കൊച്ചി: ഓപ്പറേഷൻ സിന്ദൂറിനെ അധിക്ഷേപിച്ച് സമൂഹമാദ്ധ്യമ പോസ്റ്റിട്ട കേസിൽ നാഗ്പൂർ പൊലീസ് അറസ്റ്റ് ചെയ്ത മലയാളി യുവാവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണുകളും പെൻഡ്രൈവുകളുമടക്കം നിരവധി രേഖകൾ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) കസ്റ്റഡിയിലെടുത്തു. എളമക്കര കീർത്തിനഗർ സ്വദേശി റിജാസ് എം. സൈദീകിന്റെ (26) വീട്ടിൽ കഴിഞ്ഞദിവസമായിരുന്നു പരിശോധന.
തീവ്ര ആശയങ്ങൾ പ്രചരിപ്പിക്കുന്ന നിരവധി പുസ്തകങ്ങളും കണ്ടെത്തിയെന്നാണ് വിവരം. റിജാസിന്റെ മാതാപിതാക്കളുടെ മൊഴിയും എ.ടി.എസ് രേഖപ്പെടുത്തി. ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരും പരിശോധനയ്‌ക്ക് ഒപ്പമുണ്ടായിരുന്നു.
നാഗ്പൂരിലെ ലക്ദ്ഗഞ്ച് പൊലീസാണ് റിജാസിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. കാശ്മീരിൽ ഭീകരാക്രമണം നടത്തിയവരുടെ വീടുകൾ പൊളിച്ചതിനെതിരെ ഏപ്രിൽ 29ന് എറണാകുളം പനമ്പിള്ളിനഗറിൽ ഇയാളുടെ നേതൃത്വത്തിൽ പ്രകടനം നടത്തിയിരുന്നു. സംഭവത്തിൽ ഇയാളെയടക്കം എട്ടുപേരെ എറണാകുളം സൗത്ത് പൊലീസ് അന്ന് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തു. ഈ കേസിന്റെ വിവരങ്ങളും എ.ടി.എസ് ശേഖരിച്ചിട്ടുണ്ട്. ഡൽഹിയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം നാഗ്പൂരിലെത്തിയപ്പോഴാണ് പെൺസുഹൃത്തിനൊപ്പം റിജാസിനെ പൊലീസ് പിടികൂടിയത്. സുഹൃത്തിനെ പിന്നീട് വിട്ടയച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |