കർശന നിർദ്ദേശം പാലക്കാട് ജില്ലാ വികസനസമിതി യോഗത്തിൽ
പാലക്കാട്: വാളയാർ ഡാമിൽ നിന്നുള്ള മണലെടുപ്പ് അടിയന്തരമായി നിറുത്തിവെക്കാൻ ജില്ലാ കളക്ടർ ജി.പ്രിയങ്കയുടെ കർശന നിർദ്ദേശം. ഡാമിൽ നിന്ന് ശേഖരിക്കുന്ന മണലിനൊപ്പം പുഴയിലെ മണലും അനധികൃതമായി കടത്തുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ എ.പ്രഭാകരൻ എം.എൽ.എയുടെ ആവശ്യപ്രകാരമാണ് ജില്ല കളക്ടറുടെ നിർദ്ദേശം. ഡാമിലെ ചെളിനീക്കൽ(ഡീസിൽറ്റേഷൻ) പ്രവൃത്തിയുടെ നിർവഹണ ഏജൻസിയായ കെംഡെല്ലിനോട്(കേരള സ്റ്റേറ്റ് മിനറൽ ഡവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ്) ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മണലെടുപ്പ് നിർത്തിവെക്കാനാണ് നിർദ്ദേശം. നിയമലംഘനം നടത്തിയാൽ പൊലീസ് കേസ് അടക്കമുള്ള നടപടികൾ നേരിടേണ്ടിവരുമെന്നും ജില്ല കളക്ടർ മുന്നറിയിപ്പ് നൽകി.
വാളയാർ ഡാം ആഴം കൂട്ടി സംഭരണശേഷി ഉയർത്തുന്നതിനു വേണ്ടി നടത്തുന്ന മണ്ണെടുപ്പിൽ കോടികളുടെ അഴിമതി ആരോപണവുമായി എ.പ്രഭാകരൻ എം.എൽ.എ വളരെ നേരത്തെ രംഗത്തെത്തിയിരുന്നു. കേരള കൗമുദി ഇതു സംബന്ധിച്ച് വാർത്തകൾ ചെയ്തിരുന്നു. കരാറുകാർ ഡാമിലെ മണലെടുത്ത് കഴുകാനെന്ന വ്യാജേന പുഴയിലിട്ടതിനു ശേഷം ഈ മണലിനൊപ്പം പുഴമണലും കൂടി കടത്തിക്കൊണ്ടു പോകുന്നുവെന്നതാണ് പ്രധാന ആരോപണം. വാളയാർ ഡാം ആഴം കൂട്ടാനുള്ള പുനരുദ്ധാരണ പദ്ധതി ഒന്നാംഘട്ടം പരാതികളില്ലാതെ നടന്നിരുന്നു. ഒന്നാംഘട്ടത്തിൽ ഡാമിൽ നിന്നെടുക്കുന്ന മണ്ണ് അവിടെ നിന്ന് തന്നെയാണ് വില്പനയ്ക്ക് കൊണ്ടുപോയിരുന്നത്. രണ്ടാം ഘട്ടം എത്തിയപ്പോഴാണ് ഡാമിലെ മണ്ണ് പുഴയിലിട്ടിട്ട് അവിടുന്ന് കൊണ്ടുപോവുകയെന്ന രീതി വന്നത്. ഇതോടെ ഡാമിലെ മണലിനൊപ്പം പുഴമണലും കരാറുകാരന് എന്ന സ്ഥിതി വന്നു. ഡാമിൽ നിന്നെടുക്കുന്ന മണ്ണ് പുഴയിൽ കഴുകാൻ ജലവിഭവ വകുപ്പ് അനുമതി നൽകിയിട്ടുണ്ടെന്നായിരുന്നു കരാറുകാരുടെ വാദം. എന്നാൽ ഭരണകക്ഷി എം.എൽ.എ കൂടിയായ എ.പ്രഭാകരൻ ഇതിനെതിരെ ശക്തമായി നിലയുറപ്പിച്ചു. കഴിഞ്ഞ വർഷമാണ് രണ്ടാംഘട്ട പ്രവർത്തനം തുടങ്ങിയത്. രണ്ട് ഘട്ടത്തിലും പദ്ധതിയുടെ നിർവ്വഹണ ചുമതല കെംഡെല്ലിനെ ആണ് ഏൽപ്പിച്ചിരുന്നത്. കെംഡെൽ ആണ് കരാറുകാരെ ഏൽപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |