ന്യൂഡൽഹി: ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ അയവുവരുത്തിയ നിർണായക തീരുമാനമായിരുന്നു ശനിയാഴ്‌ച പ്രഖ്യാപിച്ച വെടിനിർത്തൽ. ഇന്ത്യ വെടിനിർത്തൽ പ്രഖ്യാപിക്കുകയാണെന്നും പ്രകോപനം തുടർന്നാൽ തിരിച്ചടിയുണ്ടാകും എന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ചത് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ്. അതിർത്തിയിൽ സമാധാനത്തിന് ചർച്ചകൾക്ക് മൂന്നാമതൊരു കക്ഷിയുടെ സ്വാധീനമില്ല എന്നും അദ്ദേഹം അറിയിച്ചു. എന്നാൽ കേന്ദ്ര തീരുമാനം അറിയിച്ച വിക്രം മിസ്രിയ്‌ക്ക് നേരെ പിന്നീട് കാത്തിരുന്നത് കടുത്ത സൈബർ ആക്രമണമാണ്.
വിക്രം മിസ്രിയുടെയും അദ്ദേഹത്തിന്റെ മകളുടെയും വ്യക്തിപരമായ വിവരങ്ങൾ സൂചിപ്പിച്ചാണ് സൈബർ ആക്രമണം നടന്നത്. ഇതോടെ വിക്രം മിസ്രി തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് ലോക്ക് ചെയ്‌തു. സംഭവത്തിൽ മുതിർന്ന രാഷ്‌ട്രീയ നേതാക്കളും ഐഎഎസ്-ഐപിഎസ് അസോസിയേഷനും മിസ്രിക്ക് പിന്തുണയുമായി രംഗത്തെത്തി.
രാജ്യദ്രോഹിയെന്നും വഞ്ചകനെന്നുമാണ് ചിലർ അദ്ദേഹത്തെ വിളിച്ചത്. ഇന്ത്യ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ശനിയാഴ്‌ച പാകിസ്ഥാൻ ആക്രമണം തുടർന്നതാണ് പലരെയും പ്രകോപിപ്പിച്ചത്. അതേസമയം വിക്രം മിസ്രിയുടെ മകളും ലണ്ടനിൽ അഭിഭാഷകയുമായ ഡിഡോൺ മിസ്രിയെയും ചിലർ വിമർശിച്ചു. റോഹിൻഗ്യൻ മുസ്ളീമുകൾക്ക് വേണ്ടി കേസിൽ ഹാജരായതിനെയാണ് പലരും ചൂണ്ടിക്കാട്ടിയത്.
അതേസമയം വിക്രം മിസ്രിയ്‌ക്ക് പിന്തുണയുമായി എഐഎംഐഎം അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി രംഗത്തെത്തി. 'നമ്മുടെ രാജ്യത്തിനുവേണ്ടി പ്രവർത്തിക്കുന്ന മാന്യനും സത്യസന്ധനുമായ ഒരു നയതന്ത്രജ്ഞനാണ് വിക്രം മിസ്രി. രാഷ്‌ട്രീയ നേതൃത്വമെടുത്ത തീരുമാനങ്ങൾക്ക് അദ്ദേഹത്തെ കുറ്റപ്പെടുത്തരുത്.' ഒവൈസി പറഞ്ഞു. ഇന്ത്യ-പാകിസ്ഥാൻ വെടിനിർത്തൽ പ്രഖ്യാപനത്തിന്റെ പേരിൽ വിക്രം മിസ്രിയെ കുറ്റപ്പെടുത്തുന്നത് വലിയ തെറ്റാണെന്ന് മുൻ വിദേശകാര്യ സെക്രട്ടറി നിരുപമ മേനോൻ റാവുവും അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |