് പുറപ്പെട്ടത്. ശ്രേയസ് അയ്യർ, ഫാഫ് ഡുപ്ലെസി, കുൽദീപ് യാദവ് എന്നിവരും കമന്റേറ്റർ അഞ്ജും ചോപ്രയും വന്ദേഭാരതിൽ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഐപിഎൽ ഔദ്യോഗിക പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |