പാലക്കാട്: ശ്രീകൃഷ്‌ണപുരം സെന്റ് ഡൊമിനിക് കോൺവെന്റ് സ്‌കൂളിലെ ആശിർനന്ദ മരിക്കുന്നതിന് മുമ്പ് ആത്മഹത്യാക്കുറിപ്പ് എഴുതിയിരുന്നതായി സുഹൃത്ത്. തന്റെ ജീവിതം അദ്ധ്യാപകർ തകർത്തുവെന്നും കുറിപ്പിൽ എഴുതിയിട്ടുണ്ട്. അമ്പിളി, അർച്ചന എന്നീ അദ്ധ്യാപകരുടെ പേര് കുറിപ്പിൽ ഉണ്ടായിരുന്നു. സ്റ്റെല്ല ബാബു എന്ന അദ്ധ്യാപിക മാനസികമായി പീഡിപ്പിച്ചിരുന്നതായി ആശിർനന്ദ പറഞ്ഞതായും സഹപാഠി അറിയിച്ചു. സുഹൃത്തിന്റെ നോട്ട്‌ബുക്കിന്റെ പുറകിലാണ് ആശിർനന്ദ ആത്മഹത്യക്കുറിപ്പ് എഴുതിയിരുന്നത്. ഈ കുറിപ്പ് പൊലീസിന് കൈമാറിയിട്ടുണ്ട്.
അതേസമയം, ആശിർനന്ദയുടെ വീടും പഠിച്ച സ്‌കൂളും ബാലാവകാശ കമ്മീഷൻ നാളെ സന്ദർശിക്കും. കമ്മീഷൻ ചെയ്ർപേഴ്‌സൺ കെവി മനോജ്‌കുമാറാണ് സന്ദർശനം നടത്തുക. സംഭവത്തിൽ വീഴ്‌ച ഏറ്റുപറഞ്ഞ് സ്‌കൂൾ മാനേജ്‌മെന്റ് ഇന്ന് രംഗത്തെത്തിയിരുന്നു. പുറത്താക്കിയ പ്രിൻസിപ്പളിന് പകരം ആക്‌ടിംഗ് പ്രിൻസിപ്പളായി വൈസ് പ്രിൻസിപ്പളിനെ നിയമിക്കും. തിങ്കളാഴ്‌ച മുതൽ ക്ലാസുകൾ ആരംഭിക്കും. പുതിയ പിടിഎ ഭാരവാഹികളെയും തിരഞ്ഞെടുക്കും. കുട്ടികൾക്കായി പുതിയ കൗൺസിലറെ നിയമിക്കും. അദ്ധ്യാപകർക്കും കൗൺസിലിംഗ് നൽകും. രക്ഷിതാക്കളുടെ പരാതി കേൾക്കുമെന്നും സ്‌കൂൾ മാനേജ്‌മെന്റ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് 14കാരി ആശിർനന്ദയെ വീടിന്റെ മുകളിലത്തെ നിലയിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് കുട്ടി മരിക്കാൻ കാരണം സ്‌കൂളിലെ മാനസിക പീഡനമാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. മാർക്ക് കുറഞ്ഞപ്പോൾ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തിയെന്നും ഇതിൽ ആശിർനന്ദക്ക് മനോവിഷമം ഉണ്ടായിരുന്നതായും കുട്ടിയുടെ അച്ഛനും അമ്മയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |