നടൻ എന്നതിലുപരി നല്ലൊരു നിർമാതാവുകൂടിയാണ് മണിയൻ പിള്ള രാജു. മലയാള സിനിമയിലെ ഏറ്റവും നല്ല ഭക്ഷണം കൊടുക്കുന്നത് തന്റെ പ്രൊഡക്ഷനിലായിരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം. ഇപ്പോഴും പലരും മോശം ഭക്ഷണം കൊടുക്കുന്നുണ്ടെന്നും കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ മണിയൻ പിള്ള രാജു തുറന്നുപറഞ്ഞു.
'സിനിമയിൽ വന്നിട്ട് അമ്പത് വർഷമായി. മലയാള സിനിമയിലെ ഏറ്റവും നല്ല ഭക്ഷണം കൊടുക്കുന്നത് ഞാനാണ്. നായകൻ ഓറഞ്ച് ജ്യൂസ് കുടിക്കുമെങ്കിൽ എന്റെ യൂണിറ്റിൽ എല്ലാവരും കുടിക്കണം. അല്ലാതെ എല്ലാവരുടെയും മുന്നിൽ നിന്ന് നായകനും നായികയ്ക്കും മാത്രമേ ജ്യൂസ് കൊടുക്കുകയുള്ളൂവെന്ന പരിപാടിയേ നടക്കില്ല. എല്ലാവർക്കും കൊടുക്കണം. ഞാൻ ഇത് കണ്ട് വിഷമിച്ചുനിന്നിട്ടുണ്ട്. നമുക്കൊന്നും കിട്ടില്ല, ഇവനൊക്കെ വയറിളകണേയെന്ന് പ്രാർത്ഥിച്ചിട്ടുണ്ട്.
ഭക്ഷണത്തിൽ കൊതിയുള്ളയാളാണ് ഞാൻ. എഴുപത്തിയഞ്ച് എഴുപത്തിയാറ് കാലഘട്ടത്തിൽ അഭിനയിക്കാൻ ചെന്നപ്പോൾ നസീർ സാറിനെപ്പോലുള്ള നായകന്മാർക്ക് ഫിഷ് ഫ്രൈ, മട്ടൺ എല്ലാം. എന്നെപ്പോലെ തൊട്ടുതാഴെയുള്ളവർക്ക് ബീഫിന്റെ അല്ലെങ്കിൽ മത്തിക്കറിയൊക്കെയായിരിക്കും. എനിക്ക് ഏറ്റവും സങ്കടം വരുന്നത് ലൈറ്റ് ബോയിസിനൊക്കെ രണ്ട് പൊതി കൊടുക്കും. ഒന്നിൽ തൈര് സാദം, മറ്റേതിൽ സാമ്പാർ സാദം, അല്ലെങ്കിൽ ടൊമാറ്റോ റൈസ്. ഇവർ മാറിയിരുന്ന് പിച്ചക്കാർ കഴിക്കുമ്പോലെ കഴിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നും. എന്നെങ്കിലും ജീവിതത്തിൽ സിനിമയെടുക്കുകയാണെങ്കിൽ ഹീറോ കഴിക്കുന്ന ഭക്ഷണം ഇവർക്കും കൊടുക്കുമെന്ന് അന്നുതന്നെ വിചാരിച്ചതാണ്. അതുകൊണ്ട് പത്ത് ലക്ഷം രൂപയുടെ വ്യത്യാസം വരുമായിരിക്കും. പക്ഷേ എന്ത് സന്തോഷമായിട്ടായിരിക്കും അവർ വീട്ടിൽ പോകുന്നത്.
സേലത്ത് നസീർ സാറിനൊപ്പം അഭിനയിക്കുന്ന സമയം. ഇടിക്കോഴിയെന്നുപറയുന്നൊരു സാധനമുണ്ട്. അത് നമ്മുടെ മൂക്കിന്റെയടുത്തുകൂടി കൊണ്ടുപോകുമ്പോൾ നമുക്ക് മണം കിട്ടും. പക്ഷേ നമുക്ക് കഴിക്കാൻ കിട്ടില്ല. നസീർ സാറിനും ബഹദൂർ സാറിനൊക്കെയുള്ളതാണ്. ഒരു ദിവസം ഷോട്ടിന്റെ സമയത്ത് പന്ത്രണ്ടരയ്ക്ക് ഇറങ്ങിവന്നിട്ട് നസീർ സാറിന്റെ മുറിയിൽ കയറി ഇടിക്കോഴിയുടെ ഒരു പിടി വാരിത്തിന്നു. എന്നിട്ട് കുറച്ച് മണ്ണ് വാരിയിട്ടു, ഇളക്കി അടച്ചുവച്ച് പോയി. എന്താണെന്നറിയില്ല ഇതിനകത്തുനിന്ന് വല്ലാതെ മണ്ണ് കടിക്കുന്നെന്ന് നസീർ സാറൊക്കെ പറഞ്ഞു. പിന്നെ പ്രൊഡക്ഷനിലൊക്കെ കുക്കിനെ വഴക്ക് പറയുന്നു. പിൽക്കാലത്ത് ഇക്കാര്യം ഞാൻ നസീർ സാറിനോട് പറഞ്ഞിട്ടുണ്ട്.'- അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |