കോട്ടയം/ കൊച്ചി: 50 കോടി ചെലവിട്ട് കോട്ടയം കുറവിലങ്ങാട് കോഴയിൽ നിർമ്മിച്ച സയൻസ് സിറ്റിയുടെ ഒന്നാംഘട്ടമായ സയൻസ് സെന്ററിന്റെ ഉദ്ഘാടനം 29ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മന്ത്രി ആർ.ബിന്ദു അറിയിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ നേതൃത്വത്തിൽ 30 ഏക്കറിലാണ് സയൻസ് സിറ്റി. 47,147 ചതുരശ്ര അടി വിസ്തീർണത്തിലാണ് സയൻസ് സെന്റർ നിർമ്മിച്ചത്.
ഫൺ സയൻസ്, മറൈൻ ലൈഫ് ആൻഡ് സയൻസ്, എമേർജിംഗ് ടെക്‌നോളജി ശാസ്ത്ര ഗ്യാലറികൾ, ത്രീഡി തിയേറ്റർ, താത്കാലിക എക്‌സിബിഷൻ ഏരിയ, ആക്ടിവിറ്റി സെന്റർ, സെമിനാർ ഹാൾ, കോൺഫറൻസ് ഹാൾ, വർക്ക് ഷോപ്പുകൾ, വാന നിരീക്ഷണത്തിന് ടെലസ്‌കോപ്പ്, ദിനോസർ എൻക്ലേവ് തുടങ്ങിയവ സയൻസ് സെന്ററിൽ ഉണ്ടാകും.
ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും കുറവിലങ്ങാട് പഞ്ചായത്തിന്റെയും തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെയുള്ള പാർക്കിന്റെ നിർമ്മാണോദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.
രണ്ടാം ഘട്ടത്തിന് 45 കോടി
രണ്ടാംഘട്ടത്തിന് 45 കോടിയുടെ പദ്ധതി തയ്യാറാക്കി. സയൻസ് സിറ്റി ക്യാമ്പസിൽ ജൈവവൈവിദ്ധ്യ പാർക്ക് ഒരുക്കാനുള്ള നടപടി പുരോഗമിക്കുന്നു. റോഡുകൾ, വൈദ്യുതി, ജലവിതരണ സംവിധാനം, ഭക്ഷണശാല, ശൗചാലയം എന്നിവ പൂർത്തീകരിച്ചു വരുന്നു. പ്ലാനറ്റേറിയം, മോഷൻ സിമുലേറ്റർ, ഓഗ്‌മെന്റഡ് റിയാലിറ്റി- വിർച്വൽ റിയാലിറ്റി തിയേറ്ററുകൾ, സംഗീത ജലധാര, പ്രകാശശബ്ദ സമന്വയ പ്രദർശനം തുടങ്ങിയവ ഉൾപ്പെടുന്നതാണ് സയൻസ് സിറ്റി പദ്ധതി.
സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു കേരള സയൻസ് സിറ്റിയുടെ ഒന്നാം ഘട്ടമായ സയൻസ് സെന്റർ ഉദ്ഘാടനം 29ന് നടത്തുന്നതിനായി മന്ത്രി ഡോ.ആർ.ബിന്ദുവിന്റെ നേതൃത്വത്തിൽ സ്വീകരിച്ച സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്ന് അഡ്വ.മോൻസ് ജോസഫ് എം.എൽ.എ, അഡ്വ.കെ. ഫ്രാൻസിസ് ജോർജ് എം.പി എന്നിവർ പറഞ്ഞു. നിർമ്മാണം പൂർത്തീകരിച്ച് ജനങ്ങൾക്ക് തുറന്നു കൊടുക്കണമെന്നുള്ള ദീർഘനാളത്തെ ആവശ്യം ഭാഗികമായിട്ടാണങ്കിലും സാക്ഷാത്കരിക്കപ്പെടുന്നത് നാടിന് അനുഗ്രഹപ്രദമാണ്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും സയൻസ് സിറ്റിയുടെ മുഖ്യചുമതലയുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പും നടത്തുന്ന പ്രവർത്തനങ്ങൾക്ക് സഹകരണവും ഉണ്ടാകുമെന്ന് എം.എൽ.എയും എം.പിയും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |