ന്യൂയോർക്ക് : സാൻവിച്ചുകൾ ഇഷ്ടമുള്ളവരാണോ നിങ്ങൾ. അങ്ങനെയെങ്കിൽ ലോകത്തെ ഏറ്റവും മികച്ച സാൻവിച്ച് ഏതാണെന്ന് അറിയാമോ ? ലോകത്തിന്റെ എല്ലാ കോണിലും ആരാധകരുള്ള ഷവർമ്മയ്ക്കാണ് ഈ നേട്ടം. ലോകപ്രശസ്ത യാത്രാ ഓൺലൈൻ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് തയ്യാറാക്കിയ സാൻവിച്ചുകളുടെ പുതിയ പട്ടികയിലാണ് ലോകത്തെ മറ്റ് സാൻവിച്ച് വിഭവങ്ങളെ പിന്നിലാക്കി മിഡിൽ ഈസ്റ്റിൽ ഉത്ഭവിച്ച്, നമ്മുടെ കേരളത്തിൽ വരെ തരംഗം സൃഷ്ടിച്ച ഷവർമ്മ ഒന്നാം സ്ഥാനത്തെത്തിയത്.
വിയറ്റ്നാമിന്റെ ബാൻ മീ രണ്ടാമതും തുർക്കിയുടെ ടോംബിക് ഡോണർ മൂന്നാമതും എത്തി. ഇന്ത്യയുടെ വടാ പാവും പട്ടികയിലുണ്ട്. 26 -ാം സ്ഥാനമാണ് വടാ പാവിന്. സാൻവിച്ചിന്റെ കൂട്ടത്തിൽപ്പെടുമെങ്കിലും ജ്യൂസിയും മാംസം നിറച്ചതുമായ റോളായാണ് ഷവർമ്മ കാണപ്പെടുന്നത്. ഫ്രഞ്ച് സാൻവിച്ചായ ബാഗെറ്റുമായി സാമ്യമുള്ളതാണ് വിയറ്റ്നാമിന്റെ ബാൻ മീ. ഇതിയിൽ മാംസവും പച്ചക്കറികളും മയൊണൈസിലോ ചില്ലി സോസിലോ ചേർത്താണ് ഫില്ലിംഗ് തയാറാക്കുന്നത്.
ലെബനനിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നെങ്കിലും ഷവർമ്മയുടെ ഉത്ഭവസ്ഥാനം സംബന്ധിച്ച് തർക്കങ്ങൾ നിലവിലുണ്ട്. 18-19 നൂറ്റാണ്ടുകളിൽ ഓട്ടോമൻ സാമ്രാജ്യത്തിന്റെ കാലത്ത് രൂപംകൊണ്ടതിനാൽ തുർക്കിയെ ഷവർമ്മയുടെ ജന്മദേശമായി വിലയിരുത്തുന്ന ചരിത്രകാരൻമാർ ഏറെയാണ്. ബാൻ മീ തിറ്റ് (വിയറ്റ്നാം), പാനിനോ കോൾ പോൽപോ (ഇറ്റലി), ടോർട്ടാസ് (മെക്സിക്കോ), ലോബ്‌സ്റ്റർ റോൾ (യു.എസ്), ബട്ടിഫാറ (പെറു), സാൻവിച്ച് ഡി ലോമോ (അർജന്റീന) തുടങ്ങിയവയാണ് പട്ടികയിൽ ഇടംനേടിയ മറ്റ് സാൻവിച്ചുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |