തിരുവനന്തപുരം: ആസ്ട്രൽ പ്രൊജക്ഷനും മാനസികരോഗവും ഉൾപ്പെടെ പ്രതി കേഡൽ ജിൻസൻ രാജയുടെ രക്ഷപ്പെടാനുള്ള തന്ത്രങ്ങളെല്ലാം പൊളിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ആർ.എം.ഒയും സൈക്യാട്രി വിഭാഗം അസി.പ്രൊഫസറുമായിരുന്ന ഡോ.മോഹൻ റോയിയുടെ റിപ്പോർട്ട്. കൃത്യത്തിന് പിന്നിൽ മാനസികരോഗമോ ആസ്ട്രൽ പ്രൊജക്ഷനോ അല്ലെന്നും കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കൊലപതകമാണിതെന്നും മോഹൻ റോയ് തെളിവുകൾ ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകി. ഇതോടെയാണ് കേഡൽ മാനസികരോഗിയല്ല ലക്ഷണമൊത്ത സീരിയൽ കില്ലറാണെന്ന് പൊലീസും തിരിച്ചറിഞ്ഞത്.
പിടിയിലായതിന്റെ പിറ്റേദിവസം പൊലീസ് കേഡലിനെ ഡോ.മോഹൻ റോയിയുടെ മുന്നിലെത്തിച്ചു. വിശദമായ പരിശോധനകൾക്ക് ശേഷം 2017 ഏപ്രിൽ 24ന് കൂട്ടക്കൊലപാതകത്തിന് കാരണം കേഡലിന്റെ മാനസിക പ്രശ്‌നങ്ങളല്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് ഡോക്ടർ നൽകി. മാനസികരോഗമുണ്ടെങ്കിലും അത് കൊലപാതകത്തിൽ നിന്ന് രക്ഷപ്പെടാനുള്ള പഴുതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേഡൽ ആദ്യഘട്ടംമുതൽ സൗമ്യമായാണ് തന്നോട് പെരുമാറിയതെന്ന് മോഹൻ റോയ് ഓർക്കുന്നു. ആസ്ട്രൽ പ്രൊജക്ഷനെക്കുറിച്ച് വായിച്ചുള്ള അറിവ് മാത്രമാണ് പ്രതിക്കുള്ളതെന്ന് സംഭാഷണത്തിൽ വ്യക്തമായി. ഓരോരുത്തരെയായി മുറിയിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുക, തെളിവുകൾ ഇല്ലാതാക്കാൻ നടത്തിയ ശ്രമങ്ങൾ, കൊലയ്ക്ക് മുമ്പ് കൈയുടെ പേശികൾക്കായി പ്രത്യേക വ്യായാമം, ഓൺലൈനായി മഴു വാങ്ങൽ ഇതൊന്നും മാനസികരോഗി ചെയ്യുന്നതല്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ക്രൂരകൃത്യം നടത്തിയ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതിന് തന്റെ റിപ്പോർട്ടും വഴിയൊരുക്കിയതിന്റെ അഭിമാനത്തിലാണ് ഇപ്പോൾ കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ.മോഹൻ റോയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |