ആലുവ: വീട്ടിലിരുന്ന് ജോലിചെയ്ത് വരുമാനമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയിൽനിന്ന് 17ലക്ഷംരൂപ തട്ടിയ കേസിൽ തമിഴ്നാട് തിരുച്ചിറപ്പിള്ളി അമ്പു നഗർ വെങ്കടേഷിനെ (34) എറണാകുളം റൂറൽ സൈബർ പൊലീസ് അറസ്റ്റുചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേർ നേരത്തെ അറസ്റ്റിലായിരുന്നു. ഓൺലൈൻ സൈറ്റിലൂടെ ജോലിചെയ്ത് വരുമാനമുണ്ടാക്കാമെന്ന് എടത്തല സ്വദേശിനിയായ വീട്ടമ്മയെ ധരിപ്പിക്കുകയായിരുന്നു. ഇവരുടെ വാഗ്ദാനത്തിൽ വിശ്വസിച്ച വീട്ടമ്മ തട്ടിപ്പുസംഘം നൽകിയ സൈറ്റിൽ രജിസ്റ്റർചെയ്തു. വ്യത്യസ്ത ഭക്ഷണങ്ങൾക്ക് റേറ്റിംഗ് നൽകുകയായിരുന്നു അവർ നൽകിയ ടാസ്ക്. വിശ്വാസം പിടിച്ചുപറ്റാൻ തട്ടിപ്പ് സംഘം കുറച്ച് തുക പ്രതിഫലമെന്ന പേരിൽ വീട്ടമ്മയ്ക്ക് നൽകി. കൂടുതൽ ലാഭംകിട്ടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തുക നിക്ഷേപിക്കാൻ നിർബന്ധിച്ചു. തുടർന്ന് വീട്ടമ്മ അഞ്ച് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം എന്നിങ്ങനെ നിക്ഷേപിച്ചു.
ആദ്യഘട്ടത്തിൽ നിക്ഷേപിച്ച തുകയ്ക്ക് ലാഭവിഹിതം എന്നു പറഞ്ഞ് ചെറിയ തുക വീട്ടമ്മയ്ക്ക് തിരികെനൽകി. തട്ടിപ്പ് സംഘം പറഞ്ഞ വിവിധ അക്കൗണ്ടുകളിലേക്കാണ് പണം നിക്ഷേപിച്ചത്. ലാഭവിഹിതമായി വൻ തുക അവരുടെ പേജിൽ കാണിച്ചുകൊണ്ടിരുന്നു. ഒടുവിൽ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സാധിച്ചില്ല. അപ്പോഴാണ് തട്ടിപ്പ് മനസിലായത്. പൊലീസിൽ പരാതി നൽകിയതോടെ വെങ്കടേഷിനെ വിദേശത്തേക്ക് കടന്നു. തുടർന്ന് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു.
ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ വിപിൻദാസ്, എസ്.ഐമാരായ സി.ആർ. ഹരിദാസ്, സി.കെ. രാജേഷ്, എം. അജേഷ്, സി.പി.ഒ ലിജോ ജോസ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |