തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം കെ.പി.സി.സി ആസ്ഥാനത്ത് നേതാക്കളും പ്രവർത്തകരും ആവേശത്തോടെ എത്തിച്ചേരുന്ന പതിവുണ്ടായിരുന്നു. പക്ഷെ, കഴിഞ്ഞ ചില തിരഞ്ഞെടുപ്പുകളിൽ ആൾക്കൂട്ടം ശോഷിച്ചുപോയിരുന്നു. എന്നാൽ ഇന്നലെ ഇന്ദിരാഭവൻ അക്ഷരാർത്ഥത്തിൽ ഉത്സവമേളത്തിലായിരുന്നു. എവിടെയും ഉത്സാഹം, ഏവരുടെയും മുഖത്ത് തികഞ്ഞ ആത്മവിശ്വാസം. വിജയക്കൊടി പാറിക്കാൻ പോകുന്നുവെന്ന തോന്നൽ.
പുതിയ കെ.പി.സി.സി ഭാരവാഹികളുടെ ചുമതലയേൽക്കൽ ചടങ്ങ് ഇന്ത്യാ-പാക് സംഘർഷ പശ്ചാത്തലത്തിൽ ലളിതമായി നടത്താനാണ് തീരുമാനിച്ചിരുന്നത്. പക്ഷെ ആ ലാളിത്യം തുടക്കത്തിൽ തന്നെ മാഞ്ഞ് ആവേശമായി മാറി. വനിതാ പ്രവർത്തകരടക്കം വൻ ജനക്കൂട്ടം രാവിലെ ഒമ്പതു മണിയോടെ ഇന്ദിരാഭവൻ അങ്കണത്തിൽ നിരന്നു. മുതിർന്നവരുൾപ്പെടെ നേതാക്കളുടെ ഒരു പടയും. സ്ഥലത്തില്ലാതിരുന്നതിനാലാണെന്ന് പറയുന്നു, പ്രവർത്തക സമിതി അംഗം ശശിതരൂർ എം.പി എത്തിയിരുന്നില്ല. പത്തനംതിട്ട ഡി.സി.സി വൈസ് പ്രസിഡന്റ് കണ്ണന്റെ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ആന്റോ ആന്റണിയും വന്നില്ല. സമ്മേളനങ്ങളിൽ കോൺഗ്രസ് നേതാക്കൾക്ക് പെരുമാറ്റ ചട്ടം കൊണ്ടുവന്നതിന്റെ സദ്ഫലവും കാണാനായി. വേദിയിൽ പേര് രേഖപ്പെടുത്തിയ ഇരിപ്പിടങ്ങളിൽ അച്ചടക്കത്തോടെ നേതാക്കൾ ഇരുന്നു. മറ്റുള്ളവർ സദസിന്റെ ഭാഗമായി.
എ.ഐ.സി.സി സെക്രട്ടറിമാരായ വി.കെ. അറിവഴകൻ, റോജി എം ജോൺ, ടി.സിദ്ധിഖ്, എം.എൽ.എ , ടി.എൻ പ്രതാപൻ , വി.ടി ബലറാം, കെ.ജയന്ത്. ടി.യു.രാധാകൃഷ്ണൻ, ജി.എസ് ബാബു, ജി.സുബോധൻ , മരിയാപുരം ശ്രീകുമാർ ,കെ.പിശ്രീകുമാർ. പഴകുളം മധു,എം.എം നസീർ, ഹൈബി ഈഡൻ എം.പി, എൻ.ശക്തൻ, ജെബി മേത്തർ എം.പി,ബിന്ദു കൃഷ്ണ, ദീപ്തിമേരി വർഗീസ്, വി.പി.സജീന്ദ്രൻ , ബി.എ.അബ്ദുൾ മുത്തലീബ്, പാലോട് രവി, പി.രാജേന്ദ്ര പ്രസാദ്, മുഹമ്മദ് ഷിയാസ്,വി.എസ്.ജോയ്, രാഷ്ട്രീയകാര്യ സമിതി അഗംങ്ങൾ,ഡി.സി.സി പ്രസിഡന്റുമാർ ,എംപിമാർ, എം.എൽ.എ മാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |