SignIn
Kerala Kaumudi Online
Wednesday, 09 July 2025 3.23 AM IST

ആരോഗ്യമേഖലയിൽ ഇന്ത്യക്ക് മാതൃകയായി 'ഒഴലപ്പതി എഫ്.എച്ച്.സി'

Increase Font Size Decrease Font Size Print Page
ozhalappathy

സംസ്ഥാന രൂപീകരണത്തിനുശേഷം കേരളം ഒരുപക്ഷേ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് വിദ്യാഭ്യാസ - ആരോഗ്യരംഗങ്ങളിൽ കൈവരിച്ച നേട്ടങ്ങളുടെ പേരിലാണ്. നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യപരിപാലന സംവിധാനങ്ങളുള്ള സംസ്ഥാനം ദൈവത്തിന്റെ സ്വന്തം നാടായ കേരളമാണ്. ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള വിപുലമായ ആരോഗ്യ പരിപാലന ശൃംഖലയുള്ള കേരളം ഇന്ന് ഏത് വെല്ലുവിളിയെയും നേരിടാൻ പ്രാപ്തമായിക്കഴിഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ കേന്ദ്ര സർക്കാരിന്റെ ഉത്കൃഷ്ഠ പുരസ്‌കാരം, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിന് മികവിന്റെ കേന്ദ്രം അംഗീകാരം എന്നിവ ഉൾെപ്പടെ 28 ൽ അധികം അവാർഡുകളാണ് ഒരു വർഷത്തിനുള്ളിൽ ആരോഗ്യകേരളം സ്വന്തമാക്കിയത്. ഇതിൽ ഏറെ തിളക്കമുള്ള പുരസ്കാരം നേടിയ പാലക്കാട്ടെ ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം രാജ്യത്തിന് തന്നെ പുതിയ മാതൃകയാണ് സൃഷ്ടിക്കുന്നത്.

രാജ്യത്തെ രണ്ടാമത്തെ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എ.എം.ആർ) സ്മാർട്ട് ആശുപത്രി, സംസ്ഥാനത്തെ മികച്ച കുടുംബാരോഗ്യ കേന്ദ്രം, സ്വകാര്യ ആശുപത്രികളെ വെല്ലുന്ന ലാബ് സൗകര്യം. തുടങ്ങി ആരോഗ്യരംഗത്ത് ഒഴലപ്പതി ഒരുക്കുന്നത് വേറിട്ട മാതൃകകളാണ്. തമിഴ്നാട് അതിർത്തി ഗ്രാമമായ ഒഴലപ്പതിയിലെ സാമൂഹിക ആരോഗ്യ കേന്ദ്രമാണ് രാജ്യത്തിന്റെ ശ്രദ്ധയാകർഷിക്കുന്നത്. മലയാളികളും തമിഴ്നാട്ടുകാരും ഉൾപ്പെടുന്ന സമൂഹമാണ് ഈ ആരോഗ്യകേന്ദ്രത്തെ ആശ്രയിക്കുന്നത്. അതിനാൽ മലയാളവും തമിഴും കൈകാര്യം ചെയ്യുന്ന ജീവനക്കാരാണുള്ളതെന്നതും ഈ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സവിശേഷതയാണ്.

എ.എം.ആർ സ്മാർട്ട്

രാജ്യത്തെ രണ്ട് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്മാർട്ട് ആശുപത്രികളിൽ ഒന്നാണ് ഒഴലപ്പതി എഫ്.എച്ച്.സി. ആന്റിബയോട്ടിക് റെസിസ്റ്റൻസ് എന്ന അവസ്ഥയെ ചെറുക്കുന്നതിനായി ബോധവത്ക്കരണവും നിരീക്ഷണവും നടത്തിയാണ് ഈ നേട്ടത്തിലെത്തിയത്. ആന്റിബയോട്ടിക് മരുന്നുകൾ അനാവശ്യമായി ലഭ്യമാകുന്നില്ലെന്ന് ഉറപ്പാക്കുകയായിരുന്നു ആദ്യപടി. മരുന്ന് നൽകുമ്പോൾ കൃത്യമായ ബോധവത്കരണം രോഗികൾക്ക് നൽകി. അവർ അത് കൃത്യമായി കഴിക്കുന്നുണ്ടോ എന്നും നിരീക്ഷണത്തിലൂടെ ഉറപ്പുവരുത്തി.

അസുഖം വന്നാൽ ആശുപത്രിയിലെത്തി ചികിത്സ നേടാൻ തയ്യാറാകാത്ത ആളുകളായിരുന്നു ഏറെയെന്ന് 20 വർഷമായി ഒഴലപ്പതി ആരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർ പറയുന്നു. ആശുപത്രിയിൽ വരാത്ത ഇവരെ ബോധവത്ക്കരണത്തിലൂടെയാണ് മാറ്റിയെടുത്തത്. അസുഖം വന്നാൽ ഡോക്ടറെ കാണുന്നതുകൊണ്ട് ഗുണമുണ്ടെന്ന് ആളുകൾ തിരിച്ചറിഞ്ഞു. ഒറ്റ മരുന്നുപോലും പുറത്തുപോയി വാങ്ങേണ്ട എന്ന അവസ്ഥ രൂപപ്പെടുത്തി. സഞ്ജീവനി പദ്ധതിയിൽ ലോക്കൽ പർച്ചേസിംഗ് വഴിയാണ് മരുന്നുകൾ എത്തിക്കുന്നത്. ഇപ്പോൾ ദിവസേന 150 - 200 ആളുകൾ ഒ.പിയിൽ എത്തുന്നു. അതിൽ അതിർത്തിക്കപ്പുറം തമിഴ്നാട്ടിൽ നിന്നുള്ളവരും ഉൾപ്പെടുന്നുവെന്നത് ശ്രദ്ധേയമാണ്.

വളർച്ചയുടെ കാലം

ഓടിട്ട, മഴയിൽ ചോർന്നിരുന്ന, സൗകര്യങ്ങളൊന്നുമില്ലാത്ത ചെറിയ കെട്ടിടത്തിൽ നിന്ന് ഒഴലപ്പതി പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർന്നിട്ട് അധികമായിട്ടില്ല. 2016ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ ഈ ആരോഗ്യകേന്ദ്രത്തിന്റെ അവസ്ഥ പരിതാപകരമായിരുന്നു. വിശ്വസിച്ച് അധികമാരും ചികിത്സതേടിയെത്താത്ത അവസ്ഥ. പക്ഷേ സർക്കാർ പടിപടിയായി സൗകര്യങ്ങൾ വർദ്ധിപ്പിച്ചു. ഏത് രോഗത്തിനും ചികിത്സ ലഭ്യമാക്കി. ആവശ്യമായ ജീവനക്കാരെ നിയമിച്ചു. കെട്ടിടങ്ങളും ചികിത്സാ സംവിധാനവും ആധുനികവത്ക്കരിച്ചു. സർക്കാരിനൊപ്പം ജീവനക്കാരും ആഞ്ഞുപിടിച്ചതോടെയാണ് എഫ്.എച്ച്.സി നേട്ടത്തിന്റെ പടികൾ കയറിത്തുടങ്ങിയത്. 2022ൽ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സർട്ടിഫിക്കേഷനിൽ 97 ശതമാനം മാർക്ക് നേടി. ഇപ്പോൾ ഐ.എസ്.ഒ അംഗീകാരവും ലഭിച്ചു. കുടുംബാരോഗ്യ കേന്ദ്രമായതോടെ ആറുമണിവരെ മൂന്ന് ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. പൂർണമായും കംപ്യൂട്ടറൈസ്ഡ് ആണ് ആശുപത്രിയുടെ പ്രവർത്തനം. പൂർണമായ തൈറോയിഡ് ടെസ്റ്റ് അടക്കം 62 പരിശോധനകൾ ഇവിടത്തെ ലാബിൽ നടത്താനാകും.

ആകെ 32 ജീവനക്കാർ ആശുപത്രിയിലുണ്ട്. രണ്ട് ഡോക്ടർമാരെ സർക്കാരും ഒരു ഡോക്ടറെ പഞ്ചായത്തുമാണ് നിയമിച്ചത്. നിലവിൽ ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സ് നിർമിക്കാനുള്ള നടപടിയായി. ഒപ്പം ഹെൽത്ത് സബ് സെന്ററും നിർമിക്കുന്നുണ്ട്. തിങ്കളാഴ്ച ഗർഭിണികൾക്ക് പരിശോധന, ചൊവ്വാഴ്ച അമ്മയും കുഞ്ഞും ക്ലിനിക്, ബുധൻ കുത്തിവയ്പ്പ്, വ്യാഴാഴ്ച ജീവിതശൈലീ രോഗ ക്ലിനിക്, വെള്ളിയാഴ്ച കാഴ്ച പരിശോധന, മാസത്തിൽ രണ്ടാം തിങ്കളാഴ്ച ആശ്വാസ് മെന്റൽ ഹെൽത്ത് ക്ലിനിക് എന്നിവയും മുടക്കമില്ലാതെ തുടരുന്നു. വരും വർഷങ്ങളിലും കായകൽപ്പമുൾപ്പെടെയുള്ള അവാർഡുകളിലും സൂചികകളിലും ഒന്നാമതെത്താനാണ് ഒഴലപ്പതി എഫ്.എച്ച്.സിയുടെ ശ്രമം.

ഇനിയുമേറെ

മെച്ചപ്പെടാൻ

ഒഴലപ്പതി എഫ്.എച്ച്.സി ഉൾപ്പെടെ ആരോഗ്യ ലോകത്ത് കേരളത്തിന്റെ മാതൃകകൾ ഏറെയുണ്ടെങ്കിലും നമുക്ക് ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്നതാണ് യാഥാർത്ഥ്യം. കൂടുതൽ സൗകര്യങ്ങളും സുഗമമായ പ്രാപ്തിയും നമ്മുടെ ജനത അർഹിക്കുന്നുണ്ട്. പലരും അവർക്കാവശ്യമുള്ള സേവനങ്ങൾ കിട്ടാൻ ഇന്നും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നത് മറച്ചുവെക്കാനാകില്ല. ജനസംഖ്യയുടെ പ്രായവർദ്ധനയനുസരിച്ച് ദീർഘസ്ഥായീ രോഗങ്ങളും മറവിരോഗം, അപകടങ്ങൾ എന്നിവയും വർദ്ധിക്കാനാണ് സാദ്ധ്യത. ജീവിതസായാഹ്നത്തിലുള്ള കരുതലും സേവനങ്ങളും എല്ലാവരും അർഹിക്കുന്നുണ്ടെങ്കിലും എല്ലാവർക്കും ലഭ്യമാകുന്നില്ലെന്നത് നമുക്കു മനസിലാകും. വ്യവസായവത്കൃത സമൂഹങ്ങളിൽ കാണുന്നപോലെ ഈ വിടവ് നികത്തേണ്ടത് സ്റ്റേറ്റ് ആണ്. നിർഭാഗ്യവശാൽ ആ നിലയിലേക്കുയരാൻ പലപ്പോഴും സർക്കാരുകൾക്ക് കഴിയുന്നില്ല. ചികിത്സയിലുള്ള അമിത ഊന്നൽ രോഗപ്രതിരോധത്തെ ചിലപ്പോഴെങ്കിലും അപ്രധാനമാക്കുന്നു. ഇതും തെറ്റായ പ്രവണതയാണ്. അതിലുപരി, ആരോഗ്യ അസമത്വങ്ങളുടെ അസുഖകരമായ വാർത്തകൾ അട്ടപ്പാടിയിൽ നിന്നും ഗോത്രമേഖലകളിൽ നിന്നും തീരമേഖലയിൽ നിന്നും ഇടയ്ക്കിടെ നമ്മെ അസ്വസ്ഥരാക്കിക്കൊണ്ടിരിക്കുന്നു. തീർച്ചയായും ശ്രദ്ധാപൂർവമായ നയങ്ങൾകൊണ്ട് പരിഹരിക്കാവുന്ന പ്രശ്നങ്ങൾ തന്നെയാണവ. അതിന് സർക്കരുകൾക്ക് കഴിയുമെന്ന് പ്രതീക്ഷിക്കാം.

TAGS: OZHALAPTHY, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.