ആശങ്കയൊഴിയാതെ നിക്ഷേപകർ
കൊച്ചി: കാനഡ ഉൾപ്പെടയുള്ള രാജ്യങ്ങൾക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ തീരുവ യുദ്ധം പ്രഖ്യാപിച്ചതോടെ ഇന്ത്യൻ ഓഹരി വിപണി ഇന്നലെ മൂക്കുകുത്തി. കാനഡയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 35 ശതമാനം അധിക തീരുവ ആഗസ്റ്റ് ഒന്ന് മുതൽ ഈടാക്കുമെന്നാണ് ട്രംപ് ഇന്നലെ വ്യക്തമാക്കിയത്. ഇതോടൊപ്പം വിവിധ രാജ്യങ്ങളിലെ ഉത്പന്നങ്ങൾക്ക് 15 മുതൽ 20 ശതമാനം വരെ അധിക തീരുവ ഏർപ്പെടുത്താൻ ആലോചനയുണ്ടെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. അമേരിക്കയുമായി ഇതുവരെ സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവയ്ക്കാത്ത ഇന്ത്യയ്ക്ക് തീരുമാനം വലിയ തിരിച്ചടിയാകും. അമേരിക്കൻ ഉപരോധം നേരിടുന്ന റഷ്യയിൽ നിന്നും കുറഞ്ഞ വിലയിൽ ക്രൂഡോയിൽ വാങ്ങുന്ന രാജ്യങ്ങളിലെ ഉത്പന്നങ്ങൾക്ക് 500 ശതമാനം തീരുവ ഈടാക്കാൻ നിർദേശിക്കുന്ന പുതിയ ബില്ലിന് അംഗീകാരം ലഭിക്കുമെന്ന ആശങ്കകളും നിക്ഷേപകർക്ക് നെഞ്ചിടിപ്പ് വർദ്ധിപ്പിച്ചു. ഇന്ത്യയും ചൈനയുമാണ് റഷ്യൻ ഓയിൽ വലിയ തോതിൽ വാങ്ങുന്നത്.
നിക്ഷേപകരുടെ ആശങ്ക ശക്തമായതോടെ ബോംബെ ഓഹരി സൂചികയായ സെൻസെക്‌സ് 690 പോയിന്റ് ഇടിഞ്ഞ് 82,500.47ൽ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്റ്റി 205 പോയിന്റ് നഷ്‌ടവുമായി 25,149.85ൽ എത്തി. ചെറുകിട, ഇടത്തരം ഓഹരികളിൽ വിൽപ്പന സമ്മർദ്ദം ഇന്നലെയും ശക്തമായി. വാഹന, ഐ.ടി മേഖലകളിലെ ഓഹരികളാണ് ഇന്നലെ തകർച്ചയ്ക്ക് നേതൃത്വം നൽകിയത്.
ആഗോള മാന്ദ്യ സാദ്ധ്യത ഉയരുന്നു
ട്രംപിന്റെ തീരുവ നടപടികൾ ആഗോള സാമ്പത്തിക മേഖലയെ കനത്ത മാന്ദ്യത്തിലേക്ക് തള്ളിയിടുമെന്ന ആശങ്ക ശക്തമാണ്. അമേരിക്കയിലേക്കുള്ള ഇറക്കുമതിക്ക് 25 ശതമാനത്തിലധികം തീരുവ നൽകേണ്ടി വരുന്നതോടെ അവശ്യ സാധനങ്ങളുടെ വിലയിൽ വൻ കുതിപ്പുണ്ടായേക്കും. അതിനാൽ വരും മാസങ്ങളിൽ അമേരിക്കയിലെ ഉപഭോഗത്തിൽ ഗണ്യമായ ഇടിവുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.
സ്വർണ വിലയിൽ കുതിപ്പ്
തീരുവ യുദ്ധത്തെ കുറിച്ചുള്ള ആശങ്ക ശക്തമായതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില ഉയർന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയമേറിയതോടെ ഔൺസിന് വില 3,346 ഡോളറായി ഉയർന്നു. കേരളത്തിൽ പവൻ വില 440 രൂപ ഉയർന്ന് 72,600 രൂപയിലെത്തി. ഗ്രാമിന് 55 രൂപ ഉയർന്ന് 9,070 രൂപയിലെത്തി.
രൂപയ്ക്കും സമ്മർദ്ദം
വ്യാപാര യുദ്ധം ശക്തമാകുമെന്ന ഭീതിയിൽ ഡോളർ ശക്തിയാർജിച്ചതോടെ ഇന്ത്യൻ രൂപയുടെ മൂല്യം ഏഴ് പൈസ നഷ്‌ടവുമായി 85.77ൽ അവസാനിച്ചു.
ബോംബെ സ്‌റ്റോക്ക് എക്സ്‌ചേഞ്ചിൽ ലിസ്‌റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 3.5 ലക്ഷം കോടി രൂപ കുറഞ്ഞ് 456.5 ലക്ഷം കോടി രൂപയായി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |