സച്ചിനും വിരാടിനും ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നാലാം നമ്പർ പൊസിഷനിലെ ബാറ്റർ ആരാകും ?
1992ലാണ് ടെസ്റ്റ് ക്രിക്കറ്റിലെ നാലാം നമ്പർ ബാറ്റിംഗ് പൊസിഷനിൽ സച്ചിൻ ടെൻഡുൽക്കർ ആദ്യമായി ഇറങ്ങുന്നത്. പിന്നീട് 2013ൽ വിരമിക്കുന്നതുവരെ സച്ചിന്റെ സ്വന്തം പൊസിഷനായിരുന്നു നാലാം നമ്പർ. 2013 നവംബറിൽ വെസ്റ്റ് ഇൻഡീസീസിനെതിരായ വാങ്കഡേ ടെസ്റ്റോടെ സച്ചിൻ വിരമിച്ചപ്പോൾ ആ പൊസിഷൻ വിരാട് കൊഹ്‌ലി ഏറ്റെടുത്തു. വിരമിക്കുന്നതുവരെ വിരാടും ആ സ്ഥാനത്തുതന്നെ ബാറ്റിംഗിനിറങ്ങി. ഇരുവരും കളിക്കാൻ ഇല്ലാതിരുന്ന മത്സരങ്ങളിൽ മാത്രമാണ് ഈ പൊസിഷനിൽ മറ്റാർക്കെങ്കിലും കളിക്കാൻ അവസരം ലഭിച്ചത്.
സച്ചിൻ കളിച്ച 200 ടെസ്റ്റുകളിൽ 177 എണ്ണത്തിലും നാലാം നമ്പറിലാണ് ബാറ്റിംഗിന് ഇറങ്ങിയത്. 13,492 റൺസാണ് ഈ പൊസിഷനിൽ നിന്ന് സച്ചിൻ നേടിയത്. 54.40 ബാറ്റിംഗ് ശരാശരിയിൽ 44 സെഞ്ച്വറികളും 58 അർദ്ധസെഞ്ച്വറികളും നാലാമനായിറങ്ങി സച്ചിൻ അടിച്ചുകൂട്ടി. വിരാടും ഒട്ടും മോശമാക്കിയില്ല,160 ഇന്നിംഗ്സുകളിൽ നിന്ന് 7564 റൺസാണ് വിരാട് അടിച്ചുകൂട്ടിയത്. ശരാശരി 50.09.26 സെഞ്ച്വറികളും 21 അർദ്ധ സെഞ്ച്വറികളും നാലാമനായി വിരാട് നേടി.
സച്ചിനും വിരാടും ചേർന്ന് 33കൊല്ലക്കാലം കൊണ്ടുനടന്ന നാലാം നമ്പർ പൊസിഷൻ ഇപ്പോൾ അനാഥമാണ്. ആരെയാണ് ഈ പൊസിഷൻ സെലക്ടർമാരും കോച്ച് ഗൗതം ഗംഭീറും ഏൽപ്പിക്കുകയെന്നതാണ്ചർച്ചാവിഷയം. കെ.എൽ രാഹുൽ, ശുഭ്മാൻ ഗിൽ, സർഫ്രാസ് ഖാൻ, കരുൺ നായർ,ശ്രേയസ് അയ്യർ,ദേവ്ദത്ത് പടിക്കൽ തുടങ്ങിയ പേരുകൾ അന്തരീക്ഷത്തിലുണ്ട്. ഇംഗ്ളണ്ട് പര്യടനമെന്ന വലിയ വെല്ലുവിളി മുന്നിൽ നിൽക്കുമ്പോൾ ബാറ്റിംഗ് പൊസിഷൻ നിർണയിക്കുക വലിയ തലവേദനയാണ്.
രോഹിത് ശർമ്മ കൂടിവിരമിച്ചതിനാൽ യശസ്വി ജയ്സ്വാളിനൊപ്പം ഓപ്പണിംഗിന് ഇറങ്ങാൻ മറ്റൊരാളെ കണ്ടെത്തേണ്ടതുണ്ട്. കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിലെ ബ്രിസ്ബേൻ ടെസ്റ്റിൽ രോഹിത് മദ്ധ്യനിരയിലേക്ക് ഇറങ്ങിയപ്പോൾ ഓപ്പണറായി പരീക്ഷിച്ചത് കെ.എൽ രാഹുലിനെയായിരുന്നു. ഇംഗ്ളണ്ടിലെ പിച്ചിലും രാഹുലിനെ ഓപ്പണറായി കളിപ്പിക്കാനാണ് സാദ്ധ്യത കൂടുതൽ. ചേതേശ്വർ പുജാരയെപ്പോലൊരു പരിചയസമ്പന്നൻ കൈകാര്യം ചെയ്തിരുന്ന മൂന്നാം നമ്പർ പൊസിഷനിലാണ് ശുഭ്മാൻ ഗില്ലിനെ കളിപ്പിക്കുന്നത്. ആ സ്ഥിതിക്ക് ഇവരിൽ ആരെയെങ്കിലും നാലാം നമ്പരിലേക്ക് മാറ്റുകയാണെങ്കിൽ മൊത്തം ബാറ്റിംഗ് ഓർഡറും പുനക്രമീകരിക്കേണ്ടിവരും.
സർഫ്രാസ്, കരുൺ, ദേവ്‌ദത്ത് തുടങ്ങിയ പുതുമുഖങ്ങളെ രണ്ടും കൽപ്പിച്ച് കളിപ്പിക്കാൻ പറ്റുന്ന പൊസിഷനുമല്ല നാലാം നമ്പർ. നങ്കൂരമിട്ട് കളിക്കേണ്ട ഉത്തരവാദിത്വമുണ്ട്. ഇംഗ്ളണ്ടിൽ പേസർമാർക്കെതിരെ പിടിച്ചുനിൽക്കാൻ പരിചയസമ്പത്തും ആവശ്യമുണ്ട്.അജിങ്ക്യ രഹാനെയേയോ, പുജാരയേയോ തിരിച്ചുവിളിക്കാൻ സെലക്ടർമാർ ആഗ്രഹിക്കുന്നില്ലെങ്കിൽ ശ്രേയസ് അയ്യരെ ഈ ഉത്തരവാദിത്വം ഏൽപ്പിക്കാവുന്നതാണ്.
ഇന്ത്യയുടെ ഇംഗ്ളണ്ട് പര്യടനം
5 ടെസ്റ്റുകളാണ് പര്യടനത്തിലുള്ളത്.
ജൂൺ 20മുതൽ ലീഡ്സിൽ ആദ്യ ടെസ്റ്റ്.
ജൂലായ് 2 മുതൽ ബർമിംഗ്ഹാമിൽ രണ്ടാം ടെസ്റ്റ്
ജൂലായ് 10 മുതൽ ലോഡ്സിൽ മൂന്നാം ടെസ്റ്റ്
ജൂലായ് 23 മുതൽ മാഞ്ചസ്റ്ററിൽ നാലാം ടെസ്റ്റ്
ജൂലായ് 31 മുതൽ ഓവലിൽ അവസാനടെസ്റ്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |