തിരുവനന്തപുരം: പെറ്റമ്മയെ കൊലപ്പെടുത്തി ടോയ്ലെറ്റിലൊളിപ്പിച്ച ശേഷം അച്ഛനും സഹോദരിക്കുമൊപ്പം ഉച്ചഭക്ഷണം കഴിച്ച കൊടും ക്രൂരനാണ് കേഡൽ ജിൻസൺ രാജ. നാലു മൃതദേഹങ്ങൾക്കൊപ്പം മൂന്നുദിവസമാണ് കേഡൽ നന്ദൻകോട്ടെ വീട്ടിൽ കഴിഞ്ഞത്. ഓൺലൈനിൽ നിന്ന് മഴു വാങ്ങി യൂട്യൂബിൽ നിന്ന് കഴുത്തിന് വെട്ടുന്ന രീതികൾ പഠിച്ച ശേഷമായിരുന്നു കൂട്ടക്കൊല.
ദാസമ്മ രക്ഷപെട്ടത്
ഭാഗ്യത്താൽ
വീട്ടുവേലക്കാരിയായിരുന്ന ദാസമ്മ, കേഡലിന്റെ കൊലവെറിയിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. കൂട്ടക്കൊലയ്ക്കു ശേഷം മൃതദേഹങ്ങൾ മുകൾനിലയിൽ ഒളിപ്പിച്ചിരിക്കെ, താഴത്തെ നിലയിൽ ദാസമ്മ ഉണ്ടായിരുന്നു. ടി.വിയിൽ വൈകിട്ടത്തെ വാർത്തയും മറ്റ് പ്രോഗ്രാമുകളും കേഡൽ കണ്ടു. വീട്ടുകാരെ അന്വേഷിച്ചപ്പോൾ നാലു പേരും കന്യാകുമാരിയിൽ ടൂറ് പോയെന്നും അടുത്തയാഴ്ചയേ തിരികെ എത്തുകയുള്ളൂവെന്നും അപ്പോൾ വീട്ടിലേക്ക് വന്നാൽ മതിയെന്നും കേഡൽ വേലക്കാരിയോട് പറഞ്ഞു.
രാത്രി എട്ട് വരെയുള്ള ടി.വി സീരിയലുകൾ കണ്ടതിനുശേഷം കോമ്പൗണ്ടിലെ മറ്റൊരു കെട്ടിടത്തിലാണ് ദാസമ്മയും കൂടെയുള്ള വേലക്കാരിയും ഉറങ്ങുന്നത്. അസ്വാഭാവികമായി വീട്ടിൽ പെട്രോളിന്റെ മണം എന്തെന്ന് ചോദിച്ചപ്പോൾ മുകൾ നിലയിൽ മാലിന്യം കൂട്ടിയിട്ട് കത്തിച്ചതാണെന്നായിരുന്നു കേഡൽ പറഞ്ഞത്. മൂന്ന് മുറികളാണ് മുകളിലുള്ളത്. ഇവിടേക്ക് വേലക്കാരികൾക്ക് പ്രവേശനമില്ല. മൂന്നു ദിവസം ഭക്ഷണവും മറ്റും താഴെ നിന്ന് മുകളിലേക്ക് കൊണ്ട് പോവുകയായിരുന്നു കേഡൽ.
ജീൻ പദ്മയ്ക്ക് വസ്തു
നൽകിയ സഹോദരൻ ദൈന്യതയിൽ
തിരുവനന്തപുരം: രോഗിയായ തന്നെ സംരക്ഷിക്കുമെന്ന ഉറപ്പിലാണ് കേഡലിന്റെ മാതൃ സഹോദരനായ ജോസ് സുന്ദരം, ജീൻ പദ്മയ്ക്ക് 4സെന്റ് ഭൂമി നൽകിയത്. തന്റെ ചെലവുകൾക്കായി പ്രതിമാസം 50,000 രൂപ നൽകണമെന്ന വ്യവസ്ഥയിൽ നാലു സെന്റ് സ്ഥലവും വീടും സഹോദരിയായ ജീൻ പത്മയുടെ പേരിൽ എഴുതി നൽകുകയായിരുന്നു. കേഡലിന്റെ വീടിനു തൊട്ടടുത്താണ് ഈ ഭൂമി. കരാർ പ്രകാരം ആദ്യ മാസം 50,000 രൂപ ജോസിനു നൽകി. തൊട്ടടുത്ത മാസമാണ് കേഡൽ അമ്മയെ കൊന്നത്. വീൽചെയറിൽ കഴിഞ്ഞിരുന്ന ജോസിന് ഇതോടെ വരുമാനം നിലച്ചു. ഭൂമിയുടെ അവകാശിയായി മാറിയ കേഡലിനോടു വീടും വസ്തുവും തിരിച്ചുനൽകണമെന്ന് ജോസ് പല തവണ ആവശ്യപ്പെട്ടെങ്കിലും കേഡൽ തയ്യാറായില്ല. ഇതേച്ചൊല്ലി സിവിൽ കേസ് നിലവിലുണ്ട്. ഇപ്പോൾ സുഹൃത്തുക്കളുടെയും മറ്റും സഹായത്തോടെയാണ് ജോസിന്റെ ജീവിതം മുന്നോട്ടുപോകുന്നത്. നന്ദൻകോട് കൂട്ടക്കൊലക്കേസിൽ കേഡലിന് കോടതി വിധിച്ച 15 ലക്ഷം രൂപ പിഴ ജോസിന് നൽകാനാണ് ഉത്തരവ്.
കേഡലിന്റെ ന്യായങ്ങൾ
1. വീട്ടുകാർ ചെറുപ്പം മുതലേ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുമായിരുന്നു.
2. തനിക്ക് മാനസികരോഗമാണെന്ന് പറഞ്ഞ് വീട്ടുകാർ സഹപാഠികളിൽ നിന്ന് അകറ്റി.
3. പഠനത്തിൽ പിന്നാക്കമായതിനാൽ മാതാപിതാക്കൾ നിരന്തരം കുറ്റപ്പെടുത്തുമായിരുന്നു
4. സഹോദരിയോട് മാതാപിതാക്കൾ കൂടുതൽ സ്നേഹം കാട്ടുന്നത് സഹിച്ചില്ല
(പിടിയിലായ ശേഷം പൊലീസിനോട് പറഞ്ഞത്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |