ചിറയിൻകീഴ്: മുതലപ്പൊഴി ഹാർബർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുമായി മത്സ്യത്തൊഴിലാളികൾ ചർച്ച നടത്തി. മണൽ നീക്കം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ഹാർബർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ അരുൺ മാത്യൂസുമായാണ് ചർച്ച നടത്തിയത് .
രണ്ടാഴ്ച മുമ്പെത്തിച്ച ചന്ദ്രഗിരി ഡ്രഡ്ജർ സാങ്കേതിക തകരാർ പരിഹരിച്ച് ഇക്കഴിഞ്ഞ ദിവസമാണ് മണൽ നീക്കം ആരംഭിച്ചത്. കുഴിച്ചെടുക്കുന്ന മണൽ താഴമ്പള്ളിയിൽ കടൽത്തീരത്തോട് ചേർന്നാണ് നിക്ഷേപിക്കുന്നത്. ഈ രീതി അശാസ്ത്രീയമാണ്. കടൽത്തീരത്ത് ബണ്ട് കെട്ടി മണൽ നിക്ഷേപിക്കണം. മിനി ഡ്രഡ്ജർ ഉപയോഗിച്ച് മണൽ നീക്കം നടത്തണം. ഡ്രഡ്ജിംഗ് പൂർത്തിയാകാതെ എസ്കവേറ്ററുകൾ ഉൾപ്പെടെ കൊണ്ടുപോകാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നും തൊഴിലാളികൾ പറഞ്ഞു.
മൺസൂണിന് മുൻപ് തന്നെ ഡ്രഡ്ജിംഗ് പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ മത്സ്യത്തൊഴിലാളികളോട് പറഞ്ഞു. ഡ്രഡ്ജിംഗിനായി കരാർ നൽകിയ കമ്പനി അലംഭാവം തുടരുന്നതിനെതിരെ ഹാർബർ വകുപ്പ് ഇടപെടലുകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.
അതിനിടെ മിനി ഡ്രഡ്ജർ ഉപയോഗിച്ചുള്ള മണൽ നീക്കത്തിന് കരാർ അവസാനിച്ചെന്നും എസ്കവേറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിനായുള്ള ഫണ്ടില്ലെന്നും എൻജിനിയർ പറഞ്ഞത് പ്രതിഷേധത്തിനിടയാക്കി. പൊഴിയിൽ മണൽ അടിഞ്ഞത് മൂലം വള്ളങ്ങൾ തീരത്തോട് ചേർന്നാണ് ഇപ്പോൾ കെട്ടുന്നത്. സാമൂഹികവിരുദ്ധർ ബോട്ടുകൾ കെട്ടഴിച്ച് വിടുകയും, സാധനസാമഗ്രികൾ മോഷ്ടിക്കുകയും ചെയ്യുന്നുണ്ടെന്നും മത്സ്യത്തൊഴിലാളികൾ ആരോപിച്ചു. ചർച്ചയിൽ ഉന്നയിക്കപ്പെട്ട വിഷയങ്ങൾ ചീഫ് എൻജിനിയറുടെ ശ്രദ്ധയിൽപ്പെടുത്താമെന്നും അരുൺ മാത്യൂസ് അറിയിച്ചു. ഉദ്യോഗസ്ഥർ നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടാൽ തുടർ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് ചർച്ചയ്ക്ക് ശേഷം മത്സ്യത്തൊഴിലാളികൾ പ്രതികരിച്ചു.
ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.അബ്ദുൽ വാഹിദ്,താഴമ്പള്ളി ഇടവക വികാരി ഫാദർ ജോൺ ബോസ്കോ,സമരസമിതി കൺവീനർ ബിനു പീറ്റർ,സെയ്ദ് അലവി തങ്ങൾ,ഷാജഹാൻ,ഷാക്കിർ സലീം,അൻസാരി, താഴംപള്ളി ലാസർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |